ഐ.പി.എല്‍ ആവേശത്തിന് കൊടിയേറ്റം; മുംബൈ - ചെന്നൈ ടീമുകള്‍ ദുബൈയില്‍ എത്തി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് ആവേശം വിതറി ടീമുകള്‍ എത്തിത്തുടങ്ങി. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍കിങ്സ് താരങ്ങളാണ് വെള്ളിയാഴ്ച യു.എ.ഇയിലെത്തിയത്. മറ്റ് ടീമുകള്‍ അടുത്ത ദിവസങ്ങളിലായി യു.എ.ഇയിലേക്കെത്തും. കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ പാതിവഴിയില്‍ നിലച്ച ടൂര്‍ണമെന്‍റിന്റെ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതലാണ് പുനരാരംഭിക്കുന്നത്.
ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ദുബൈ ടി.എച്ച് 8 പാമിലാണ് ചെന്നൈ ടീം തങ്ങുന്നത്. ചെന്നൈ നായകന്‍ എം.എസ്. ധോണിയും ടീമിനൊപ്പം എത്തിയിട്ടുണ്ട്. രോഹിത് അടക്കം വിദേശ പര്യടനങ്ങളിലും മറ്റ് ടൂര്ണെമന്റുകളിലും കളിക്കുന്ന താരങ്ങള്‍ വൈകി മാത്രമെ ടീമിനൊപ്പം ചേരൂ.
യു.എ.ഇയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനാണ് ഒരുമാസം മുന്‍പേ ടീമുകള്‍ എത്തിയത്. യു.എ.ഇയില്‍ ഇപ്പോള്‍ കനത്ത ചൂടായതിനാല്‍ ഷെഡ്യൂളില്‍ ഉച്ച മത്സരങ്ങള്‍ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും താരങ്ങള്‍ക്ക് പകല്‍ സമയത്തും പരിശീലനമുണ്ടാകും. കഴിഞ്ഞ സീസണിലും ടീമുകള്‍ ഒരുമാസം മുന്‍പേ എത്തിയിരുന്നു. 31 മത്സരങ്ങളാണ് ബാക്കിയുള്ളത്. 13 മത്സരം ദുബൈയിലും പത്തെണ്ണം ഷാര്‍ജയിലും എട്ടെണ്ണം അബൂദബിയിലും നടക്കും. താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മെയ് നാലിനാണ് ഐ.പി.എല്‍ ഇന്ത്യയില്‍ നിര്‍ത്തിവെച്ചത്.
ഇതോടെ പലതാരങ്ങളും പിന്‍മാറിയതിനാല്‍ ടൂര്‍ണമെന്‍റ് നിര്‍ത്തിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ടൂര്‍ണമെന്‍റ് യു.എ.ഇയില്‍ നടത്തിയാല്‍ പങ്കെടുക്കാന്‍ തയാറാണെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ സീസണ്‍ സുരക്ഷിതമായി നടത്തിയ ചരിത്രമുള്ള യു.എ.ഇയിലേക്ക് തന്നെ ഇക്കുറിയും ടൂര്‍ണമെന്‍റ് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ 15ന് ദുബൈയിലാണ് ഫൈനല്‍. ഐ.പി.എല്‍ കഴിഞ്ഞാല്‍ രണ്ട് ദിവസം കഴിഞ്ഞ് ട്വന്‍റി- 20 ലോകകപ്പ് യു.എ.ഇയിലും ഒമാനിലുമായി നടക്കും. അതിനാല്‍, താരങ്ങളെ കാത്തിരിക്കുന്നത് വിശ്രമമില്ലാത്ത ദിവസങ്ങളാണ്.
https://www.facebook.com/Malayalivartha






















