മുൻ ലോക ചാമ്പ്യയൻമാരുടെ വിധി നാണം കെട്ട തോൽവി ; കൊറിയയോട് പരാജയപ്പെട്ട ജർമനി നാട്ടിലേക്ക് മടങ്ങുന്നത് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി

കഴിഞ്ഞ ലോകകപ്പിൽ ബ്രസീൽ പോലൊരു ടീമിനെ നാണം കെടുത്തിയവരാണ് ജർമനി. പക്ഷെ ഈ ലോകകപ്പിൽ കൊറിയയെ പോലൊരു ടീമിനോട് നാണം കെടാനായിരുന്നു മുൻ ലോക ചാമ്പ്യയൻമാരുടെ വിധി. കൊറിയയ്‌ക്കെതിരായ നിർണായക മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുൻ ലോക ചാമ്പ്യന്മാർ അടിയറവു പറഞ്ഞത്. 92ാം മിനിറ്റിൽ കിം യുങ് ഗ്വോണും 96ാം മിനിറ്റിൽ സൺ ഹിയൂങ് മിന്നുമാണ് കൊറിയക്കായി ഗോൾ നേടിയത്.
2002ൽ ഫ്രാൻസും, 2014ൽ സ്പെയിനും നേരിട്ട നാണക്കേടാണ് നിലവിൽ വിശ്വകിരീടം കൈവശം വച്ചിരിക്കുന്ന ജർമനിക്കും വന്നുചേർന്നിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ലോകഫുട്ബാളിലെ കരുത്തന്മാരായ ജർമനി ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടിൽ നിന്നും പുറത്താകുന്ന്. ഇതിനു മുമ്പ് 1938ലെ ലോകകപ്പിലായിരുന്നു ജർമനി ആദ്യ റൗണ്ടിൽ പുറത്തായത്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലോകകപ്പ് മത്സരങ്ങൾ ക്രമീകരിച്ച ശേഷം ആദ്യമായാണ് ജർമനി പ്രാഥമിക റൗണ്ടിൽ പുറത്താകുന്നത്.
ഇതോടെ മരണ ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന ഗ്രൂപ്പ്-എഫിൽ നിന്നും ആറു പോയിന്‍റ് വീതം കരസ്ഥമാക്കി സ്വീഡനും മെക്സിക്കോയും പ്രീക്വാർട്ടറിൽ കടന്നു. സ്വീഡൻ ഒന്നാം സ്ഥാനക്കാരായപ്പോൾ മെക്സിക്കോ രണ്ടാമതെത്തി. കൊറിയയോട് പരാജയപ്പെട്ട ജർമനി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് നാട്ടിലേക്ക് മടങ്ങുന്നത്.
https://www.facebook.com/Malayalivartha