കോഹ്‌ലിയുടെ സെഞ്ച്വറിയിലും ഇന്ത്യയ്‌ക്ക് തോല്‍വി

ന്യുസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ തോല്‍വിയോടെ തുടങ്ങി. മക്‌ലീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി വൈസ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി(123) സെഞ്ച്വറി നേടിയിട്ടും ഇന്ത്യക്ക് വിജയതീരമണയാനായില്ല. തുടക്കത്തില്‍ തകര്‍ന്നശേഷം വിജയിക്കാവുന്ന നിലയിലേക്ക് ഉയര്‍ന്നെങ്കിലും പിന്നീടുള്ള കൂട്ടത്തകര്‍ച്ചയാണ് ഒന്നാം മത്സരത്തിലെ 24 റണ്‍സ് തോല്‍വിക്കു കാരണം. ബാറ്റു കൊണ്ടും പന്തു കൊണ്ടും തിളങ്ങിയ കോറി ആന്‍ഡേഴ്‌സന്റെ പ്രകടനമാണ് കിവികളുടെ വിജയത്തില്‍ നിര്‍ണായകമായത്. ഏകദിനത്തിലെ അതിവേഗ സെഞ്ച്വറിക്കുടമയായ ആന്‍ഡേഴ്‌സണാണ് വെസ്റ്റീഡീസിനെതിരായ പരമ്പരയില്‍ കിവികളുടെ സൂപ്പര്‍താരം. രണ്ടാം മത്സരം ഹാമില്‍ട്ടണില്‍ നടക്കും.
ടോസ് ജയിച്ച ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംങ് ധോനി ആതിഥേയരെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഓപ്പണര്‍മാരായ ഗപ്‌ടിലിനെയും ജെസ്സി റൈഡറേയും 32 റണ്‍സിനിടെ പുറത്താക്കി ഇന്ത്യ നല്ല തുടക്കം കുറിച്ചെങ്കിലും കെയ്‌ന്‍ വില്യംസ്(71)ന്റെയും മുന്‍ നായകന്‍ റോയ് ടെയ്‌ലറുടേയും അര്‍ധശതകങ്ങളിലൂടെ കിവികള്‍ തിരിച്ചു വന്നു. ഇഷാന്ത് ശര്‍മ, ജഡേജ എന്നിവരുടെ മോശം ബൗളിങ്ങും ആതിഥേയര്‍ക്ക് തുണയായി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടിയേറ്റെങ്കിലും കോലിയും ധോനിയും ചേര്‍ന്ന് ടീമിനെ ജയിപ്പിക്കുമെന്ന നിലവന്നു. നാലിന് 129 എന്ന നിലയിലാണ് ക്യാപ്‌റ്റനും വൈസ് ക്യാപ്‌റ്റനും ഒത്തു ചേര്‍ന്നത്. അഞ്ചാം വിക്കറ്റില്‍ 95 റണ്‍സ് വന്നു. എന്നാല്‍ ഒരോവറില്‍ ധോനിയുടെയും രവീന്ദ്രജഡേജ(0) യുടെയും വിക്കറ്റുകള്‍ തെറിപ്പിച്ച് മക്ലേനാഗനാണ് കിവികളെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. പിന്നീട് കോലിയുടെയും വിക്കറ്റ് നേടി അദ്ദേഹം ടീമിന്റെ വിജയം ഉറപ്പിച്ചു. സൗരവ് ഗാംഗുലിയെ മറികടന്ന് കോലി ഏറ്റവും വേഗം 18 സെഞ്ച്വറി തികയ്‌ക്കുന്ന ഇന്ത്യന്‍ താരമായി മാറി. മുമ്പ് 11 തവണയും കോലിയുടെ സെഞ്ച്വറി വിജയം സമ്മാനിച്ചെങ്കില്‍ നേപ്പിയറില്‍ ആദ്യമായി തോല്‍വി വഴങ്ങി.
ഏഴ് ഏകദിനങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെ കിവികളുടെ ആദ്യ വിജയമാണിത്. 2010ല്‍ ദാംബുളളയിലായിരുന്നു അവസാന വിജയം. മത്സരത്തില്‍ ഷാമിയുടെ പന്തില്‍ ടെയ്‌ലറെ പിടികൂടിയ ധോനി ഏകദിനക്രിക്കറ്റില്‍ 300 ക്യാച്ച് എടുക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കീപ്പര്‍മാരുടെ പട്ടികയില്‍ ധോനി അഞ്ചാം സ്ഥാനത്താണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha