ധോണിയുടെ ഹമ്മര്‍യാത്രയില്‍ പകച്ച് കിവീസ് താരങ്ങള്‍

റാഞ്ചി തെരുവിലൂടെ കഴിഞ്ഞ ദിവസം ഹമ്മറില്‍ ചുറ്റിയ ധോണി ന്യൂസിലന്‍ഡ് താരങ്ങളെ അമ്പരപ്പിച്ചു. കിവീസിനെതിരായ നാലാം ഏകദിനം സ്വന്തം നാടായ റാഞ്ചിയിലായതിനാല്‍ പരിശീലനത്തിനായി ധോണി ഗ്രൗണ്ടിലേക്ക് പുറപ്പെട്ടത് സ്വന്തം ഹമ്മറിലായിരുന്നു. സ്‌റ്റേഡിയത്തിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ധോണിയുടെ ഹമ്മര്‍ കിവീസ് ടീം സഞ്ചരിച്ചിരുന്ന ബസിനു സമീപം എത്തിയതോടെ ചിത്രം മാറി.
ഹമ്മറില്‍ ഗ്രൗണ്ടിലേക്കു വരുന്ന ഇന്ത്യന്‍ നായകനെ അമ്പരപ്പോടെ ബസിന്റെ കണ്ണാടി ജാലകത്തിലൂടെ നോക്കുന്ന കിവീസ് താരങ്ങളായ റോസ് ടെയ്‌ലറിന്റെയും ടോം ലാതത്തിന്റെയും ചിത്രം ഏതോ വിരുതന്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി.
പിന്നീട് റോസ് ടെയ്‌ലര്‍ ഇതേക്കുറിച്ചു പറഞ്ഞ കമന്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. '' എന്തായാലും ഇവിടെ നിന്നു മടങ്ങുന്നതിന് മുമ്പ് ധോണിയെ സോപ്പിട്ട് ഹമ്മറില്‍ റാഞ്ചിയിലൂടെ ഒന്നു കറങ്ങു''മെന്നായിരുന്നു ടെയ്‌ലറിന്റെ കമന്റ്.
ധോണിയുടെ ഹമ്മര്‍ കണ്ടു അമ്പരന്ന ടെയ്‌ലറിന് പക്ഷേ ഇന്നലെ നാലാം ഏകദിനത്തിനിടെ ഇന്ത്യന്‍ നായകന്റെ മിന്നുന്ന പ്രകടനം കണ്ട് അമ്പരപ്പ് മാത്രമല്ല, ബാറ്റിങ് നിര്‍ത്തി പവലിയനില്‍ പോകേണ്ടിയും വന്നു.
ധോണിയുടെ മിന്നല്‍ നീക്കമാണ് ഇന്നലെ ടെയ്‌ലറെ ഔട്ടാക്കിയത്. നാല്‍പ്പത്തി ആറാം ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 എന്ന നിലയിലായിരുന്നു കിവീസ്. ഹാര്‍ദിക് പാണ്ഡ്യയെ ഫൈന്‍ ലെഗിലേക്ക് ഫഌക്ക് ചെയ്ത ടെയ്‌ലര്‍ റണ്‍സിനായി ഓടി.
ബൗണ്ടറി ലൈനിനരകില്‍ നിന്നു ധവാല്‍ കുല്‍ക്കര്‍ണി പന്ത് പിടിച്ചെടുത്തു കീപ്പറായി ധോണിക്ക് എറിഞ്ഞു നല്‍കുമ്പോള്‍ ആരും ഒരു വിക്കറ്റ് പ്രതീക്ഷിച്ചില്ല. ടെയ്‌ലര്‍ അനായാസം രണ്ടാം റണ്‍ പൂര്‍ത്തിയാക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. എന്നാല്‍ പന്ത് തന്റെ അടുക്കലേക്ക് എത്തുന്നതു വരെ വിക്കറ്റിനു പിന്നില്‍ കാത്തു നില്‍ക്കാതെ ധോണി അപ്രതീക്ഷിതമായി മുന്നോട്ടു കയറി പന്ത് സ്വീകരിക്കുകയായിരുന്നു.
സ്വീകരിച്ച ഉടന്‍ തന്നെ ഗ്ലൗസില്ലാത്ത കൈകൊണ്ട് പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ ധോണി സ്റ്റംപ് തെറിപ്പിച്ചു. ഇന്ത്യന്‍ നായകന്റെ ഈ അപ്രതീക്ഷിത ഫീല്‍ഡിങ്ങില്‍ ബെയ്ല്‍സ് ഇളകുമ്പോള്‍ ക്രീസിന് ഇഞ്ചുകള്‍ മാത്രം അകലെയായിരുന്നു ടെയ്‌ലര്‍.
https://www.facebook.com/Malayalivartha