എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ക്യാമ്പസ് ഇന്റര്‍വ്യൂവുകള്‍ അവസാനിപ്പിയ്ക്കാന്‍ കേരളാ ടെക്‌നോളജി യൂണിവേഴ്‌സിറ്റി തീരുമാനം

വന്‍കിട കമ്പനികളില്‍, സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുമ്പോള്‍ തന്നെ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ഉറപ്പാക്കുന്ന ക്യാമ്പസ് ഇന്റര്‍വ്യൂവുകള്‍ ഇല്ലാതായേക്കും. കോളേജുകളില്‍ നടത്തിവരുന്ന ക്യാമ്പസ് പ്‌ളേസ്‌മെന്റുകള്‍ 2017 മുതല്‍ നിര്‍ത്തലാക്കാന്‍ കേരളാ ടെക്‌നോളജി യൂണിവേഴ്‌സിറ്റി തീരുമാനിച്ചു.
എഞ്ചിനീയറിംഗ് ബിരുദധാരികളെ കമ്പനികള്‍ക്ക് റിക്രൂട്ട് ചെയ്യാനായി ഇതിന് പകരമായി ഒരു പൊതുസംവിധാനം യൂണിവേഴ്‌സിറ്റി നടപ്പിലാക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കമ്പനികളുടേയും ഓഫീസര്‍മാരുടേയും യോഗം വിളിച്ചുകൂട്ടും. സര്‍വകലാശാല കൊണ്ടുവരുന്ന പൊതുസംവിധാനത്തില്‍ കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യാനാകും. ഈ പൂളില്‍ നിന്നായിരിക്കും കമ്പനികള്‍ റിക്രൂട്ട്‌മെന്റ് നടത്തുക. കെടിയുവിന് കീഴിലുള്ള 155 എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും.
തങ്ങള്‍ക്ക് വേണ്ട മിടുക്കന്മാരെ കമ്പനികള്‍ക്ക് കണ്ടെത്താനുള്ള മികച്ച വഴികളില്‍ ഒന്നായിരുന്നു ക്യാമ്പസ് പ്‌ളേസ്‌മെന്റ്. 2014- ല്‍ 18,000 തൊഴിലവസരങ്ങളാണ് കമ്പനികള്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കായി മുന്നോട്ട് വെച്ചത്. ഇവയില്‍ 9000 എണ്ണത്തില്‍ നിയമന ഉത്തരവ് അയയ്ക്കുകയും ചെയ്തു.
ഇ കൊമേഴ്‌സ് കമ്പനികളായ സ്‌നാപ്പ്ഡീല്‍, ആമസോണ്‍, റെഡ്ബസ്, ഫ്‌ളിപ്പ്കാര്‍ട്ട് എന്നിവര്‍ കേരളത്തില്‍ നിന്നും 15 ലധികം വിദ്യാര്‍ത്ഥികളെയാണ് ജോലിക്കെടുത്തത്. ഈ വര്‍ഷവും ഇവര്‍ കോളേജുകളെ സമീപിച്ചിട്ടുണ്ട്. ഡിസംബര്‍- ജനുവരിയിലായി കമ്പനികള്‍ ക്യാമ്പസുകളിലേക്ക് പോകും.
ഐടി രംഗത്തെ വമ്പന്മാരായ ടിസിഎസ്, ഇന്‍ഫോസിസ്, കോഗ്‌നിസന്റ് തുടങ്ങിയ കമ്പനികളുടെ ക്യാമ്പസ് പ്‌ളേസ്‌മെന്റ് ഇത്തവണ 25 ശതമാനത്തില്‍ നിന്നും 30 ശതമാനത്തിലേക്ക് ഈ വര്‍ഷം ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ് വാര്‍ഷിക ശമ്പളമായി കമ്പനികള്‍ തുടക്കക്കാര്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. ഗ്രേഡ് പോയിന്റ് ശരാശരി 8 മുതല്‍ 9 വരെയുള്ളവരെയാണ് വമ്പന്‍ കമ്പനികള്‍ പരിഗണിക്കുന്നത്. ജിപിഎ ആറിന് മുകളിലുള്ള കുട്ടികളെയാണ് അഭിമുഖത്തിന് ക്ഷണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha