വേഗത്തിന്റെ അവസാന വാക്കിന് തിരശ്ചീല... അവസാന മത്സരത്തില്‍ ട്രാക്കില്‍ കാലിടറി വീണു; ആരാധകരെ നൊമ്പരത്തിലാക്കി ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ നിന്നും വിട പറഞ്ഞു

മെഡല്‍പ്പട്ടികയില്‍ ഇടം നേടാനാകാതെ കാലിടറി വീണ് ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് ട്രാക്കൊഴിഞ്ഞു. വിടവാങ്ങല്‍ മല്‍സരത്തില്‍ ബോള്‍ട്ടിനും ടീമിനും സ്വര്‍ണമോ വെള്ളിയോ എന്ന് കായിക ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ , വിധി സൂപ്പര്‍താരത്തിനായി കരുതിവച്ചത് തീര്‍ത്തും അപ്രതീക്ഷിതമായൊരു വിടവാങ്ങല്‍. അവസാന ലാപ്പില്‍ ബോള്‍ട്ടിന് ബാറ്റണ്‍ ലഭിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കന്‍ ടീം. ബോള്‍ട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും വെല്ലുവിളി ഉയര്‍ത്തി കുതിക്കുന്നു.
ലോകം എന്നും ആരാധനയോടെ കണ്ട ആ സ്വതസിദ്ധമായ ശൈലിയില്‍ ബോള്‍ട്ട് സ്വര്‍ണത്തിലേക്ക് ഓടിക്കയറുന്ന കാഴ്ചയ്ക്കായി ആരാധകര്‍ കാത്തിരിക്കവെ, പ്രതീക്ഷയ്‌ക്കൊത്ത് ബോള്‍ട്ട് കുതിക്കാനാരംഭിച്ചു. എന്നാല്‍, അല്‍പദൂരം പിന്നിട്ടപ്പോഴേക്കും വേഗം കുറച്ച ബോള്‍ട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടിയതോടെ ആരാധകരുടെ മനസില്‍ വെള്ളിടി വെട്ടി. ബ്രിട്ടന്റെയും അമേരിക്കയുടെ താരങ്ങള്‍ മെഡലിലേക്ക് ഓടിക്കയറുമ്പോള്‍ ബോള്‍ട്ട് വേദന സഹിക്കാനാകാതെ ട്രാക്കിലേക്കു വീണു.
ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന എതിരാളികളെ പാളി നോക്കിയശേഷം വേദനയോടെ ട്രാക്കിലേക്ക് മുഖം പൂഴ്ത്തി ബോള്‍ട്ട് സങ്കടപ്പെടുന്ന കാഴ്ച കായിക പ്രേമികള്‍ക്ക് നൊമ്പര കാഴ്ചയായി.
കരിയറിലെ അവസാന മല്‍സരത്തിനിറങ്ങിയ ഉസൈന്‍ ബോള്‍ട്ടിന്റെ മികവിലാണ് ജമൈക്ക ഫൈനലില്‍ കടന്നത്. സീസണില്‍ തങ്ങളുടെ ഏറ്റവും മികച്ച സമയം (37.95 സെക്കന്‍ഡ്) കുറിച്ചാണ് ജമൈക്ക സെമിഫൈനല്‍ ഹീറ്റ്‌സില്‍ ഒന്നാമതെത്തിയത്. അവസാന ലാപ്പ് ഓടിയ ബോള്‍ട്ട് അനായാസം ടീമിനെ വിജയത്തിലെത്തിച്ചു. ഫ്രാന്‍സ്, ചൈന എന്നിവരാണ് പിന്നിലായത്. ഈ വര്‍ഷത്തെ മികച്ച സമയം കുറിച്ചാണ് അമേരിക്കയും ഫൈനലിലെത്തിയത്. 100 മീറ്ററില്‍ ബോള്‍ട്ടിനു മുന്നില്‍ വെള്ളി നേടിയ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ഉള്‍പ്പെട്ട ടീം 37.70 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കി.
വേഗം കൊണ്ട് ലോകത്തെ കോരിത്തരിപ്പിച്ച സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് പരുക്കേറ്റ് പിന്‍മാറിയ 4–100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം ആതിഥേയരായ ബ്രിട്ടന്. 37.47 സെക്കന്‍ഡില്‍ ഓടിയെത്തിയതാണ് ബ്രിട്ടന്റെ സ്വര്‍ണം നേട്ടം. 100 മീറ്ററിലെ സ്വര്‍ണ, വെള്ളി മെഡല്‍ ജേതാക്കളെ അണിനിരത്തിയ അമേരിക്ക 37.52 സെക്കന്‍ഡില്‍ വെള്ളി നേടി. 38.02 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കിയ ജപ്പാന്‍ വെങ്കലം നേടി.
വനിതാ വിഭാഗം 4100 മീറ്റര്‍ റിലേയില്‍ 41.82 സെക്കന്‍ഡില്‍ ഓടിയെത്തി അമേരിക്ക സ്വര്‍ണം നേടി. ആതിഥേയരായ ബ്രിട്ടന്‍ വെള്ളിയും (42.12), ജമൈക്ക വെങ്കലവും നേടി.
https://www.facebook.com/Malayalivartha