നാളെ മുതല്‍ ജയിക്കുന്നവര്‍ക്കു മാത്രം ഇടം... ഭാഗ്യവും മിടുക്കുമുള്ളവര്‍ക്ക് ഇനി മുന്നേറാം... റഷ്യ ലോകകപ്പിന്റെ ആവേശകരമായ രണ്ടാം ഘട്ടത്തിന് നാളെ മുതല്‍ കിക്കോഫ്

റഷ്യ ലോകകപ്പിന്റെ ആവേശകരമായ രണ്ടാം ഘട്ടത്തിന് നാളെ മുതല്‍ കിക്കോഫ്. ജയിക്കുന്നവര്‍ക്കു മാത്രമാണ് ഇനി സ്ഥാനമുള്ളത്. സമനിലയുടെ വിരസതക്ക് വിരാമമിടാന്‍ ഷൂട്ടൗട്ടിന്റെ ഭാഗ്യപരീക്ഷണം. ഭാഗ്യവും മിടുക്കുമുള്ളവര്‍ക്ക് ഇനി മുന്നേറാം. 32 ടീമുകളും എട്ട് ഗ്രൂപ്പുകളും 15 ദിവസവും നീണ്ട പ്രാഥമിക റൗണ്ട് പോരാട്ടത്തിന് അന്ത്യമായി.
നാളെ മുതല്‍ 16 ടീമുകള്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബൂട്ടണിയും. ഗ്രൂപ് 'സി' ജേതാക്കളായ ഫ്രാന്‍സും ഗ്രൂപ് 'ഡി' റണ്ണര്‍ അപ്പായ അര്‍ജന്റീനയും തമ്മിലാണ് ആദ്യ മത്സരം.
ശനിയാഴ്ച രാത്രി 7.30ന് കസാനില്‍ കിരീട ഫേവറിറ്റുകളില്‍ ഒരാളുടെ വിധി നിശ്ചയിക്കപ്പെടും. തൊട്ടുപിന്നാലെ സോച്ചിയില്‍ ഗ്രൂപ് 'എ' ജേതാക്കളായ ഉറുഗ്വായും 'ബി' റണ്ണര്‍അപ്പായ പോര്‍ച്ചുഗലും ഏറ്റുമുട്ടും.
ഗ്രൂപ്പില്‍ രണ്ടു ജയവും ഒരു സമനിലയുമായി ഒന്നാമതായാണ് ഫ്രാന്‍സിന്റെ വരവെങ്കില്‍ അവസാന കളിയിലെ ത്രസിപ്പിക്കുന്ന ജയത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് അര്‍ജന്റീനയുടെ ഉയിര്‍ത്തെഴുന്നേല്‍പ്. നൈജീരിയക്കെതിരായ കളിയില്‍ വീണ്ടെടുത്ത ആത്മവിശ്വാസവും പ്ലെയിങ് ഫോര്‍മേഷനും കരുത്തരായ ഫ്രാന്‍സിനെ നേരിടാന്‍ അര്‍ജന്റീനക്ക് തുണയാവും.
എന്നാല്‍, താരപ്പടയുടെ ഫ്രാന്‍സ് ഇതുവരെ യഥാര്‍ഥ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നതാണ് ക്ഷീണം.
https://www.facebook.com/Malayalivartha