പാർട്ടിയിൽ മയക്ക് മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തൽ, നടി ശ്രദ്ധാ കപൂറിന്റെ സഹോദരനെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു

ബോളിവുഡ് നടി ശ്രദ്ധാ കപൂറിന്റെ സഹോദരൻ നടൻ സിദ്ധാന്ത് കപൂർ അറസ്റ്റിൽ. ബംഗളൂരുവിലെ റേവ് പാർട്ടിയിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനെ തുടർന്നാണ് താരം അറസ്റ്റിലായത്. ഞായറാഴ്ച രാത്രി നടന്ന ഡിജെ പാർട്ടിയ്ക്കിടെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
ഉൽസൂർ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ സിദ്ധാന്ത് കപൂർ ഉള്ളതെന്ന് ബംഗളൂരു സിറ്റി ഈസ്റ്റ് ഡിവിഷൻ ഡിസിപി ഡോ.ഭീമാശങ്കർ എസ് പറഞ്ഞു.സിദ്ധാന്ത് കപൂർ ഉൾപ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രക്ത പരിശോധനയിൽ ആറ് പേരുടേയും സാമ്പിൾ പോസിറ്റീവായി.തുടർന്നായിരുന്നു അറസ്റ്റ് നടപടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്.എന്നാൽ അറസ്റ്റിലായ ഇവർ മയക്കുമരുന്ന് കഴിച്ച് പാർട്ടിക്ക് വന്നതാണോ അതോ ഹോട്ടലിൽ വെച്ചാണോ മയക്കുമരുന്ന് കഴിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.സിദ്ധാന്ത് അടക്കമുള്ളവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് ബംഗളൂരു ഈസ്റ്റ് ഡിവിഷൻ ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇന്നുതന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാഗം ഭാഗ്, ചുപ് ചുപ് കെ, ഭൂൽ ഭുലയ്യ എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സിദ്ധാന്ത് ജസ്ബാ, ഹസീൻ പാർകർ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
അതേസമയം, മയക്കുമരുന്ന് കൈവശം വെച്ചെന്നാരോപിച്ച് നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച സംഭവത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തവരിൽ ശക്തി കപൂറിന്റെ മകൾ ശ്രദ്ധ കപൂറും ഉണ്ടായിരുന്നു. പക്ഷെ കാര്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha