ക്ഷയത്തെ കീഴടക്കി, രണ്ടാംജന്‍മവുമായി തിയാഗോ

2005-ല്‍ പോര്‍ട്ടോയില്‍ നിന്ന് റഷ്യയിലെ ഡൈനാമോ മോസ്‌കോയിലേക്ക് എത്തിയതോടെ തിയാഗോ സില്‍വയ്ക്ക് കലശലായ നെഞ്ചുവേദന തുടങ്ങി. ഡോക്ടറെ കാണിച്ചപ്പോഴാണ് ക്ഷയമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് അഞ്ചു മാസം മോസ്‌കോയിലെ ആശുപത്രിയില്‍.
റഷ്യയിലെ കൊടും തണുപ്പില്‍ രോഗം മൂര്‍ച്ഛിച്ചതിനാല്‍ തിയാഗോയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കംചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. തന്റെ കരിയര്‍ അവസാനിക്കുകയാണോ എന്ന് ആശങ്കപ്പെട്ട തിയാഗോ തന്റെ രക്ഷയ്‌ക്കെത്താന്‍ മാലാഖമാരോട് ഉള്ളഴിഞ്ഞു പ്രാര്‍ഥിച്ചിട്ടുണ്ടാവണം. മാലാഖമാര്‍ ആ പ്രാര്‍ഥന കേട്ടു എന്നു തന്നെ കരുതാം. മൂന്നു പേരുടെ രൂപത്തില്‍ അവര്‍ സില്‍വയ്ക്കായി ഭൂമിയിലെത്തി. തിയാഗോയുടെ അമ്മ എയ്ഞ്ചല്‍, ഭാര്യ ഇസബെല്‍, ഡൈനാമോ മോസ്‌കോയുടെ കോച്ച് ഇവോ വോര്‍ട്മാന്‍ എന്നിവരുടെ രൂപത്തില്‍.
ശസ്ത്രക്രിയയില്‍നിന്ന് തിയാഗോയെ വിലക്കിയത് ഇവര്‍ മൂന്നുപേരുമാണ്. പിന്നീട് രോഗത്തോടു പോരാടി വിജയിച്ചു പുറത്തുവന്നപ്പോള്‍ തിയാഗോ ഫുട്‌ബോള്‍ മൈതാനത്തുനിന്ന് ഏറെ അകലത്തായി കഴിഞ്ഞിരുന്നു. ഫിറ്റ്‌നസ് നഷ്ടമായതിനാല്‍ ടീമിലെടുക്കാന്‍ ആരും തയാറായില്ല. കളി നിര്‍ത്തുകയാണ് എന്നു തീരുമാനിച്ച തിയാഗോയുടെ മുന്നില്‍ അമ്മ എയ്ഞ്ചല്‍ ഒരു നിബന്ധന വച്ചു; കളി നിര്‍ത്തിയാല്‍ സഹോദരന്റെ പഠനച്ചെലവിന് പണം കണ്ടെത്തണം. അതോടെ തിയാഗോ വീണ്ടും കളിക്കാന്‍ ഉറച്ചു.
2006-ല്‍ തിയാഗോ വീണ്ടും വോര്‍ട്മാനു കീഴില്‍ കളിക്കാനെത്തി; ഇത്തവണ ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ലുമിനെന്‍സെയില്‍.2009-ല്‍ ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനിലേക്ക് തിയാഗോ കൂടുമാറി, 2012-ല്‍ പിഎസ്ജിയിലേക്കും. മുന്‍നിര ക്ലബ്ബുകളുടെ പ്രതിരോധക്കോട്ട കാത്ത സില്‍വ കഴിഞ്ഞദിവസം ബ്രസീലിനായി ഗോള്‍നേടി. നിശ്ചയദാര്‍ഢ്യം കൊണ്ട് ക്ഷയരോഗത്തെ മറികടന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ ലോകകപ്പ് കിരീടനേട്ടം തനിക്ക് അസാധ്യമല്ല എന്ന് തിയാഗോയും തിരിച്ചറിയുന്നു.
https://www.facebook.com/Malayalivartha