ദേശീയ ഗെയിംസില്‍ കഴിഞ്ഞദിവസത്തെ മികവ് നിലനിര്‍ത്താനാകാതെ കേരളം... ഒരു വെള്ളിയും രണ്ട് വെങ്കലവും അടക്കം ഇന്നലെ മൂന്ന് മെഡല്‍മാത്രമാണ് ലഭിച്ചത്, 41 മെഡലോടെ എട്ടാംസ്ഥാനത്താണ് കേരളം

ദേശീയ ഗെയിംസില്‍ കഴിഞ്ഞദിവസത്തെ മികവ് നിലനിര്‍ത്താനാകാതെ കേരളം. ഒരു വെള്ളിയും രണ്ട് വെങ്കലവും അടക്കം ഇന്നലെ മൂന്ന് മെഡല്‍മാത്രമാണ് ലഭിച്ചത്. ഇതോടെ 11 സ്വര്‍ണവും 15 വെള്ളിയും 15 വെങ്കലവുമായി 41 മെഡലോടെ എട്ടാംസ്ഥാനത്താണ് കേരളം.
60 സ്വര്‍ണവും 48 വെള്ളിയും 53 വെങ്കലവുമായി മഹാരാഷ്ട്രയാണ് മുന്നില്‍. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസ് രണ്ടാമതുണ്ട്. ട്രാക്കില്‍ കേരളത്തിന് നിരാശയുടെ ദിനമായിരുന്നു. 200 മീറ്ററില്‍ പി ഡി അഞ്ജലി ഏഴാമതായി (24.83). ഒഡിഷയുടെ ശ്രാബണി നന്ദയ്ക്കാണ് സ്വര്‍ണം (23.69). 800 മീറ്ററില്‍ ജെ റിജോയ് ഏഴാമതായി. ട്രിപ്പിള്‍ജമ്പില്‍ സര്‍വീസസിന്റെ മലയാളിതാരം എ ബി അരുണ്‍ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി (16.79 മീറ്റര്‍).
തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ അരുണ്‍ കൊച്ചി നേവിയിലാണ്. സര്‍വീസസിന്റെ മലയാളിതാരം കാര്‍ത്തിക് ഉണ്ണിക്കൃഷ്ണനാണ് വെള്ളി (16.57). എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കാര്‍ത്തിക് പാലക്കാട് സ്വദേശിയാണ്. കേരളത്തിന്റെ ആകാശ് എം വര്‍ഗീസ് ആറാമതായി. നീന്തലില്‍ സജന്‍ പ്രകാശ് രണ്ട് മെഡല്‍കൂടി നേടി. 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും (8:15.64) 50 മീറ്റര്‍ ബട്ടര്‍ ഫ്‌ലൈയില്‍ (24.78) വെങ്കലവുമാണ് സ്വന്തമാക്കിയത്. സജന് രണ്ട് സ്വര്‍ണം ഉള്‍പ്പെടെ ഏഴ് മെഡലായി.
https://www.facebook.com/Malayalivartha