മുൻ ക്രിക്കറ്ററുമായുള്ള ലതയുടെ പ്രണയം വിവാഹത്തിലെത്താതെ പോയത് ആ കാരണത്താൽ; പിന്നീട് അവർ വിവാഹമേ വേണ്ടെന്നു വച്ചു!! പിൽക്കാലത്ത് പലരുടേയും പേര് ലതയുടെ പേരിനൊപ്പം ചേർക്കപ്പെട്ടു: പാട്ട് കഴിഞ്ഞാൽ പ്രിയം ഫോട്ടൊഗ്രഫി, ക്രിക്കറ്റ്, പാചകം, വായന...

പാട്ട് പോലെ തന്നെ തന്റെ സ്വകാര്യജീവിതവും ഏറെ ആസ്വദിച്ചിരുന്നു ലതാജി എന്ന് ആളുകൾ സ്നേഹത്തോടെ വിളിച്ച ലതാ മങ്കേഷ്കർ. അവിവാഹിതയായ അവർ ആ സ്വകാര്യതയിൽ അഭിരമിക്കുകയും ചെയ്തിരുന്നു. തൊണ്ണൂറ് പിന്നിട്ടപ്പോഴും ശാലീനതയും സൗന്ദര്യവും ലതയിൽ നിറഞ്ഞു നിന്നു. ചിട്ടയായ ജീവിതവും ആഹാരശീലങ്ങളുമാണ് അവരെ ഇതിന് സഹായിച്ചിരുന്നത്. സംഗീതം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ഫോട്ടൊഗ്രഫിയായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളോടായിരുന്നു താത്‌പര്യം കൂടുതൽ. യാത്രയിലുട നീളം അവർ ക്യാമറ കൈയ്യിൽ കരുതുകയും ധാരാളം ചിത്രങ്ങൾ എടുക്കുകയും ചെയ്‌തിരുന്നു. ഫോട്ടൊഗ്രഫിയുടെ സാങ്കേതികതയെക്കാൾ സൗന്ദര്യാത്മകതയ്‌ക്കാണു ലത പ്രാധാന്യം നൽകിയത്. സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ഒപ്പിയെടുക്കാനായിരുന്നു കൂടുതലിഷ്ടം. എന്നാൽ ഡിജിറ്റൽ ക്യാമറകൾ ലതാജിക്കു വഴങ്ങിയിരുന്നില്ല. പാചകവും വായനയും ഏറെ പ്രിയമായിരുന്നു.
വായനയിൽ മുഴുകുമ്പോൾ മറ്റൊരു ലോകത്തു സഞ്ചരിക്കുന്നതായി അനുഭവപ്പെടുമെന്ന് ഒരിക്കൽ ലത പറഞ്ഞു. തന്റെ സ്വരസൗന്ദര്യത്തിന്റെ രഹസ്യം കോലാപൂരി മുളകാണെന്നും അവർ വിശ്വസിച്ചു. ക്രിക്കറ്റും ഫുട്‌ബോളും ടെന്നിസും ഇഷ്‌ടമായിരുന്നു. എങ്കിലും ഏറ്റവും പ്രിയം ക്രിക്കറ്റിനോട് തന്നെ. ലോഡ്‌സ് സ്റ്റേഡിയത്തിൽ ലതയുടെ പേരിൽ ഒരു ഗാലറി പോലുമുണ്ട്. ക്രിക്കറ്റിനോടുള്ള ഈ അടങ്ങാത്ത ഭ്രമമാണ് മുൻ ബിസിസിഐ പ്രസിഡന്റ് രാജ് സിങ് ദുർഗാപൂരുമായുള്ള പ്രണയത്തിൽ കലാശിച്ചതും. അദ്ദേഹത്തിന്റെ വീട്ടുകാർ എതിർത്തതിനാൽ വിവാഹത്തിലെത്തിയില്ല. ജീവിതത്തിൻ്റെ വിവിധ കാലഘട്ടങ്ങളിൽ രാമചന്ദ്രയടക്കം പലരോടൊപ്പം ലതയുടെ പേര് ചേർത്ത് കഥകളുണ്ടായി. പല പേരുകൾ ചേർക്കപ്പെട്ടെങ്കിലും ലതയുടെ നിതാന്ത പ്രണയം എന്നും സംഗീതവുമായിട്ടായിരുന്നു. കുടുംബ ബന്ധങ്ങൾ എന്നും ലതയ്ക്ക് ദൗർബല്യമായിരുന്നു. സഹോദരിയും ഗായികയുമായ ആശയുമായി ശത്രുതയാണെന്നു വാർത്തകൾ വന്നപ്പോഴും സഹോദരങ്ങളെല്ലാം ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ ഒന്നിച്ചു താമസിച്ചു.
വൈകുന്നേരങ്ങളിൽ ലതയുടെ അടുക്കളകളിൽ നിന്നു വിഭവങ്ങൾ മറ്റു വീടുകളിലേക്കു സഞ്ചരിച്ചു. എല്ലാവർക്കും ഏതെങ്കിലും വിഭവം ദിവസവും കൊടുത്തയയ്‌ക്കണം എന്നു നിർബന്ധമായിരുന്നു. പണത്തിന്റെ കാര്യത്തിൽ കണിശക്കാരിയായിരുന്നു ലത. പിതാവ് ദീനാനാഥ് മങ്കേഷ്‌കർ ഹൃദ്രോഗം മൂലം വിട്ടുപോയപ്പോൾ 13 വയസുള്ള ലതയുടെ ചുമലിലായിരുന്നു കുടുംബ ഭാരം. ദാരിദ്ര്യം വേണ്ടുവോളം ഉണ്ടായിരുന്നു അന്ന്. കുതിരവണ്ടിയിൽ കയറാൻ പോലും പണമില്ലാതെ മുംബൈയുടെ തെരുവിലൂടെ ആദ്യകാലത്തു മൈലുകൾ നടന്നുപോയ ഓർമ ലതയ്‌ക്കുണ്ട്. അതുകൊണ്ടാവണം പണം സൂക്ഷിച്ചുപയോഗിക്കാൻ അവർ തീരുമാനിച്ചതും. അതുപോലെ സംഗീത സംവിധായകരായ എസ്.ഡി. ബർമൻ, ഒ.പി.നയ്യാർ, സി. രാമചന്ദ്ര, ഗായകരായ മുഹമ്മദ് റഫി, ജി.എം. ദുറാനി എന്നിവരുമൊക്കെയായുള്ള ലതയുടെ വർഷങ്ങൾ നീണ്ട പിണക്കവും ഏറെ പ്രശ്സ്തമാണ്.
https://www.facebook.com/Malayalivartha