മെസിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനയ്ക്ക് ജയം
ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അമേരിക്കയെ തോല്‍പ്പിച്ചപ്പോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ദുര്‍ബലരായ ഗ്വാട്ടിമാലയെ വീഴ്ത്തി. ലോകകപ്പിലെ മോശം പ്രകടനവും കോച്ച് സാംപോളിയെ പുറത്താക്കിയതും മെസിയുടെ അഭാവവും എല്ലാം മറന്നു പൊരുതിയ അര്‍ജന്റീന അനായാസം ഗ്വാട്ടിമാലയെ മറികടക്കുകയായിരുന്നു.
ലോക റാങ്കിംഗില്‍ 146ാം സ്ഥാനക്കാരായ ഗ്വാട്ടിമാല ലാറ്റിനമേരിക്കന്‍ കരുത്തര്‍ക്ക് ഒരു വെല്ലുവിളിയും ഉയര്‍ത്തിയില്ല. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ജിയോവാനി സിമയോണി അര്‍ജന്റീനയ്ക്ക് വേണ്ടി സ്കോര്‍ ചെയ്തു. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും സ്കോര്‍ ചെയ്യപ്പെട്ടത്. 27ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോണ്‍സാലോ നിക്കോളാസ് മാര്‍ട്ടിനസാണ് സ്കോറിംഗ് തുടങ്ങിയത്. 35ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയും 44ാം മിനിറ്റില്‍ ജിയോവാനി സിമയോണിയും ഗ്വാട്ടിമാലയുടെ വലയില്‍ പന്തെത്തിച്ചു. മെസിക്ക് പുറമേ ഗോണ്‍സാലോ ഹിഗ്വയിന്, എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡൈബാല, സെര്‍ജിയോ അഗ്യൂറോ എന്നിവരെയെല്ലാം പുറത്തിരുത്തിയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്.
അതേസമയം അമേരിക്കയെ അവരുടെ നാട്ടില്‍ വച്ചാണ് ബ്രസീല്‍ കെട്ടുകെട്ടച്ചത്. സൂപ്പര്‍ താരം നെയ്മറും സ്െ്രെടക്കര്‍ ഫിര്‍മിനോയും മഞ്ഞപ്പടയ്ക്ക് വേണ്ടി ഗോള്‍ സ്കോര്‍ ചെയ്തു. രണ്ടു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. പതിനൊന്നാം മിനിറ്റില്‍ ഫിര്‍മിനോയാണ് സ്കോറിംഗ് തുടങ്ങിയത്. ഡഗ്ലസ് കോസ്റ്റയുടെ ക്രോസില്‍ നിന്നായിരുന്നു ലിവര്‍പൂള്‍ സ്െ്രെടക്കറുടെ ഗോള്‍ വന്നത്. 44ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു നെയ്മറുടെ ഗോള്‍. 91ാം മത്സരത്തിലെ 58ാം ഗോളാണ് നെയ്മര്‍ ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് മൈതാനത്ത് സ്കോര്‍ ചെയ്തത്. പെലെ (77), റൊണാള്‍ഡോ (62) എന്നിവര്‍ മാത്രമാണ് ബ്രസീലിന്റെ ഗോള്‍ വേട്ടക്കാരില്‍ നെയ്മര്‍ക്ക് മുന്നിലുള്ളത്.
https://www.facebook.com/Malayalivartha