ഏറെ നാടകീയതയ്‌ക്കൊടുവില്‍ ആതിഥേയരായ റഷ്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്തി ക്രൊയേഷ്യ സെമി ഫൈനലില്‍; റഷ്യയെ തളച്ചത് പെനല്‍റ്റിയില്‍; ഇംഗ്ലണ്ട് ക്രൊയേഷ്യ സെമിഫൈനല്‍ ബുധനാഴ്ച

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മല്‍സരത്തില്‍ ആതിഥേയരായ റഷ്യയുടെ ലോകകപ്പ് മോഹങ്ങളവസാനിപ്പിച്ച് ക്രൊയേഷ്യ സെമിയില്‍. ഷൂട്ടൗട്ടില്‍ 4-3നാണ് ക്രൊയേഷ്യയുടെ വിജയം. 1998നുശേഷം ഇതാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് സെമിയില്‍ കടക്കുന്നത്. തോറ്റെങ്കിലും മികച്ച പോരാട്ടം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസത്തില്‍ ശിരസുയര്‍ത്തിയാണ് ആതിഥേയരുടെ മടക്കം.
ആദ്യ പകുതിയില്‍ ഇരുടീമുകളും നേടിയ ഓരോ ഗോളില്‍ സമനില പാലിച്ച് മത്സരത്തിന്റെ നിശ്ചിത സമയം അവസാനിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നത്. ഈ ലോകകപ്പ് കണ്ട മികച്ച ഗോളുകളിലൊന്ന് സ്വന്തമാക്കിയ ഡെനിസ് ചെറിഷേവിലൂടെ 31-ാം മിനിറ്റില്‍ റഷ്യയാണ് മല്‍സരത്തില്‍ ആദ്യം ലീഡ് നേടിയത് എന്നാല്‍ 39ാം മിനിറ്റില്‍ ക്രൊയേഷ്യക്കായി ക്രാമറിച്ച് ഗോള്‍ നേടുകയായിരുന്നു. 90ാം മിനിറ്റ് വരെ ഈ ഗോളുകള്‍ക്കപ്പുറം ഇരുടീമുകള്‍ പോകാന്‍ കഴിഞ്ഞില്ല. ഗോളിയെ പോലും കാഴ്ചക്കാരനാക്കിക്കൊണ്ടുള്ളതായിരുന്ന ഗോളിലേക്കുള്ള ചെറിഷേവിന്റെ ഷോട്ട്. ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന ക്വാര്‍ട്ടര്‍ഫൈനലില്‍ ഇതോടെ റഷ്യ മുന്നിലെത്തി. മുപ്പത്തിയൊന്നാം മിനിറ്റിലായിരുന്നു ഗോള്‍.
മധ്യനിരയില്‍നിന്ന് ആകാശത്ത് നിന്ന് പൊട്ടിവീണതു പോലെ കിട്ടിയ പന്ത് സ്യൂബയും ചെറിഷേവും പരസ്പരം കൈമാറി ക്രൊയേഷ്യന്‍ പ്രതിരോധത്തെ നെടുകെ പിളര്‍ന്നു. ഒടുവില്‍ ചെറിഷേവ് ബോക്‌സിന്റെ മുകളറ്റത്ത് നിന്ന് ഓര്‍ക്കാപ്പുറത്തൊരു കരിയില കിക്ക്. പന്ത് പുറത്തേയ്ക്കാണെന്ന് ധരിച്ച് ഗോളി കാഴ്ചക്കാരനായി നില്‍ക്കുന്നു. ഏതോ ഒരു ശക്തി പിടിച്ചുവലിച്ചതു പോലെ പന്ത് പറന്നുവന്ന് വലയില്‍. റഷ്യ മുന്നില്‍. എന്നാല്‍, എട്ട് മിനിറ്റിനുള്ളില്‍ തന്നെ റഷ്യയെ ഞെട്ടിച്ച് ക്രൊയേഷ്യ ഒപ്പമെത്തി. റഷ്യന്‍ പ്രതിരോധത്തെ ഭേദിച്ച് ഇടതു പാര്‍ശ്വത്തിലൂടെ മുന്നേറി മാന്‍സൂകിച്ച് നല്‍കിയ ക്രോസിന് പോസ്റ്റിന് മുന്നില്‍ നിന്ന് തലവയ്‌ക്കേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ ക്രാമറിച്ചിന്. 39ാം മിനിറ്റില്‍ മത്സരം വീണ്ടും ഒപ്പത്തിനൊപ്പം. 11ന് നടക്കുന്ന സെമി പോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ക്രൊയേഷ്യയുടെ എതിരാളികള്‍.
https://www.facebook.com/Malayalivartha