ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഐതിഹാസിക ജയം; ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ മുട്ടുകുത്തിച്ചത് 151 റണ്‍സിന്; പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഐതിഹാസിക ജയം നേടി വിരാട് കോഹ്‌ലിയും സംഘവും.ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടതിന് ശേഷമാണ് ഇന്ത്യന്‍ സംഘം ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് വെന്നിക്കൊടി പാറിച്ചത്. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ 151 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്ബരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തതോടെയാണ് ഇംഗ്ലണ്ടിന് മത്സരം ജയിക്കാന്‍ 272 റണ്‍സ് വിജയലക്ഷ്യം നിശ്ചയിക്കപ്പെട്ടത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് പക്ഷെ ഇന്ത്യയുടെ മികച്ച പേസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുന്ന കാഴ്ചയാണ് കണ്ടത്. ഇംഗ്ലണ്ട് സ്കോര്‍ രണ്ടക്കം കടക്കും മുന്‍പ് തന്നെ ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണര്‍മാരും പവലിയനില്‍ തിരിച്ചെത്തി. ഇരുവര്‍ക്കും റണ്‍ ഒന്നും തന്നെ എടുക്കാന്‍ കഴിഞ്ഞില്ല. റോറി ബേണ്‍സിനെ ബുംറ പുറത്താക്കിയപ്പോള്‍ മറ്റൊരു ഓപ്പണറായ ഡോം സിബ്ലിയെ ഷമിയാണ് പുറത്താക്കിയത്. പിന്നാലെ ഹസീബ് ഹമീദിനെയും, ആദ്യ ടെസ്റ്റിലെ അര്‍ധസെഞ്ചുറി വീരന്‍ ജോണി ബെയര്‍സ്റ്റോയെയും ഇഷാന്ത് ശര്‍മ മടക്കിയതോടെ ഇംഗ്ലണ്ടിന്റെ നിര പരുങ്ങലിലായി. ചായ സമയത്ത് പിരിയുമ്ബോള്‍ 67-4 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് ഇടവേളക്ക് ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റനായ റൂട്ടിനെ ഇന്ത്യന്‍ ക്യാപ്റ്റനായ കോഹ്‌ലിയുടെ കൈകളില്‍ എത്തിച്ച് ബുംറ ഇന്ത്യക്ക് അതിനിര്‍ണായകമായ വിക്കറ്റാണ് സമ്മാനിച്ചത്. 33 റണ്‍സാണ് റൂട്ട് നേടിയത്.
പിന്നീട് സിറാജിന്റെ ഊഴമായിരുന്നു. ഇംഗ്ലണ്ട് സ്കോര്‍ 90ല്‍ നില്‍ക്കെ സിറാജിനെ പന്തേല്‍പ്പിച്ച കോഹ്‌ലിയുടെ തീരുമാനം തെറ്റിയില്ല. മൊയീന്‍ അലിയെയും സാം കറനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ താരം ഇന്ത്യയെ ജയത്തോട് കൂടുതല്‍ അടുപ്പിച്ചു. പിന്നീട് ഇംഗ്ലണ്ട് സമനിലയ്ക്ക് വേണ്ടി പൊരുതാന്‍ തുടങ്ങിയതോടെ കളി വിരസമായി. ബട്ലറും റോബിന്‍സണും കൂടി എട്ടാം വിക്കറ്റില്‍ ചെറിയ ചെറുത്ത്നില്പ് നടത്തി ഇംഗ്ലണ്ട് സ്കോര്‍ 100 കടത്തി. ഇരുവരും പതിയെ അവരുടെ സ്കോര്‍ബോര്‍ഡിലേക്ക് റണ്‍സ് ചേര്‍ത്തുകൊണ്ടിരുന്നു.
എന്നാല്‍ സ്കോര്‍ 120ല്‍ നില്‍ക്കെ ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ ഇന്ത്യക്ക് പിന്നെ ചടങ്ങുകള്‍ തീര്‍ക്കേണ്ട കടമ മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത ഓവര്‍ എറിയാനെത്തിയ സിറാജ് ബട്ലറെയും ആന്‍ഡേഴ്സണെയും മടക്കി ഇന്ത്യന്‍ ജയം സമ്ബൂര്‍ണമാക്കി. ഇംഗ്ലണ്ട് നിരയില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. 33 റണ്‍സെടുത്ത റൂട്ടാണ് ടോപ്സ്കോറര്‍. ഇന്ത്യയുടെ നാല് പേസര്‍മാരാണ് ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളുംനേടിയത്. സിറാജ് നാലും ബുംറ മൂന്നും ഇഷാന്ത് രണ്ട് വിക്കറ്റുകളും നേടിയപ്പോള്‍ ബാക്കി വന്ന ഒരു വിക്കറ്റ് ഷമി സ്വന്തമാക്കി.
നേരത്തെ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഗംഭീര പോരാട്ടം കാഴ്ചവെച്ച ഇന്ത്യന്‍ വാലറ്റത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മത്സരത്തില്‍ മികച്ച ലീഡ് നേടിയെടുക്കാന്‍ സഹായിച്ചത്. ഇംഗ്ലണ്ട് ബൗളര്‍മാരെ വശം കെടുത്തുന്ന പ്രകടനം പുറത്തെടുത്ത ഷമിയും ബുംറയും കൂടി ഒമ്ബതാം വിക്കറ്റില്‍ 89 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇവരുടെ ഈ പ്രകടനമാണ് ഇന്ത്യക്ക് 270 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. ഒമ്ബതാം വിക്കറ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് കുറിച്ചത്. 70 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം ഷമി 56 റണ്‍സ് നേടിയപ്പോള്‍ ഒപ്പം മികച്ച പിന്തുണ നല്‍കിയ ബുംറ 34 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ഇംഗ്ലണ്ട് സ്പിന്നറായ മൊയീന്‍ അലിയെ പടുകൂറ്റന്‍ സിക്സിന് പറത്തിയാണ് ഷമി തന്റെ ടെസ്റ്റിലെ രണ്ടാം അര്‍ധസെഞ്ചുറി കണ്ടെത്തിയത്. സ്കോര്‍ ഇന്ത്യ 364, 298-8, ഇംഗ്ലണ്ട് 391, 120.
https://www.facebook.com/Malayalivartha






















