ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം, ഇരു ടീമുകളും ആത്മവിശ്വാസത്തോടെ

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ബര്‍മിങ്ങാമില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിനാണ് മല്‍സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗംഭീരം വിജയം ഇന്ത്യയ്ക്ക്. ഇന്ത്യയോടു തോറ്റിട്ടും തിരിച്ചുവന്ന് സെമിയില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കി പാക്കിസ്ഥാന്‍. ഇരുടീമുകളും നിസ്സാരക്കാരല്ല. ആത്മവിശ്വാസത്തിന്റെയും സ്ഥിരതയുടെയും മുഖമാണ് ടീം ഇന്ത്യയെങ്കില്‍ വെല്ലുവിളികളെ നേരിടാനുള്ള മനക്കരുത്താണ് പാക്കിസ്ഥാന്റെ മുഖമുദ്ര.
ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും. പോരാട്ടം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകുമ്പോള്‍ ആത്മവിശ്വാസത്തിനു തെല്ലും കുറവു വരുത്തരുതെന്നാണ് കണക്ക്. കളത്തിനു പുറത്തെ വാക്‌പോരിലും ശരീരഭാഷയിലും യഥാര്‍ഥ ചാംപ്യന്മാരെപ്പോലെ തോന്നിക്കണം. എതിരാളിയുടെ മനസ്സില്‍ ആശങ്ക മുളപ്പിക്കണം. കളത്തിലെ ചെറിയൊരു പിഴവിലേക്ക് എതിരാളിയെ വീഴിക്കുന്നതില്‍ ഈ ആത്മവിശ്വാസത്തിന് വലിയ പങ്കുണ്ട്.
ഇപ്പോള്‍ കണക്കിലും കളിയിലും ഇന്ത്യതന്നെ മുന്നില്‍. ഇന്നും അങ്ങനെതന്നെയാകാന്‍ കാത്തിരിക്കാം. വിജയത്തോടെ തുടങ്ങിയ ഇന്ത്യ ഇക്കുറി തോറ്റത് ശ്രീലങ്കയോടു മാത്രം. ഇന്ത്യയോടേറ്റ തോല്‍വിക്കുശേഷം പാക്കിസ്ഥാന്‍ നേടിയതെല്ലാം ജയങ്ങള്‍. ബലാബലത്തിന്റെ കാര്യത്തില്‍ കിടനില്‍ക്കും വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യയും സര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന പാക്കിസ്ഥാനും. ചാംപ്യന്‍സ് ട്രോഫിയുടെ തുടക്കത്തില്‍ കണ്ട പാക്കിസ്ഥാനല്ല ഇന്നത്തെ പാക്ക് ടീം. ഇന്ത്യയോടു തോറ്റ അവര്‍ പിന്നീട് ഏറെ മാറി. ശ്രീലങ്കയില്‍നിന്നു വിജയം പിടിച്ചെടുത്ത അവര്‍ സെമിയില്‍ ഇംഗ്ലണ്ടിനെ കെട്ടിയിട്ടതു വളര്‍ച്ചയുടെ കൃത്യമായ സാക്ഷ്യം. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം യഥാര്‍ഥത്തില്‍ ചാംപ്യന്മാരുടെ പോരാട്ടമായി മാറാം.
കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇന്ത്യയുടെ മുഖപ്രസാദം. റണ്‍പട്ടികയില്‍ ആദ്യ അഞ്ചുപേരില്‍ മൂന്നും ഇന്ത്യക്കാര്‍. ശിഖര്‍ ധവാന്‍(317 റണ്‍സ്) ഒന്നാമതും രോഹിത് ശര്‍മ(304) രണ്ടാമതും കോഹ്‌ലി(253) അഞ്ചാമതും. ബോളിങ്ങിലാകട്ടെ പാക്കിസ്ഥാന്റെ രണ്ടുപേരുണ്ട് ആദ്യ അഞ്ചില്‍. ഹസന്‍ അലി(10 വിക്കറ്റ്) ഒന്നാമതും ഏഴു വിക്കറ്റുള്ള ജുനൈദ് ഖാന്‍ നാലാമതും.
ബാറ്റിങ്ങിലെ ആദ്യ അഞ്ചില്‍ പാക്ക് താരമോ ബോളിങ്ങിലെ ആദ്യ അഞ്ചുപേരില്‍ ഇന്ത്യന്‍ താരമോ ഇല്ല. ഇങ്ങനെയാണെങ്കിലും സന്തുലിതമാണ് ടീമുകള്‍ രണ്ടും. ബാറ്റിങ്ങില്‍ പാക്കിസ്ഥാനോ ബോളിങ്ങില്‍ ഇന്ത്യയോ മോശമല്ല. ഭുവനേശ് കുമാറും ജസിപ്രിത് ബുമ്രയും നല്ല ഫോമില്‍ എറിയുന്നത് പ്രതീക്ഷാഭരിതമാണ്.
https://www.facebook.com/Malayalivartha