സെമികാണിക്കാതെ ആദ്യ ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ച് ഫ്രഞ്ചുപട; ഉറഗ്വായുടെ പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞത് എതിരില്ലാത്ത രണ്ടു ഗോളിന്; അങ്ങനെ റഷ്യയില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി ഫ്രഞ്ചുപട

ക്വാര്‍ട്ടറില്‍ ആദ്യ ചാമ്പ്യന്മാരായ യുറഗ്വായെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെടുത്തി റഷ്യന്‍ ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്. ശക്തമായ യുറഗ്വായ് പ്രതിരോധത്തെ തന്ത്രപരമായി വീഴ്ത്തി നേടിയ രണ്ടു ഗോളുകളുടെ ചിറകിലേറിയാണ് ഫ്രാന്‍സ് ലോകകപ്പ് സെമിഫൈനലില്‍ കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. മല്‍സരത്തിന്റെ ഇരു പകുതികളിലുമായിട്ടായിരുന്നു ഫ്രാന്‍സിന്റെ ഗോളുകള്‍. നാല്‍പ്പതാം മിനിറ്റില്‍ റാഫേല്‍ വരാനെയും, അറുപത്തി ഒന്നാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മനുമാണ് ഫ്രഞ്ചുപടയ്ക്കായി ലക്ഷ്യം കണ്ടത്. ഇതാദ്യമാണ് ലോകകപ്പില്‍ ഫ്രാന്‍സ് യുറഗ്വായെ തോല്‍പ്പിക്കുന്നത്.
നാല്‍പതാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഫ്രീകിക്കില്‍ നിന്ന് റാഫേല്‍ വരാനേയാണ് ഹെഡ്ഡറിലൂടെയായിരുന്നു ആദ്യഗോള്‍. ബന്റകൗര്‍ ടൊലീസോയെ ഫൗള്‍ ചെയ്തതിന് കിട്ടിയ കിക്കാണ് വലതു പാര്‍ശ്വത്തില്‍ നിന്ന് ഗ്രീസ്മാന്‍ ബോക്‌സിലേയ്ക്ക് പായിച്ചത്. രണ്ടാം പകുതിയില്‍ യുറഗ്വായ് വഴങ്ങിയ ഗോളിന് ഉത്തരവാദി അവരുടെ ഗോള്‍കീപ്പര്‍ മുസ്!ലേര മാത്രം. ബോക്‌സിനു വെളിയില്‍ ടൊളീസ്സോയില്‍നിന്ന് ലഭിച്ച പന്ത് ഗോള്‍ലക്ഷ്യമാക്കി തൊടുക്കുമ്പോള്‍ അതു ഗോളാകുമെന്ന് ഗ്രീസ്മന്‍ പോലും കരുതിയിരിക്കാന്‍ സാധ്യത കുറവ്. കയ്യിലൊതുക്കേണ്ട പന്ത് തട്ടിത്തെറിപ്പിക്കാനുള്ള മുസ്!ലേരയുടെ ശ്രമം പിഴച്ചു. കയ്യില്‍ത്തട്ടി തെറിച്ച പന്ത് നേരെ വലയിലേക്ക്. സ്‌കോര്‍ 2-0.
2006ല്‍ റണ്ണറപ്പായശേഷം പന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ് ഫ്രാന്‍സ് ലോകകപ്പിന്റെ സെമി കളിക്കുന്നത്. യുറഗ്വായുടെ പേരുകേട്ട പ്രതിരോധ നിര ഒടുവില്‍ ഫ്രാന്‍സിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെ വന്ന യുറഗ്വായ് പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ പ്രതിരോധത്തിലായ ഫ്രാന്‍സ് പതുക്കെ പതുക്കെ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടത്. ശക്തമായ പ്രതിരോധ നിരയുള്ള ടീമെന്ന ഖ്യാതിയുള്ള യുറഗ്വായുടെ വീക്ക്‌പോയിന്റുകള്‍ മനസ്സിലാക്കിയായിരുന്ന സാവധാനമുള്ള ആ നീക്കം. പരിക്കേറ്റ് എഡിന്‍സണ്‍ കവാനി ഇറങ്ങാതായതോടെ യുറഗ്വന്‍ മുന്നേറ്റ നിരയുടെ മൂര്‍ച്ചയേയും ബാധിച്ചിരുന്നു. സുവാരസിന് ഒറ്റയ്ക്ക് കടന്നെത്താനാവുന്നതായിരുന്നില്ല ഫ്രാന്‍സിന്റെ പ്രതിരോധ കോട്ട. പന്ത് കൈയടക്കം വെക്കുന്നതില്‍ ഫ്രാന്‍സിന് ചെറിയ മുന്‍തൂക്കമാണ് ഉണ്ടായിരുന്നതെങ്കിലും പാസ് കൃത്യതയില്‍ അവര്‍ ഏറെ മുന്നിലായിരുന്നു. തിരിച്ചടിക്കാനുള്ള യുറഗ്വായുടെ ശ്രമം തടുത്തുനിര്‍ത്തിയ ഫ്രഞ്ച് പട, എതിരില്ലാത്ത രണ്ടു ഗോള്‍ വിജയവുമായി സെമിയിലേക്ക്. ഇന്നു രാത്രി നടക്കുന്ന ബ്രസീല്‍–ബല്‍ജിയം മല്‍സരവിജയികളാണ് സെമിയില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍.
https://www.facebook.com/Malayalivartha