ഡൈനാമിക് നമ്പറിങ്ങില്‍ പി എസ് സി പരീക്ഷ ജനുവരിയില്‍

ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കുമാത്രം പരീക്ഷാ സൗകര്യമൊരുക്കുന്ന പിഎസ് സിയുടെ ഡൈനാമിക് നമ്പറിങ് സംവിധാനത്തിലെ ആദ്യ പരീക്ഷ ജനുവരിയില്‍ നടക്കും. സോയില്‍ സര്‍വേ വകുപ്പില്‍ ട്രേസര്‍ തസ്തികയിലേക്കുള്ള കൊല്ലം ജില്ലയിലെ പരീക്ഷയാണ് ജനുവരി 13ന് പുതിയ സംവിധാനത്തില്‍ നടക്കുക. 20 ദിവസം മുമ്പ് ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത് വേണം പരീക്ഷയെഴുതാന്‍.
പരീക്ഷ നടത്തിപ്പിലൂടെയുള്ള കോടിക്കണക്കിന് രൂപയുടെ നഷ്ടം മറികടക്കാനാണ് പി എസ് സി പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ട്രേസര്‍ തസ്തികയിലെ പരീക്ഷാരീതിയിലെ മാറ്റം. ഹാള്‍ടിക്കറ്റ് ഡിസംബര്‍ 24ന് അര്‍ധരാത്രിക്കകം ഡൗണ്‍ലോഡ് ചെയ്യണം. ഡിസംബര്‍ അഞ്ച് മുതല്‍ പിഎസ്സി വെബ്‌സൈറ്റില്‍ ഹാള്‍ടിക്കറ്റ് ലഭ്യമാകും. പോരായ്മകള്‍ വിലയിരുത്തി മുഴുവന്‍ പരീക്ഷകളും ഡൈനാമിക് നമ്പറിങ്ങിലേക്ക് മാറും.
വണ്‍ടൈം രജിസ്‌ട്രേഷന്‍ നടപ്പാക്കിയശേഷം പിഎസ്സി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടിയിട്ടുണ്ട്. പരീക്ഷയെഴുതുന്നവരുടെ എണ്ണം ചില തസ്തികകളില്‍ പത്തു ശതമാനത്തില്‍ താഴെയാണ്. സാങ്കേതിക പരിചയമോ പ്രവൃത്തിപരിചയമോ വേണ്ട തസ്തികകളിലാണ് ഇത് കൂടുതലും. നിലവില്‍ ഒരു പരീക്ഷാര്‍ഥിക്ക് 150 രൂപയാണ് പിഎസ്സി ചെലവിടുന്നത്. കായികക്ഷമത പരിശോധനകള്‍ ആവശ്യമായ പൊലീസ് കോണ്‍സ്റ്റബിള്‍ പോലുള്ള തസ്തികകളില്‍ ഇത് 400രൂപ മുതല്‍ 500വരെയാണ്.
പുതിയ സംവിധാനമനുസരിച്ച് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് പരീക്ഷാര്‍ഥിക്ക് രജിസ്റ്റര്‍ നമ്പര്‍ ലഭിക്കുക. രജിസ്റ്റര്‍ നമ്പര്‍ അനുവദിക്കുമ്പോള്‍ സ്ത്രീകളും ശാരീരിക അവശത ഉള്ളവരും ദൂരസ്ഥലങ്ങളിലേക്ക് തള്ളപ്പെടുന്നത് പരിഹരിക്കാന്‍ എല്ലാ ജില്ലകളിലെയും പരീക്ഷാ സെന്ററുകളെ മൂന്ന് സോണായി തിരിച്ചിട്ടുണ്ട്. എളുപ്പം എത്താവുന്നവ, എത്തിപ്പെടാന്‍ കുറച്ച് പ്രയാസമുള്ളവ, എത്തിപ്പെടാന്‍ പ്രയാസമുള്ളവ എന്നിങ്ങനെയാണിത്. ഒന്നാമത്തെ സോണ്‍ സ്ത്രീകള്‍ക്കുമാത്രമുള്ളതാണ്. മൂന്നാമത്തേത് പുരുഷന്മാര്‍ക്കും. രണ്ടാമത്തെ സോണ്‍ അവസാനം ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കായി മാറ്റിവയ്ക്കും. ഇതിലും സ്ത്രീകള്‍ക്കും അവശതയുള്ളവര്‍ക്കുമാണ് പരിഗണന ലഭിക്കുക. ബാക്കിവരുന്ന സെന്ററുകള്‍ ഉപേക്ഷിക്കും.
ഒരു ഹാളില്‍ ഇരുപത് പേരാണ് നിലവില്‍ പരീക്ഷയെഴുതുന്നത്. ഇത് മുപ്പതാക്കും. എ, ബി, സി, ഡി എന്നിങ്ങനെ നാലു തരത്തിലുള്ള ചോദ്യപേപ്പറാണ് നിലവില്‍ പി എസ് സി പരീക്ഷാ നടത്തിപ്പിന് ഉപയോഗിക്കുന്നത്. ഒരു ക്‌ളാസില്‍ 30 പേരെ പരീക്ഷക്കിരുത്തുമ്പോള്‍ ഇത് ആറെണ്ണമാക്കും. ഡൗണ്‍ലോഡ് ചെയ്തിട്ടും പരീക്ഷയ്ക്ക് വരാത്തവര്‍ ഉണ്ടാക്കുന്ന നഷ്ടം മറികടക്കാന്‍ ഒരു ക്‌ളാസില്‍ മുപ്പതു പേരെ പരീക്ഷക്കിരുത്തുന്നതിലൂടെ കഴിയുമെന്നാണ് പി എസ് സിയുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha