'അശ്വിനെ മാറ്റിനിര്‍ത്തിയത് വിശ്വസിക്കാനാകുന്നില്ല'; നാലാം ടെസ്റ്റില്‍ അശ്വിനെ മാറ്റിനിര്‍ത്തിയതിൽ വിമർശനവുമായി ശശി തരൂരിന്റെ ട്വീറ്റ്

ഇന്നിങ്സ് തോല്‍വിയുടെ മാനക്കേട് രവിചന്ദ്രന്‍ അശ്വിനിറങ്ങി മാറ്റിയെഴുതുമെന്ന ആരാധകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് അവസാന ഇലവനില്‍ നിന്ന് പുറത്തായതില്‍ അരിശവും നിരാശയും പങ്കുവെച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട് ശശി തരൂര്‍ എം.പി. ടീം മാനേജ്മെന്റ് കളിക്കുമുമ്ബ് പുറത്തുവിട്ട അവസാന പട്ടികയില്‍ ഫാസ്റ്റ് ബൗളര്‍മാരായ ഉമേഷ് യാദവിനെയും ഷാര്‍ദുല്‍ താക്കൂറിനെയും വിളിച്ചപ്പോള്‍ സ്പിന്നര്‍ അശ്വിന് പുറത്തായി. ആകെ അവശേഷിച്ച സ്പിന്നറാകട്ടെ അത് രവീന്ദ്ര ജഡേജയും. കഴിഞ്ഞ കളികളില്‍ കാര്യമായി തിളങ്ങാനാകാതെ പോയ ജഡേജക്ക് പകരക്കാരനായി അശ്വിന്‍ എത്തുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്നാല്‍, അവസാന പട്ടികയായപ്പോഴാണ് താരം പുറത്തുതന്നെയെന്ന് ഉറപ്പായത്. ഇതില്‍ രോഷമറിയിച്ചാണ് തരൂരിന്‍റെ പോസ്റ്റ്. മികച്ച ഫോമിലായിട്ടും പരമ്ബരയില്‍ ഇതുവരെ അശ്വിന് അവസരം ലഭിച്ചിട്ടില്ല.
''ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച സ്പിന്‍ സൗഹൃദ മൈതാനത്ത് അവര്‍ അശ്വിനെ മാറ്റിനിര്‍ത്തിയത് വിശ്വസിക്കാനാകുന്നില്ല. ഈ ടീം അവിശ്വസനീയം. ഏറ്റവും മികച്ച അഞ്ചു ബൗളര്‍മാരെ തെരഞ്ഞെടുക്കൂ. അതില്‍ ഒന്നാമനോ രണ്ടാമനോ ആയി അശ്വിനുണ്ടാകും. ഓവലില്‍ താരത്തെയും ഷമിയെയും ഒഴിവാക്കിയത് തോല്‍വി ആഗ്രഹിക്കുന്നതുപോലെയായി' എന്നായിരുന്നു ട്വീറ്റ്.
ഇതിനു താഴെ പ്രതികരണവുമായി എത്തിയവര്‍ കോഹ്ലിയെ മാറ്റി ഇന്ത്യയെ രക്ഷിക്കണമെന്നു വരെ ട്വീറ്റിട്ടു. എന്നാല്‍, ഇംഗ്ലണ്ടും നാലു ഫാസ്റ്റ് ബൗളര്‍മാരെ വെച്ചാണ് കളിക്കുന്നതെന്നും അശ്വിനെ വിളിക്കാത്തത് വിഷയമാക്കേണ്ടതില്ലെന്ന് പ്രതികരിച്ചവരുമുണ്ട്.
https://www.facebook.com/Malayalivartha






















