ഈ നേട്ടത്തിന് വേണ്ടി എത്രമാത്രം പ്രയത്‌നിച്ചിട്ടുണ്ടെന്ന് തനിക്ക് മാത്രമേ അറിയുകയുള്ളൂ; വാദപ്രതിവാദങ്ങള്‍ക്ക് പകരം തന്റെ കഴിവെന്താണെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കാനാണ് തീരുമാനം; വിമർശകരുടെ വാ അടപ്പിച്ച് വിശ്വസുന്ദരി ഹര്‍നാസ് സന്ധു

21വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഹര്‍നാസ് സന്ധുവിലൂടെ വിശ്വസുന്ദരിപട്ടം ഇന്ത്യയിലേക്ക് എത്തിയത്. അഭിനന്ദനകൾക്കൊപ്പം തന്നെ വിമര്‍ശനങ്ങളും താരം നേരിടുന്നുണ്ട്. വിമര്‍ശനങ്ങള്‍ക്ക് ഹര്‍നാസ് നല്‍കിയ മറുപടിയും ചർച്ചയാകുന്നു. വിശ്വസുന്ദരിപ്പട്ടം കിട്ടിയത് ഹര്‍നാസിന്റെ മുഖം സുന്ദരമായതു കൊണ്ട് മാത്രമാണെന്നാണ് പ്രധാന വിമര്‍ശനം.
ഈ വിമര്‍ശനങ്ങൾക്കാണ് ഹർനസ് മറുപടി പറഞ്ഞിരിക്കുന്നത്. ഈ നേട്ടത്തിന് വേണ്ടി എത്രമാത്രം പ്രയത്‌നിച്ചിട്ടുണ്ടെന്ന് തനിക്ക് മാത്രമേ അറിയുകയുള്ളൂ. വാദപ്രതിവാദങ്ങള്‍ക്ക് പകരം തന്റെ കഴിവെന്താണെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു. ഇത്തരം സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കാനാണ് ശ്രമം.
ഒരു ഒളിമ്പിക് വിജയത്തിന് സമാനമായ സംഭവമാണിത്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങളെ പ്രശംസിക്കുന്ന നമുക്ക് എന്തുകൊണ്ട് ഒരു സൗന്ദര്യമത്സര വിജയിയെ പ്രശംസിക്കാന്‍ കഴിയുന്നില്ലെന്നും ഹർനസ് ചോദിച്ചു. അവസാന റൗണ്ടില്‍ ഹര്‍നാസിനോട് ചോദിച്ച ഒരു ചോദ്യത്തിന് ഹര്‍നാസ് നല്‍കിയ ഉത്തരമായിരുന്നു സുന്ദരിപ്പട്ടത്തിലേക്ക് നയിച്ചത്.
21 വർഷങ്ങള്‍ക്കിപ്പുറമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഹര്‍നാസ് സന്ധുവിനെ കിരീടം അണിയിച്ചത്.
പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഹർനാസ് 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017-ൽ ടൈംസ് ഫ്രഷ് ഫേസ് കോണ്ടസ്റ്റിലൂടെയാണ് സൗന്ദര്യമത്സരങ്ങളിൽ ഹർനാസ് പങ്കെടുത്തുതുടങ്ങിയത്. നിരവധി പഞ്ചാബി സിനിമകളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് ആളുകൾ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം. മത്സരത്തിൽ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ''ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?'' എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്.
ഇതിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക.
പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു'' ഈ മറുപടികളാണ് ഹർനാസിന് വിശ്വസുന്ദരിപ്പട്ടം നേടിക്കൊടുത്തതെന്ന് പിന്നീട് പാനലിസ്റ്റുകൾ നിരീക്ഷിച്ചു. അവസാന റൌണ്ടിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചോദ്യവും ഹർനാസ് കൃത്യമായി നേരിട്ടു.
https://www.facebook.com/Malayalivartha