ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് ദയനീയ തോല്‍വി; തോല്‍വി ഇന്നിങ്‌സിനും 76 റണ്‍സിനും; ഒലി റോബിന്‍സണ് അഞ്ചു വിക്കറ്റ്

ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് ദയനീയ തോല്‍വി. മൂന്നാംദിനം ബാറ്റിംഗ് ലീഡ്‌സ് ടെസ്റ്റിന്റെ നാലാംദിനം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അനിവാര്യമായ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പുജാരയ്ക്കും കോഹ്ലിക്കും സാധിച്ചില്ല. ലോര്‍ഡ്‌സില്‍ ഇന്ത്യ ചെയ്തതിന് ലീഡ്‌സില്‍ ഇംഗ്ലീഷ് പട കണക്കുതീര്‍ത്തു. മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ഇന്ത്യ കീഴടങ്ങിയത്. അഞ്ചു വിക്കറ്റുമായി ഒലി റോബിന്‍സനാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.
ആദ്യ ഇന്നിങ്‌സിലെ കൂട്ടത്തകര്‍ച്ചയ്ക്കുശേഷം രണ്ടാം ഇന്നിങ്‌സില്‍ ചേതേശ്വര്‍ പുജാരയുടെയും രോഹിത് ശര്‍മയുടെയും നായകന്‍ വിരാട് കോഹ്ലിയുടെയും നേതൃത്വത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും പോരാട്ടം അധികം നീണ്ടുനിന്നില്ല. ഇന്ന് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 215 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ കളി ആരംഭിച്ചത്. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച മികച്ച ഇന്നിങ്‌സുമായി കളി തുടര്‍ന്ന പുജാരയുടെ സെഞ്ച്വറിയാണ് ഇന്ത്യന്‍ ആരാധാകരെല്ലാം ഇന്ന് ആദ്യമായി പ്രതീക്ഷിച്ചത്. എന്നാല്‍, പുതിയ പന്തിനു മുന്നില്‍ പതറിയ പുജാരയെ ഇന്നത്തെ നാലാം ഓവറില്‍ തന്നെ റോബിന്‍സന്‍ പിടികൂടി. സെഞ്ച്വറിക്ക് ഒന്‍പതു റണ്‍സുമാത്രം അകലെ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു പുജാര. പുറത്താകുമ്ബോള്‍ 189 പന്തില്‍ 15 ബൗണ്ടറി സഹിതം 91 റണ്‍സാണ് പുജാര നേടിയത്.
ഫോമില്ലായ്മയുടെ കരിനിഴലില്‍നിന്ന് രക്ഷപ്പെടുന്ന സൂചന നല്‍കിയ കോഹ്ലി റോബിന്‍സനെ ഒരു ഓവറില്‍ തന്നെ രണ്ടുതവണ അതിര്‍ത്തി കടത്തി അര്‍ധ സെഞ്ച്വറി കടന്നു. എന്നാല്‍, റോബിന്‍സന്‍ തന്നെ തൊട്ടടുത്ത പന്തില്‍ കോഹ്ലിയുടെ പോരാട്ടം അവസാനിപ്പിച്ചു. റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങുമ്ബോള്‍ 125 പന്തില്‍ എട്ട് ബൗണ്ടറികളോടെ 55 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്‍ നേടിയത്.
പിന്നാലെ അജിങ്ക്യ രഹാനെ(10)യും തിരിച്ചുനടന്നു. ഇത്തവണ ആന്‍ഡേഴ്‌സന്റെ പന്തില്‍ ബട്‌ലറിന് ക്യാച്ച് നല്‍കിയാണ് രഹാനെ മടങ്ങിയത്. ഇന്നിങ്‌സ് തോല്‍വി എന്ന നാണക്കേട് ഒഴിവാക്കാനായി ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ഋഷഭ് പന്ത് പക്ഷെ അടുത്ത ഓവറില്‍ തന്നെ റോബിന്‍സന് തലവച്ചു. വെറും ഒരു റണ്‍സാണ് പന്തിന് നേടാനായത്. തുടര്‍ന്ന് ഇന്നിങ്‌സ് തോല്‍വി എന്ന അനിവാര്യമായ ദുരന്തം ഒഴിവാക്കാനെന്ന വണ്ണം രവീന്ദ്ര ജഡേജ പ്രത്യാക്രമണം ആരംഭിച്ചു. ആന്‍ഡേഴ്‌സനെയും റോബിന്‍സനെയുമെല്ലാം ഇടയ്ക്കിടക്ക് അതിര്‍ത്തി കടത്തി. ഇതിനിടെ മുഹമ്മദ് ഷമിയെ(ആറ്) മോയിന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ ഇശാന്ത് ശര്‍മ(രണ്ട്)യെയും പുറത്താക്കി റോബിന്‍സന്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. ഇതിനിടെ ജഡേജയുടെ പ്രത്യാക്രമണങ്ങള്‍ക്കും അധികം ആയുസുണ്ടായില്ല. ഒവേര്‍ട്ടന്റെ പന്തില്‍ ബട്‌ലറിനു ക്യാച്ച് നല്‍കി മടങ്ങുമ്ബോള്‍ 42 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 30 റണ്‍സ് നേടിയിരുന്നു ജഡേജ. പിന്നാലെ സിറാജിനെയും പുറത്താക്കി ഒവേര്‍ട്ടന്‍ ഇംഗ്ലീഷ് വിജയം യാഥാര്‍ത്ഥ്യമാക്കി.
ആദ്യ ഇന്നിങ്‌സില്‍ ആന്‍ഡേഴ്‌സനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ റോബിന്‍സനായിരുന്നു ഇന്ത്യയുടെ അന്തകന്‍. റോബിന്‍സന്റെ അഞ്ചു വിക്കറ്റിനു പുറമെ ആദ്യ ഇന്നിങ്‌സിലെ പോലെ രണ്ടാം ഇന്നിങ്‌സിലും മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ നേടി ക്രെയ്ഗ് ഒവേര്‍ട്ടന്‍. ആന്‍ഡേഴ്‌സനും മോയിന്‍ അലിയും ഓരോ വിക്കറ്റ് വീതം നേടി.
https://www.facebook.com/Malayalivartha






















