ടി ട്വന്റി ലോകകപ്പ്; നമീബിയയെ 52 റണ്ണിന് തകര്‍ത്ത് ന്യൂസിലാന്‍ഡ്

ലോക ക്രിക്കറ്റിലെ കുഞ്ഞന്മാരായ നമീബിയയെ 52 റണ്ണിന് തകര്‍ത്ത് ന്യൂസിലാന്‍ഡ് ഐ സി സി ടി ട്വന്റി ലോകകപ്പ് സെമിഫൈനല്‍ പ്രവേശനത്തിലേക്ക് ഒരു ചുവട് കൂടി അടുത്തു. ഈ വിജയത്തോടെ രണ്ടാം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ച ന്യൂസിലാന്‍ഡിന് അടുത്ത മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ കൂടി പരാജയപ്പെടുത്തിയാല്‍ നേരിട്ട് സെമിഫൈനലിലേക്ക് യോഗ്യത നേടാം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍ നേടി. മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍ എടുക്കാനെ നമീബിയക്ക് സാധിച്ചുള്ളൂ. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ന്യൂസിലാന്‍ഡിന്റെ ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും കൂടി ചേര്‍ന്നാണ് നമീബിയയെ തകര്‍ത്തത്.
നേരത്തെ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ന്യൂസിലാന്‍ഡ് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല അവര്‍ക്ക് ലഭിച്ചത്. ടീം സ്കോര്‍ 30ല്‍ നില്‍ക്കുമ്ബോള്‍ ഓപ്പണറായിരുന്ന മാര്‍ട്ടിന്‍ ഗുപ്തില്‍ വീസിന്റെ പന്തില്‍ ട്രമ്ബിള്‍മാനിന് ക്യാച്ച് നല്‍കി പുറത്തായി. 13 റണ്‍ കൂട്ടിച്ചേര്‍ത്തതിനു ശേഷം രണ്ടാമത്തെ ഓപ്പണറായിരുന്ന ഡാരില്‍ മിച്ചലും പുറത്തായി. സ്കോര്‍ 87ല്‍ എത്തിയപ്പോഴേക്കും ന്യൂസിലാന്‍ഡിന് ക്യാപ്ടന്‍ കെയ്ന്‍ വില്ല്യംസണിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഡേവിഡ് കോണ്‍വേയുടേയും വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
അവസാന അഞ്ച് ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്സും ജയിംസ് നീഷാമും കൂടി ചേര്‍ന്ന് അടിച്ചുകൂട്ടിയ 76 റണ്ണിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടാണ് ന്യൂസിലാന്‍ഡിനെ കരക്കയറ്റിയത്. ഫിലിപ്സ് 21 പന്തില്‍ 39ഉം നീഷാം 23 പന്തില്‍ 35 റണ്ണും നേടി.
https://www.facebook.com/Malayalivartha

























