ലുഷ്‌നിക്കിയില്‍ ചരിത്രം പിറന്നു; ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലില്‍; ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും കുറഞ്ഞ ഫിഫ റാങ്കിങ്ങുള്ള ടീമെന്ന നേട്ടവും ക്രൊയേഷ്യക്ക്

ലുഷ്‌നിക്കിയില്‍ പുതിയൊരു ചരിത്രം. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളില്‍ ഇംഗ്ലണ്ടന്റെ ഫൈനല്‍ മോഹങ്ങളെ കാറ്റില്‍ പറത്തി ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍. 1966ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് ഫിഫ റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യയുടെ ചരിത്രനേട്ടം കൈവരിച്ചത്.
അഞ്ചാം മിനിറ്റില്‍ തന്നെ കീറന്‍ ട്രിപ്പിയറുടെ ഞെട്ടുന്ന ഗോളില്‍ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാല്‍, അറുപത്തിയെട്ടാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് സമനില നേടി. എക്‌സ്ട്രാ ടൈമിന്റെ 109ാം മിനിറ്റില്‍ മരിയോ മന്‍സൂക്കിച്ച് ചരിത്രം കുറിച്ച ഗോള്‍ വലയിലാക്കുകയായിരുന്നു.
ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ബോക്‌സിനുള്ളില്‍ലേക്ക് തന്നെ ഉയര്‍ത്തിയടിച്ച് ഇംഗ്ലീഷ് പ്രതിരോധ താരങ്ങള്‍ കാണിച്ച അശ്രദ്ധയാണ് ഗോളിലേക്ക് വഴിവെച്ചത്. ആ പന്ത് അവസാനമെത്തിയത് മന്‍സൂക്കിച്ചിന്റെ കാലിലായിരുന്നു. സ്‌റ്റോണ്‍സിനേയും മറികടന്ന് പിക്ക്‌ഫോര്‍ഡിന് അവസരം നല്‍കാതെ മന്‍സൂക്കിച്ച് വല ചലിപ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം നീങ്ങിയതോടെ ഇംഗ്ലണ്ട്‌ക്രൊയേഷ്യ സെമിഫൈനല്‍ എക്‌സ്ട്രാ ടൈമിലേക്ക് കടന്നു. അഞ്ചാം മിനിറ്റില്‍ ട്രിപ്പിയറിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 68ാം മിനിറ്റില്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ ഒപ്പം പിടിക്കുകയായിരുന്നു.
മനോഹരമായൊരു ഫ്രീ കിക്കിലൂടെ ട്രിപ്പിയര്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിക്കുകയായിരുന്നു. ലിന്‍ഗാര്‍ഡിനെ മോഡ്രിച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീ കിക്ക് നല്‍കിയത്. ബോക്‌സിന്റെ തൊട്ടുപുറത്ത് നിന്നെടുത്ത ഫ്രീ കിക്ക് ഗോള്‍കീപ്പറുട തലയ്ക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു. 2006ല്‍ ഇക്വഡോറിനെതിരെ ഡേവിഡ് ബെക്കാം ഫ്രീ കിക്കിലൂടെ ഗോള്‍ നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം വീണ്ടും ആ നേട്ടം ആവര്‍ത്തിക്കുന്നത്.
68ാം മിനിറ്റില്‍ സാഹസികമായൊരു ഷോട്ടിലൂടെയായിരുന്നു പെരിസിച്ചിന്റെ ഗോള്‍. ലോകകപ്പില്‍ ആദ്യമായി സമ്പൂര്‍ണ ഫോമിലേക്കുയര്‍ന്ന മുന്‍നിരയിലെ പെരിസിച്ച്–മാന്‍സൂക്കിച്ച് സഖ്യവും ക്രൊയേഷ്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഗോളുകള്‍ നേടിയതും ഇവര്‍ തന്നെ. ഇംഗ്ലണ്ട് താരം എറിക് ഡെയറിന്റെ ഹെഡര്‍ ഗോള്‍ലൈനിനരികില്‍ ഹെഡ് ചെയ്ത രക്ഷപ്പെടുത്തിയ സിമെ വ്രസാല്‍കോയുടെ പ്രകടനത്തിനും നല്‍കണം കയ്യടി. ഗോള്‍കീപ്പര്‍ സുബാസിച്ചിന്റെ നീട്ടിയ കൈകള്‍ക്കപ്പുറത്തുകൂടി വലയിലേക്ക് നീങ്ങിയ പന്താണ് വ്രസാല്‍കോ രക്ഷപ്പെടുത്തിയത്. പെരിസിച്ച് നേടിയ ആദ്യഗോളിന് പന്തെത്തിച്ചതും വ്രസാല്‍കോ തന്നെ. 1998ല്‍ ആദ്യ ലോകകപ്പില്‍ സെമിയില്‍ തോറ്റെങ്കിലും മൂന്നാം സ്വന്തമാക്കി മടങ്ങിയ ക്രൊയേഷ്യയ്ക്ക്, ആദ്യ ലോകകിരീടം നേടാനുള്ള സുവര്‍ണാവസരമാണ് ഒരു മല്‍സരമകലെ കാത്തിരിക്കുന്നത്.
1998ലെ മൂന്നാം സ്ഥാനമായിരുന്ന ക്രൊയേഷ്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ഇതിനുശേഷം ഗ്രൂപ്പ് റൗണ്ടിനപ്പുറത്തെത്താന്‍ കഴിയാതിരുന്നവരാണ് ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് ഫൈനലിലത്തിയത്. ഇതോടെ ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും കുറഞ്ഞ ഫിഫ റാങ്കിങ്ങുള്ള ടീമായിരിക്കുകയാണ് ക്രൊയേഷ്യ.
ജൂലൈ 15ന് രാത്രി ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. അതിനു മുന്നോടിയായി ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ട് ബല്‍ജിയത്തെ നേരിടും. ഗ്രൂപ്പുഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ബല്‍ജിയത്തിനായിരുന്നു.
https://www.facebook.com/Malayalivartha