ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനം ഇന്ന് റാഞ്ചിയില്‍

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള നാലാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കും. അഞ്ചു മത്സര പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കമാണ് ഇന്ത്യക്ക് ഈ പരമ്പര.ഇതിനുശേഷം ഇംഗ്‌ളണ്ടിനെതിരെ മൂന്നു മത്സരം മാത്രമേ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫിക്കുമുമ്പ് കളിക്കാന്‍കഴിയുകയുള്ളൂ. അതിനാല്‍തന്നെ കിവികള്‍ക്കെതിരെ ഒരുമത്സരം ശേഷിക്കെതന്നെ പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം.
കിവികള്‍ക്ക് ഇന്ത്യന്‍പര്യടനം ദുഃസ്വപ്നംപോലെയാണ്. മൂന്നു ടെസ്റ്റ്, മൂന്ന് ഏകദിനം എന്നിവയില്‍നിന്നു കിട്ടിയത് ഒരേയൊരു ജയം മാത്രം. ഇതുവരെ തെളിയാത്ത മധ്യനിരയാണ് കിവികളുടെ ദുഃഖം. മധ്യനിരയുടെ കേടുപാടുകള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല. ടീമിലേക്കു തിരിച്ചെത്തിയ കോറി ആന്‍ഡേഴ്‌സണ്‍ ഇതുവരെ നേടിയത് 31 റണ്‍. പ്രത്യാക്രമണംകൊണ്ട് ടെസ്റ്റില്‍ പ്രതീക്ഷ നല്‍കിയ ലൂക്ക് റോങ്കിയുടെ ഏകദിന പരമ്പരയിലെ ബാറ്റിങ് ശരാശരി 2.33. പരിചയസമ്പന്നനായ റോസ് ടെയ്‌ലര്‍ ചെറുതായൊന്നു മിന്നിയത് അവസാന ഏകദിനത്തില്‍ മാത്രം.
ഇന്ത്യക്ക് ആശ്വാസമാണ്. പരീക്ഷണമൊന്നും പാളിയില്ല. ബൌളിങ്‌നിര പ്രതീക്ഷകള്‍ക്ക് അപ്പുറമുള്ള പ്രകടനം പുറത്തെടുത്തു. വിശ്വസിക്കാവുന്ന പേസറായി ജസ്പ്രീത് ബുമ്ര. ഉമേഷ് യാദവ് വേഗത്തിനൊപ്പം കൃത്യതയും കണ്ടെത്തുന്നു. അമിത് മിശ്ര സ്പിന്‍വകുപ്പിനെ മുന്നോട്ടു കൊണ്ടുപോയി. അക്ഷര്‍ പട്ടേലും മിശ്രയും ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും അഭാവം നികത്തി.
ഏറ്റവും വലിയ നേട്ടം ഹാര്‍ദിക് പാണ്ഡ്യയും കേദാര്‍ യാദവുമാണ്. പുതിയ പന്തില്‍ പാണ്ഡ്യ അപ്രതീക്ഷിത പ്രകടനം പുറത്തെടുത്തു. ബാറ്റിങ്ങിലും തിളങ്ങി. ഇടക്കാല ബൌളറെന്ന രീതിയില്‍ കേദാര്‍ പുറത്തെടുത്ത പ്രകടനവും ശ്രദ്ധേയമായി. മനീഷ് പാണ്ഡെയ്ക്കും കേദാറിനും വരുംമത്സരങ്ങളില്‍ കൂടുതല്‍ ബാറ്റ് ചെയ്യാനുള്ള അവസരം നല്‍കുകയാണ് ടീമിന്റെ ലക്ഷ്യം.
അജിന്‍ക്യ രഹാനെയുടെ കാര്യത്തിലാണ് ആശങ്ക. ശിഖര്‍ ധവാനും ലോകേഷ് രാഹുലിനും പരിക്കേറ്റ ഒഴിവില്‍ എത്തിയ രഹാനെ കിട്ടിയ അവസരം പാഴാക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളില്‍ കിട്ടിയ മികച്ച തുടക്കം തുലച്ചെങ്കില്‍ മൂന്നാം ഏകദിനത്തില്‍ രഹാനെ തീര്‍ത്തും മങ്ങി. റാഞ്ചിയില്‍ രഹാനെയെ മാറ്റി മന്‍ദീപ് സിങ്ങിന് അവസരം കൊടുക്കാനാണ് സാധ്യത. ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ് എന്നിവര്‍ക്കും സാധ്യതയുണ്ട്.
റാഞ്ചി സ്പിന്നിനെ തുണയ്ക്കുമെന്നാണ് സൂചന. ടോസ് കിട്ടുന്ന ടീം ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്തേക്കും.
ടീം: ഇന്ത്യ- രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ/മന്‍ദീപ് സിങ്, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ, മഹേന്ദ്ര സിങ് ധോണി, കേദാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍/ജയന്ത് യാദവ്, അമിത് മിശ്ര, ഉമേഷ് യാദവ്/ ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രീത് ബുമ്ര.
ന്യൂസിലന്‍ഡ്- മാര്‍ടിന്‍ ഗുപ്റ്റില്‍, ടോം ലാതം, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ബി ജെ വാറ്റ്‌ലിങ്/ലൂക്ക് റോങ്കി, കോറി ആന്‍ഡേഴ്‌സണ്‍, ജയിംസ് നീഷം/ആന്റണ്‍ ഡെവ്‌സിച്ച്, മിച്ചെല്‍ സാന്റ്‌നെര്‍, ടിം സൌത്തി, ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി.
https://www.facebook.com/Malayalivartha