ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗറിന് നാല് വര്‍ഷം വിലക്ക്
ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗറിന് നാല് വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ)യാണ് മന്‍പ്രീതിനെ വിലക്കിയത്. ഇതോടെ 2017ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണവും ചൈനയിലെ ഷിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രിക്സില്‍ കുറിച്ച പുതിയ ദേശീയ റെക്കോഡും മന്‍പ്രീതിന് നഷ്ടമാകും. 2017ല്‍ നടന്ന നാല് അത്ലറ്റിക് മീറ്റുകളിലേയും ഉത്തേജക പരിശോധനയില്‍ ഇന്ത്യന്‍ താരം പരാജയപ്പെട്ടിരുന്നു.
2017 ജൂലൈ 20 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന് അഗര്‍വാള്‍ വ്യക്തമാക്കി. അതേസമയം വിലക്കിനെതിരെ മന്‍പ്രീതിന് അപ്പീല്‍ സമിതിയെ സമീപിക്കാം. 2017 ഏപ്രിലില്‍ ഷിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രിക്സില്‍ 18.86 മീറ്റര്‍ ദൂരം ഷോട്ട്പുട്ട് എറിഞ്ഞാണ് മന്‍പ്രീത് ദേശീയ റെക്കോഡ് സ്ഥാപിച്ചത്. ഇതിന് പിന്നാലെ ജൂണില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന് കപ്പിലും ജൂലൈയിലെ ഭുവനേശ്വര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മന്‍പ്രീത് ഒന്നാമതെത്തി.
ജൂലായില്‍ തന്നെ ഗുണ്ടൂരില്‍ നടന്ന അന്ത:സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും മന്‍പ്രീത് സ്വര്‍ണം നേടിയിരുന്നു. ഈ സമയങ്ങളില്‍ ശേഖരിച്ച സാംപിളുകളെല്ലാം ഉത്തേജക മരുന്ന് പരിശോധയില്‍ പോസീറ്റീവ് ആണെന്ന് തെളിയുകയായിരുന്നു.
https://www.facebook.com/Malayalivartha