ടെസ്റ്റിലും ഏകദിന ആവേശം, അവസാനം സമനില

458 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക കീഴടങ്ങാന്‍ കൂട്ടാകാതിരുന്നതോടെയാണ് പോരാട്ടം കൊഴുത്തത്. അവസാന ഓവര്‍ വരെ ആവേശം തുളുമ്പിയ പോരാട്ടത്തില്‍ സമനിലയായിരുന്നു ഫലം.
അവസാന ഓവര്‍ വരെ ഇരു ടീമുകള്‍ക്കും ഒപ്പത്തിനൊപ്പം വിജയ-പരാജയ സാധ്യതയുണ്ടായിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച റെക്കോഡ് ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടപ്പെട്ടിട്ടും പതറാതെ കളിച്ചതാണ് കളി ആവേശകരമാക്കിയത്. ഫാഫ് ഡുപ്ലെസി(134)യുടെയും ഡിവില്ലി(103)യുടെയും സെഞ്ച്വറികള്‍ അവരെ വിജയത്തിനടുത്തേക്ക് നയിച്ചെങ്കിലും അവസാന 14 ഓവറുകള്‍ക്കിടെ മൂന്നു വിക്കറ്റുകള്‍ വീണത് ദക്ഷിണാഫ്രിക്കയുടെ ധൈര്യം ചോര്‍ത്തി. ഒടുവില്‍ സുരക്ഷിതമായ സമനിലക്കായി അവര്‍ ബാറ്റുവീശിയപ്പോള്‍ അവസാന മൂന്ന് ഓവറില്‍ ഇന്ത്യയും ആശ്വാസം കൊണ്ടു. ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയും(119) രണ്ടാമിന്നിങ്‌സില്‍ 96 റണ്‍സും നേടിയ വിരാട് കോലിയാണ് കളിയിലെ കേമന്‍.
കളിതീരാന്‍ 13 ഓവര്‍ ബാക്കിയുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ 56 റണ്‍സ് മതിയായിരുന്നു. എന്നാല്‍ ഈഘട്ടത്തില്‍ മൂന്നു വിക്കറ്റുകള്‍ വീണതാണ് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ് തടഞ്ഞത്. മത്സരത്തിലേക്ക് തിരിച്ചുവന്ന് വിജയം പിടിക്കാന്‍ ഇന്ത്യക്കും ഇതോടെ അവസരമൊരുങ്ങി. എന്നാല്‍ അവസാന മൂന്ന് ഓവര്‍ വിക്കറ്റു കളയാതെ പിടിച്ചു നിന്ന് ആതിഥേയര്‍ സമനില ഉറപ്പാക്കി. വിജയത്തിന് എട്ടു റണ്‍സ് അകലെ ഒടുവില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു.
സ്‌കോര്‍: ഇന്ത്യ 280, 421; ദക്ഷിണാഫ്രിക്ക 244, 7ന് 450
https://www.facebook.com/Malayalivartha