കൈതത്തണ്ട് ചെലവില്ലാതെ കിട്ടുന്നതിനാല്‍ വാഴക്കുളത്ത് എന്‍സൈം വിളവെടുപ്പ്!

വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ മിക്കപ്പോഴും വിളവെടുക്കുന്നത് നഷ്ടകണക്കുകളാണ്. മൂന്നു വര്‍ഷമായ ചെടികള്‍ മാറ്റി കൃഷിയിടം അടുത്ത വിളയ്ക്കു പാകപ്പെടുത്താന്‍പോലും പ്രയാസപ്പെടുന്നുണ്ട് കര്‍ഷകര്‍. പരമ്പരാഗത കൃഷി ബിസിനസിനു പുറത്തേക്കു നോക്കാനോ മൂല്യവര്‍ധിത സംരംഭങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാനോ ഒന്നും മേഖലയില്‍ പൊതുവെ എളുപ്പവുമല്ല.
അവിടെ ജനിച്ചു വളര്‍ന്ന പി.കെ.സജേഷ്, ആര്‍ക്കും വേണ്ടാത്ത കൈതത്തണ്ടില്‍നിന്ന് ലോകമെങ്ങും ആവശ്യമുളള ഒരുല്‍പന്നം ഉണ്ടാക്കിയാലോ എന്നു ചിന്തിച്ചു തുടങ്ങിയത് ബയോടെക്‌നോളജിയില്‍ പിജിയും രാജ്യാന്തര ബയോടെക് ജീനോമിക്‌സ് കമ്പനിയില്‍നിന്നു 10 വര്‍ഷത്തെ തൊഴില്‍പരിചയവും നേടിയതിനു ശേഷമാണ്.
പൈനാപ്പിളില്‍നിന്നുണ്ടാക്കുന്നതും ഔഷധനിര്‍മാണം, ബേക്കറി ഉല്‍പന്ന നിര്‍മാണം, ഇറച്ചി-ചീസ്, കാലിത്തീറ്റ നിര്‍മാണം എന്നിങ്ങനെ വിവിധ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന ബ്രോമെലെയ്ന്‍ എന്ന എന്‍സൈമിനെ സജേഷിനു പഠനകാലത്തേ പരിചയമുണ്ട്. ഇന്തൊനീഷ്യയില്‍നിന്നാണു മുഖ്യമായും ഇന്ത്യയിലെ കമ്പനികള്‍ ബ്രോമെലെയ്ന്‍ വാങ്ങുന്നത്. വാഴക്കുളത്തെന്നല്ല, റബറിന്റെ ഇടവിളയായി കേരളത്തിലാകെ പൈനാപ്പിള്‍ കൃഷി വ്യാപകമാണെങ്കിലും ഈ എന്‍സൈം ഉല്‍പാദിപ്പിക്കല്‍ ഇതുവരെയും കേരളത്തിന്റെ മനസ്സിലുദിച്ചില്ലെന്നത് സജേഷിനെ അദ്ഭുതപ്പെടുത്തി.
വാഴക്കുളത്തെ തോട്ടങ്ങളില്‍ ഓരോ വിളകാലം കഴിയുമ്പോഴും മാലിന്യക്കൂനയായി അവശേഷിക്കുന്ന കൈതച്ചെടിയുടെ തണ്ട് ഉപയോഗപ്പെടുത്തി ബ്രോമെലെയ്ന്‍ ഉണ്ടാക്കിയാല്‍ കര്‍ഷകര്‍ നേരിടുന്ന മാലിന്യപ്രശ്‌നം പ്രകൃതിക്കു കേടില്ലാതെ പരിഹരിക്കുകയുമാകാം. (സാധാരണ ഗതിയില്‍, കളനാശിനിമരുന്നുകള്‍ ഉപയോഗിക്കുന്നതാണു രീതി)- സജേഷിനെ ആകര്‍ഷിച്ച മുഖ്യ ഘടകം ഇതുതന്നെ. അസംസ്‌കൃത വസ്തു ചെലവില്ലാതെ കിട്ടും എന്നതും ചെറിയകാര്യമല്ല
അങ്ങനെ, സജേഷിന്റെ സ്റ്റാര്‍ട്ടപ് സംരംഭത്തിനു തുടക്കമായി- സൈമോടെക് ബയോസൊല്യൂഷന്‍സ്. സ്വന്തം പറമ്പില്‍ത്തന്നെ 4000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഫാക്ടറി ഷെഡ് ഉയര്‍ന്നു. പക്ഷേ യന്ത്രങ്ങള്‍..? മിക്കവാറുമെല്ലാം സ്വന്തം ഡിസൈന്‍ നല്‍കി ഉണ്ടാക്കേണ്ടിവന്നു. ഇതുവരെ നാട്ടില്‍ ഇങ്ങനെയൊരു സംരംഭമില്ലല്ലോ.
കൈതത്തണ്ട് പല ഘട്ടങ്ങളില്‍ വൃത്തിയാക്കിയെടുത്ത് നീരൂറ്റിയെടുത്ത് അത് ഉണക്കി പൊടിയാക്കിയാണ് ബ്രോമെലെയ്ന്‍ നിര്‍മാണം പുരോഗമിക്കുന്നത്. നാട്ടിലെ തന്നെ തൊഴിലാളികളെ ഉപയോഗിച്ചാണു ജോലികള്‍. സാങ്കേതിക ജോലികളൊക്കെ സജേഷ് തന്നെ ചെയ്യും. പൊടിയായും ദ്രാവകമായും, ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച്, ഉല്‍പന്നം നല്‍കാനാകും. വില ഇന്തൊനീഷ്യയില്‍നിന്നുള്ളതിനെക്കാള്‍ കുറവും. 100 കിലോഗ്രാം വരെ ഉല്‍പന്നം പ്രതിദിനം ഉണ്ടാക്കാനുള്ള സജ്ജീകരണങ്ങളുണ്ട്.
ഇതിനകം 80 ലക്ഷത്തോളം രൂപ ചെലവിട്ടുകഴിഞ്ഞ സജേഷ് ബിസിനസ് വിപുലീകരണത്തിന്റെ മാര്‍ഗങ്ങള്‍ തേടുകയാണിപ്പോള്‍. വീട്ടില്‍നിന്നുള്ള സഹായവും സ്വന്തം ശമ്പളവുമൊക്കെയാണു നിലവില്‍ മുതല്‍മുടക്ക്. ഇതില്‍ ഒതുങ്ങിനിന്നാല്‍ സ്വപ്നങ്ങള്‍ പൂര്‍ണമായും യാഥാര്‍ഥ്യമാക്കാനാവില്ല. പുതിയ ഇടപാടുകാരെ കണ്ടെത്തുക, രാജ്യാന്തര ബന്ധങ്ങളുടെ സാധ്യത തേടുക തുടങ്ങിയ ലക്ഷ്യങ്ങള്‍. ഉല്‍പാദനം നടന്ന് ഏറെക്കഴിയുംമുന്‍പ് ഉപയോക്താവിലെത്തുന്നു എന്നുറപ്പാക്കാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുകയും വേണം.
കേരളത്തിന്റെ അഭിമാന വ്യവസായമായി അംഗീകരിക്കപ്പെടേണ്ട ഒന്നാണിതെന്നതില്‍ സജേഷിനു സംശയമില്ല. സ്റ്റാര്‍ട്ടപ് എന്നാല്‍ ഐടി- ഇന്റര്‍നെറ്റ് വ്യവസായം മാത്രമാണെന്ന ധാരണയ്ക്കപ്പുറത്തേക്കു കേരളം വളരുന്നതിന്റെ സൂചനയുമാകും അത്.
https://www.facebook.com/Malayalivartha