സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ തൊഴില്‍പഠനം നിര്‍ബന്ധം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ തൊഴില്‍പഠനം നിര്‍ബന്ധിതമാക്കുന്നു. ഒന്‍പതു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയാണ് തൊഴില്‍ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്. ഈ വര്‍ഷം 20 സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനാണു തീരുമാനം. യു.പി.എസ്.സി. നടത്തുന്ന പരീക്ഷകള്‍ക്ക് ദേശീയ തൊഴില്‍ നൈപുണ്യ ചട്ടക്കൂടിന്റെ (എന്‍.എസ്.ക്യു.എഫ്) സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതും പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്രസഹായം നഷ്ടപ്പെടുമെന്നതുമാണ് തൊഴില്‍ പഠനം നിര്‍ബന്ധമാക്കാന്‍ കാരണം.
സ്‌കൂള്‍ പഠനം കഴിയുമ്പോഴേക്കും വിദ്യാര്‍ഥി ഏതെങ്കിലും തൊഴിലില്‍ പ്രാവീണ്യം നേടിയിരിക്കണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയോടു കേരളം മുഖം തിരിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സഹായം നഷ്ടപ്പെടുമെന്നു കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് 20 സ്‌കൂളുകളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സിലബസിന്റെ ഭാഗമായി ഇതു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്.
അടുത്ത വര്‍ഷം മുതല്‍ പ്രത്യേക സിലബസിന്റെ അടിസ്ഥാനത്തിലാകും ഇതു സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുക. ഒന്‍പതാം ക്ലാസില്‍ ലെവല്‍ ഒന്ന്, പത്താം ക്ലാസില്‍ ലെവല്‍ രണ്ട്, പതിനൊന്നാം ക്ലാസില്‍ ലെവല്‍ മൂന്ന്, പന്ത്രണ്ടാം ക്ലാസില്‍ ലെവല്‍ നാല് എന്ന രീതിയിലാണ് തൊഴില്‍ പഠനം നടപ്പാക്കുക.
ആദ്യ രണ്ടു തലങ്ങളിലും പ്രാഥമികപഠനമായിരിക്കും. പ്ലസ്ടു തലത്തിലാണ് തൊഴില്‍ മേഖലയിലേക്ക് പൂര്‍ണമായും കടക്കുക. ദേശീയ തലത്തിലെ പാഠ്യപദ്ധതിയാകും പിന്തുടരുക. ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ തൊഴില്‍ പഠനത്തിനായി മാറ്റിവയ്ക്കും. ഇതനുസരിച്ച് പാഠ്യപദ്ധതിയിലും പിരീയഡുകളിലും മാറ്റം വരുത്തും. പദ്ധതിയുടെ രൂപകല്‍പ്പനയ്ക്കുള്ള കരട് തയാറാക്കാനായി ഈ മാസം എസ്.സി.ഇ.ആര്‍.ടി. യോഗം ചേരുന്നുണ്ട്.
അതേസമയം, പദ്ധതി നടത്തിപ്പിനെക്കുറിച്ചുള്ള ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. ഇതേക്കുറിച്ചു പഠിക്കാന്‍ ഒരു വര്‍ഷം മുമ്പു ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. തൊഴില്‍ പഠനം നിര്‍ബന്ധമാക്കുമ്പോള്‍ ഇതിനുള്ള അധ്യാപകരെ എങ്ങനെ നിയമിക്കണമെന്നതിലും വ്യക്തതയായിട്ടില്ല.
https://www.facebook.com/Malayalivartha