മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍....ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചറിക്കരുത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് 62 റണ്‍സിനാണ് വിജയിച്ചത്
മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചറിക്കരുത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് 62 റണ്‍സിനാണ് വിജയിച്ചത്.
ഗുജറാത്ത് ഉയര്‍ത്തിയ 234 കൂറ്റന്‍ വിജയ ലക്ഷ്യം മുംബൈ 18.2 ഓവറില്‍ 171 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സൂര്യകുമാറിന്റെ(38 പന്തില്‍ 61) അര്‍ദ്ധ സെഞ്ചുറി പ്രകടനം പാഴായിപ്പോയി. ഞായറാഴ്ച ഫൈനലില്‍ ഗുജറാത്ത് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടുകയും ചെയ്യും.
ഇഷാന്‍ കിഷന് പകരം ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങിയ വധേരയെ ആദ്യ ഓവറില്‍ പുറത്താക്കിയ ഷമി മൂന്നാം ഓവറില്‍ നായകന്‍ രോഹിത് ശര്‍മയേയും പുറത്താക്കി. ഇത് മുംബൈക്ക് കനത്ത തിരിച്ചടിയായി മാറി.
14 പന്തില്‍ 43 റണ്‍സെടുത്ത തിലക് വര്‍മയുടെ പ്രകടനം മുംബൈ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ആ പ്രതീക്ഷകള്‍ക്ക് ആയുസ് വളരെ കുറവായിരുന്നു. റാഷിദ് ഖാന്റെ പന്തില്‍ ബൗള്‍ഡ് ആവുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ മറുവശത്ത് സൂര്യകുമാര്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടികൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ 15-ാം ഓവറില്‍ കൂറ്റന്‍ അടിക്ക് ശ്രമിച്ച സൂര്യകുമാറിനെ മോഹിത് ബൗള്‍ഡാക്കി.കാമറൂണ്‍ ഗ്രീന്‍ (20 പന്തില്‍ 30) പൊരുതിയെങ്കിലും ജോഷുവ ലിറ്റിലിന്റെ പന്തില്‍ ബൗള്‍ഡായി. വിഷ്ണു വിനോദ് (7 പന്തില്‍ 5), ടിം ഡേവിഡ് (3 പന്തില്‍ 2), ക്രിസ് ജോര്‍ദന്‍ (5 പന്തില്‍ 2) പിയുഷ് ചൗള (2 പന്തില്‍ 0) എന്നിവര്‍ നിരാശരാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് പതിയെ തുടങ്ങിയെങ്കിലും പിന്നീടങ്ങോട്ട് മുംബൈ ബൗളര്‍മാരെ പഞ്ഞിക്കിടുന്ന കാഴ്ചയാണ് ഗ്രൗണ്ടില്‍ കണ്ടത്.
ഫീല്‍ഡിങ് തിരഞ്ഞെടുത്ത മുംബൈയുടെ തീരുമാനം തെറ്റായി പോയി എന്നും തോന്നിക്കുംവിധമാണ് ഗുജറാത്ത് തകര്‍ത്തടിച്ചത്.
സ്വന്തം മൈതാനത്ത് പടുകൂറ്റന്‍ സ്‌കോറാണ്(233) മുംബൈ ഇന്ത്യന്‍സിനെതിരെ 20 ഓവറില്‍ അടിച്ചുകൂട്ടിയത്. സീസണിലെ മൂന്നാം സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ടൈറ്റന്‍സിനെ ഹിമാലയന്‍ സ്‌കോറിലേക്ക് നയിച്ചത്. 49 പന്തില്‍ സെഞ്ചുറി തികച്ച ഗില്‍ പുറത്താകുമ്പോള്‍ 60 ബോളില്‍ 7 ഫോറും 10 സിക്സറും ഉള്‍പ്പടെ 129 റണ്‍സെടുത്തിരുന്നു. വൃദ്ധിമാന്‍ സാഹ 16 പന്തില്‍ 18 റണ്ണുമായി പുറത്തായപ്പോള്‍ സായ് സുദര്‍ശന്‍ 31 പന്തില്‍ 43 റണ്‍സുമായി റിട്ടയഡ് ഔട്ടായി. പകരമെത്തിയ റാഷിദ് ഖാനും(2 പന്തില്‍ 5*), നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും(13 പന്തില്‍ 28*) മികച്ച ഫിനിഷിംഗുമായി ടൈറ്റന്‍സിനെ 233ലെത്തിച്ചു.
"
https://www.facebook.com/Malayalivartha