ഭുമിക്കടിയിലെ വിസ്മയങ്ങൾ തേടി

ഭൂമിക്കടിയിൽ പാതാളം എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ഭൂമിക്കടിയിലൂടെയുള്ള ഒരു യാത്രയെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ല അല്ലെ. എന്നാൽ ഭൂമിക്കടിയിലൂടെ യാത്ര ചെയ്യാൻ ഒരു അവസരം കിട്ടിയാലോ. സാഹസികതയെ ഇഷ്ടപെടുന്ന ആളാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ബേലം ഗ്രാമത്തിലെ ബേലം ഗുഹയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ബേലം ഗുഹയിൽ കയറിയാൽ ഭൂമിക്ക് അടിയിലൂടെ യാത്ര ചെയ്യാനാകും.
വലിപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ ഗുഹയാണ് ബേലം ഗുഹ. ഭൂമിക്കടിയിൽ ഏകദേശം 150 അടി താഴ്ച വരെ പോകാനാകും. ഈ ഗുഹയിലൂടെ സഞ്ചാരികളെ സഞ്ചരിക്കാൻ അനുവദിക്കും. ഗുഹയിലൂടെ ഏകദേശം മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കാം. ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവാണ് സഞ്ചാരത്തിന് ഏറ്റവും അനുയോജ്യം. 2002 ൽ ആണ് ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്റ് ഈ ഗുഹ സന്ദർശിക്കാൻ പൊതുജനങ്ങളെ അനുവദിച്ചു തുടങ്ങിയത്. ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്റിനാണ് ഗുഹയുടെ നിയന്ത്രണം.
1982- 83 കാലത്ത് ഹെബ്ബേർട്ട് ഡാനിയേലിന്റെ നേതൃത്ത്വത്തിലുള്ള ജർമ്മൻ സംഘമാണ് ഗുഹയിൽ പര്യവേഷണം നടത്തിയത്. ഭൂമിശാസ്ത്ര പരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഗുഹയാണ് ബേലം ഗുഹ. നൂറ്റാണ്ടുകൾക്ക് മുൻപ് ബുദ്ധ ജൈന സന്യാസികൾ ഈ ഗുഹയിൽ വസിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. ബുദ്ധ സന്യാസികൾ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളുടെ അവശിഷ്ടങ്ങൾ ഈ ഗുഹയിൽ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.
ഇതിന്റെ ഉള്ളിലായി പൂച്ച വാതിൽ എന്ന് അർത്ഥം വരുന്ന പിലിദ്വാരം കാണപ്പെടുന്നു. ചുണ്ണാമ്പുകല്ലിൽ താനെ രൂപപ്പെട്ട ഒരു കമാനമാണ് ഇത്. ഒരു സിഹത്തിന്റെ തലയുടെ രൂപമാണ് ഇതിന്. ഇതിനു പുറമെ ചുണ്ണാമ്പുകല്ലിൽ രൂപപ്പെട്ട ശിവലിംഗവും നിരവധി ശില്പങ്ങളും സഞ്ചാരികൾക്കു ഇവിടെ കാണാൻ കഴിയും.
പാതാള ഗംഗ എന്ന് അറിയപ്പെടുന്ന ചെറിയ നീർച്ചാൽ ഗുഹയ്ക്കുള്ളിൽ കാണാൻ കഴിയും. തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകിയെത്തുന്ന ഈ നീർച്ചാൽ ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. ഇവിടുത്തെ മറ്റൊരു ആകർഷണം സപ്തസ്വര ഗുഹയാണ്. ചുണ്ണാമ്പ് കല്ലിൽ രൂപപ്പെട്ട ഒരു അറയാണ് ഇത്. ഇതിന്റെ ഭിത്തിയിൽ ഒന്ന് മുട്ടിയാൽ സംഗീതം പൊഴിയും. 2006ൽ ആണ് ഈ അറ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്.
ചുണ്ണാമ്പുകല്ലിൽ രൂപപ്പെട്ട നിരവധി തൂണുകൾ തൂങ്ങിക്കിടക്കുന്ന ഒരു അറയാണ് ഇത്. ഒരു ആൽമരത്തിന്റെ രൂപമാണ് ഇതിന്. അതിനാൽ ആണ് ഇത് ആൽമര അറ എന്ന് അറിയപ്പെടുന്നത്. ബാംഗ്ലൂരിൽ നിന്ന് ഇവിടേക്ക് 320 കിലോമീറ്റർ ആണ് ദൂരം. ഹൈദരബാദിൽ നിന്നും ഇതേ ദൂരമാണ്. കേരളത്തിൽ നിന്ന് പോകുമ്പോൾ ബാംഗ്ലൂരിൽ ചെന്ന് പോകുന്നതാണ് നല്ലത്.
https://www.facebook.com/Malayalivartha