ടൂറിസത്തിന്റെ വിവിധ രൂപങ്ങള്‍

ടൂറിസ്റ്റുകളുടെ യാത്രാലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യകാലത്ത് ടൂറിസത്തെ വിഭജിച്ചിരുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മേഷത്തിനായി നടത്തുന്ന യാത്രകളാണല്ലോ ടൂറിസത്തിലെ മുഖ്യയിനം. അതുകൊണ്ടാണ് ടൂറിസത്തെ പൊതുവേ 'ഉല്ലാസയാത്ര' അല്ലെങ്കില്‍ 'വിനോദയാത്ര' എന്നു വിവക്ഷിക്കുന്നത്. എന്നാല്‍ ആധുനികാര്‍ഥത്തില്‍ ടൂറിസം വിനോദയാത്ര മാത്രമല്ല. പ്രത്യേക കായികവിനോദങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നവരും ഇന്ന് ടൂറിസ്റ്റുകളാണ്. പക്ഷേ, 'ടൂറിസ്റ്റ്' എന്നതിന് വിനോദസഞ്ചാരി എന്നും 'ടൂറിസ'ത്തിനു വിനോദസഞ്ചാരമെന്നും ഉള്ള പദങ്ങളാണ് തര്‍ജമയായി നാം ഉപയോഗിച്ചുവരുന്നത്. ചരിത്രപരമായ സ്ഥലങ്ങളും സ്മാരകങ്ങളും സന്ദര്‍ശിക്കാനായി നടത്തുന്ന യാത്രകള്‍ ടൂറിസത്തിന്റെ ഭാഗമാണെങ്കിലും അവ വിനോദയാത്ര മാത്രമല്ല. അപൂര്‍വപക്ഷികളെ കാണാനായി യാത്ര ചെയ്യുന്ന ടൂറിസ്റ്റുകള്‍ പുണ്യസ്ഥലങ്ങളിലേക്ക് പ്രവഹിക്കുന്ന ടൂറിസ്റ്റുകള്‍ അങ്ങനെ ആ പട്ടിക നീളുന്നു. ഈ പ്രത്യേകതകള്‍ ഓരോന്നിനെയും ആശ്രയിച്ചെന്നപോലെതന്നെ യാത്ര ചെയ്യുന്ന രീതിയെ ആസ്പദമാക്കിയും ടൂറിസം വിവിധ ഇനങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്.
ആഭ്യന്തര ടൂറിസം
ഒരു രാജ്യത്തിനകത്ത് അതേ രാജ്യത്തിലുള്ളവര്‍ നടത്തുന്ന സന്ദര്‍ശനങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. വിനോദത്തിനായും കുടുംബസംഗമങ്ങള്‍ക്കായും സമ്മേളനങ്ങള്‍ക്കായും ആരാധനയ്ക്കായും ഉള്ള യാത്രകളെല്ലാം ഇതിലുള്‍പ്പെടുന്നു. അന്താരാഷ്ട്ര ടൂറിസം എന്നപോലെതന്നെ ഓരോ രാജ്യത്തിന്റെയും ടൂറിസം രംഗത്ത് ആഭ്യന്തര വിനോദസഞ്ചാരത്തിന് ഏറെ പ്രസക്തിയുണ്ട്. വിശേഷിച്ചും, ഏറെ വിസ്തൃതിയുള്ളതും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വിവിധ മതാചാരങ്ങളും മറ്റും പിന്തുടരുന്നവരുമായ നൂറിലധികം കോടി ജനങ്ങള്‍ വസിക്കുന്നതുമായ ഇന്ത്യക്ക് വിദേശനാണ്യലബ്ധി ഒഴിച്ച് ഏതാണ്ട് മറ്റെല്ലാ ടൂറിസം നേട്ടങ്ങളും ഇതുമൂലം ഉണ്ടാകുന്നുണ്ട്. ആഭ്യന്തര ടൂറിസത്തിലെ പ്രധാന സങ്കേതങ്ങള്‍ എല്ലായ്‌പ്പോഴും അവിടത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടി ആകണമെന്നില്ല. എന്നാല്‍, ഒരു രാജ്യത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് സങ്കേതങ്ങള്‍ മിക്കവയും ആഭ്യന്തര വിനോദസഞ്ചാരികളുടെയും ഇഷ്ടതാവളങ്ങളായിരിക്കും.
സാഹസിക ടൂറിസം
സാഹസിക പ്രവൃത്തികളിലൂടെ മാനസികോല്ലാസം ആഗ്രഹിക്കുന്നവര്‍ നടത്തുന്ന യാത്രകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മലകയറ്റം. ലോകത്തിലെ ഒട്ടുമിക്ക ടൂറിസ്റ്റ് രാജ്യങ്ങളിലും അഡ്വഞ്ചര്‍ ടൂറിസത്തിനായുള്ള സങ്കേതങ്ങളുണ്ട്. മലകയറ്റത്തിനു പുറമേ, സാഹസികമായ മത്സ്യബന്ധനം, മഞ്ഞുമേഖലകളിലെ സാഹസികവിനോദങ്ങള്‍, കുതിരസവാരി തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
പ്രകൃതിയോട് ഏറ്റുമുട്ടുന്ന തരം സാഹസികതകള്‍ക്കൊപ്പം മനുഷ്യനിര്‍മിതമായ സാഹസികകേളികളും അഡ്വഞ്ചര്‍ ടൂറിസം രംഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ ഈ തരം വിനോദസഞ്ചാരത്തിനുവേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്.
എത്‌നിക് ടൂറിസം
വംശീയപാരമ്പര്യങ്ങളെ അടുത്തറിയുന്നതിനുവേണ്ടി നടത്തുന്ന വിനോദസഞ്ചാരപദ്ധതികള്‍. അന്യം നിന്നു തുടങ്ങുന്ന പാരമ്പര്യജനാവാസ കേന്ദ്രങ്ങളിലേക്ക് അവരുടെ കലയും സംസ്‌കാരവും ജീവിതരീതിയും കണ്ടറിയുവാനായാണ് വംശീയപഠന ടൂറിസത്തില്‍ സഞ്ചാരികള്‍ പങ്കാളികളാവുന്നത്.
സാംസ്‌കാരിക ടൂറിസം
ചരിത്രസ്മാരകങ്ങളും സാംസ്‌കാരികത്തനിമയാര്‍ന്ന ദേശങ്ങളും തേടിയുള്ള യാത്രകളാണ് സാംസ്‌കാരിക ടൂറിസം കൊണ്ട് അര്‍ഥമാക്കുന്നത്. ഇതിന് അതാതിടങ്ങളിലെ സാമ്പത്തികരംഗത്തെപോലെ സാംസ്‌കാരികരംഗത്തും വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നാണ് കരുതപ്പെടുന്നത്.
ചരിത്രസ്മാരകങ്ങളും മറ്റും സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് പ്രചോദനം നല്‍കുന്നു ടൂറിസം. ഭാരത സര്‍ക്കാര്‍ അടുത്തകാലത്തായി കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നത് കള്‍ച്വറല്‍ ടൂറിസത്തിനാണ്.
ആരോഗ്യ ടൂറിസം
ആരോഗ്യപരിചരണത്തിനായി നടത്തുന്ന യാത്രകള്‍. ഒരു നിശ്ചിതരോഗത്തിന്റെ ചികിത്സയ്ക്കായോ ശസ്ര്തക്രിയയ്ക്കായോ നടത്തുന്ന യാത്രകളല്ല, മറിച്ച് സുഖചികിത്സകള്‍ക്കായി നടത്തുന്ന യാത്രകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.
ഔഷധഗുണമാര്‍ന്നതെന്നു കരുതപ്പെടുന്ന തടാകതീരങ്ങളിലേക്ക് നടത്തിയ ആദ്യകാലസഞ്ചാരങ്ങള്‍ മുതല്‍ വിഭിന്ന രാജ്യങ്ങളിലെ പാരമ്പര്യ ചികിത്സാരീതികള്‍ അതാതിടങ്ങളില്‍ ചെന്നു സ്വീകരിക്കാനുള്ള യാത്രകള്‍ വരെ ഇതിലുള്‍പ്പെടുന്നു.
മാസ്സ് ടൂറിസം
വന്‍തോതില്‍ ആളുകള്‍ പങ്കാളികളാകുന്നതരം വിനോദസഞ്ചാരമാണിത്. കാണേണ്ട കാഴ്ചകളും വിനോദസൗകര്യങ്ങളുമെല്ലാം ഇതില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കും. ആതിഥേയ സമൂഹത്തിന്റെ വിഭവശേഷിയുടെ മേലും മറ്റു സൗകര്യങ്ങളുടെ മേലും ഇത് വലിയ സമ്മര്‍ദം ചെലുത്തും എന്നതിനാല്‍ മാസ്സ് ടൂറിസത്തോട് മൂന്നാം ലോക രാജ്യങ്ങളിലെ ഒരു വിഭാഗം ജനങ്ങള്‍ കടുത്ത എതിര്‍പ്പാണ് വച്ചുപുലര്‍ത്തുന്നത്.
ഇക്കോ ടൂറിസം
വിനോദസഞ്ചാരത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ഏറ്റവും വലിയ ആരോപണങ്ങളില്‍ ഒന്ന് അത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും അതുവഴി ആ പ്രദേശങ്ങളുടെ തന്നെയും പാരിസ്ഥിതിക സംതുലനാവസ്ഥ തകിടം മറിക്കുന്നു എന്നതാണ്. ഇതിനുപരിഹാരമായി സ്വീകരിച്ചുപോരുന്നതാണ് ഇക്കോ ടൂറിസം. ഇത് ഒരു സ്ഥലത്തെ പാരിസ്ഥിതികസവിശേഷതകളെത്തന്നെയാണ് വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
നിത്യഹരിതവനങ്ങളും മലനിരകളും മഞ്ഞുപാറകളുമെല്ലാം ഇത്തരത്തില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റപ്പെട്ടിട്ടുണ്ട്. പ്രകൃതിസൗഹൃദ ടൂറിസം ഒരു തരത്തിലും പ്രസ്തുത സ്ഥലത്തെ പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് ആസൂത്രണം ചെയ്യപ്പെടുക. അത് യഥാവിധി സംഘടിപ്പിച്ചാല്‍ പ്രകൃതി വിസ്മയങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും കലവറകള്‍ കാഴ്ചവസ്തുക്കളാകും എന്നതിനോടൊപ്പം അവ സംരക്ഷിക്കപ്പെടുകയും ചെയ്യും.'ഇക്കോ ടൂറിസ'ത്തിനും ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്കിവരുന്നുണ്ട്.
ബദല്‍ ടൂറിസം
വിവേചനമില്ലാത്ത വിനോദസഞ്ചാര വളര്‍ച്ച വരുത്തിത്തീര്‍ത്ത സാമൂഹികവും പാരിസ്ഥിതികവും ധാര്‍മികവുമായ പ്രശ്‌നങ്ങളാണ് ബദല്‍ ടൂറിസം എന്ന നൂതന ടൂറിസം സങ്കല്പത്തിലേയ്ക്കു നയിച്ചത്. സുസ്ഥിരമായ ടൂറിസം എന്ന പേരിലും ബദല്‍ ടൂറിസം അറിയപ്പെടുന്നു. ആതിഥേയജനതയുടെ സംസ്‌കാരത്തെയും പ്രകൃതിയെയും ജീവിതരീതിയെയുമെല്ലാം ആദരിക്കുന്ന ഒന്നാണിത്. ഒരു പ്രദേശത്തിന് ഉള്‍ക്കൊള്ളാനുള്ള കഴിവിനനുസരിച്ച് മാത്രം സഞ്ചാരികളെ അനുവദിച്ചുകൊണ്ട് എണ്ണത്തെക്കാള്‍ ഗുണത്തിന് പ്രാധാന്യം കൊടുക്കുന്നു, ഇത്.
https://www.facebook.com/Malayalivartha