ഉംറാൻ അതിശയിപ്പിക്കുന്ന പ്രതിഭ; ഇന്ത്യൻ യുവ പേസർ ഉംറാൻ മാലിക്കിനെ പ്രശംസിച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ

ഇന്ത്യൻ യുവ പേസർ ഉംറാൻ മാലിക്കിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഉംറാൻ അതിശയിപ്പിക്കുന്ന പ്രതിഭയാണ്. ദീർഘകാലം ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വില്യംസൺ മാധ്യമങ്ങളോട് പറഞ്ഞു. നവംബർ 18 മുതൽ ആരംഭിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉംറാൻ അതിശയിപ്പിക്കുന്ന പ്രതിഭയാണ്. കഴിഞ്ഞ വർഷം ഐപിഎല്ലിൽ അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞു, അദ്ദേഹത്തിന്റെ വേഗത ടീമിന്റെ യഥാർത്ഥ മുതൽക്കൂട്ടായിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര രംഗത്ത് അദ്ദേഹത്തെ കാണുന്നത് അതിശയകരമായ ഉയർച്ചയാണ്. ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ 150 മാർക്ക് ബൗൾ ചെയ്യാനുള്ള കഴിവ് ലഭിക്കുക എന്നത് ആവേശകരമാണ്’ – എന്നും വില്യംസൺ പറഞ്ഞു.
അതോടൊപ്പം തന്നെ സൺറൈസേഴ്‌സ് ഹൈദരാബാദിനായി ഐപിഎല്ലിൽ വില്യംസണിന്റെ നേതൃത്വത്തിലാണ് ഉമ്രാൻ കളിച്ചത്. ടൂർണമെന്റിന്റെ രണ്ടാം പകുതിയിൽ പരുക്കേറ്റ ടി നടരാജന് പകരക്കാരനായി 2021 ൽ യുവ പേസർ ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുകയുണ്ടായി. 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ഉംറാൻ ക്രിക്കറ്റ് ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2022 ഐപിഎൽ പതിപ്പിൽ 157 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഉംറാൻ എല്ലാവരെയും ഞെട്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha