കണ്ടിരിക്കേണ്ട ചിത്രം, ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന പെണ്‍കുട്ടികള്‍

കണ്ടിരിക്കേണ്ട ബോളിവുഡ് ചിത്രങ്ങളുടെ ഗണത്തിലേക്ക് ചേര്‍ക്കാവുന്ന ഒന്നു തന്നെയാണ് പിങ്കും.ഇന്ത്യ എന്ന മഹാരാജ്യത്ത് ജീവിക്കുന്ന കോടിക്കണക്കിന് സ്ത്രീജനങ്ങളുടെ ദൈനംദിന ജീവിതത്തോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന പ്രമേയമാണ് പിങ്ക് കൈകാര്യം ചെയ്യുന്നത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന മൂന്ന് പെണ്‍കുട്ടികള്‍, അവരുടെ അതിജീവനം, സംവിധാനങ്ങളോടുള്ള പോരാട്ടം എന്നിവയാണ് പ്രമേയം.
ഇതൊരു ആക്ടിവിസ്റ്റ് സിനിമയാണെന്ന തെറ്റിദ്ധാരണ വേണ്ട. സ്ത്രീപക്ഷത്ത് നില്‍ക്കാന്‍ ശ്രമിക്കുന്ന സോഷ്യല്‍ ഡ്രാമാ വിഭാഗത്തിലുള്ള സിനിമയാണിത്. പരമ്ബരാഗത സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറിനിന്ന് കൊണ്ടാണ് ബംഗാളി സംവിധായകനായ അനിരുദ്ധ റോയ് ചൗധരി ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
മുഖ്യധാരാ ബോളിവുഡ് ചിത്രങ്ങള്‍ പറയാന്‍ മടിക്കുന്ന പലതും പിങ്കിലൂടെ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. അനുരിദ്ധയുടെ ആദ്യ ഹിന്ദി ചിത്രമാണിത്. ജീന്‍സും ടീഷര്‍ട്ടും ഷോര്‍ട്ട് സ്‌കേര്‍ട്ട്‌സുമൊക്കെ ധരിക്കുന്ന, പാര്‍ട്ടിയ്ക്ക് പോയി മദ്യപിക്കുന്ന സ്ത്രീകളോടും പെണ്‍കുട്ടികളോടും എന്ത് ഹീനകൃത്യവും ചെയ്യുന്നതില്‍ തെറ്റില്ലെന്നുള്ള സാമൂഹിക പൊതുബോധത്തെ കണക്കിന് വിമര്‍ശിക്കുന്ന സിനിമ സ്ത്രീപക്ഷത്ത് നിന്ന് കൊണ്ടാണ് കഥ പറയുന്നത്.
ധൈര്യമുള്ളവരായ പെണ്‍കുട്ടികളുടെ വായടപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം അവരെ വഴിപിഴച്ചവരായി ചിത്രീകരിക്കുകയാണെന്ന ആണധികാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഈ സിനിമയിലുമുണ്ട്. എന്നാല്‍ പെണ്ണിനെ അവളുടുത്തിരിക്കുന്ന വസ്ത്രത്തിന്റെ വലുപ്പത്തിലൂടെയല്ല വിലയിരുത്തേണ്ടതും അളക്കേണ്ടതെന്നും കൃത്യമായ സംഭാഷണങ്ങളിലൂടെ സംവിധായകന്‍ വിളിച്ചുപറയുന്നു.
നോ എന്ന വാക്കിന് മറ്റ് വ്യാഖ്യാനങ്ങളുടെ ആവശ്യമില്ല അതിനര്‍ത്ഥം നോ തന്നെയാണെന്ന സന്ദേശവും സിനിമ കൈമാറുന്നു. സാധാരണയായി ഇത്തരം കഥാസാഹചര്യങ്ങളില്‍ നമ്മള്‍ കാണുന്നത് സോഷ്യല്‍ മീഡിയയിലൂടെയുള്ള കസേര വിപ്ലവവും ആക്ടിവിസ്റ്റുകളുടെ ഇടപെടലുമാണെങ്കില്‍ ഇവിടെ കാണുന്നത് സംവിധാനത്തോട് പൊരുതി മടുത്ത ഒരു വയോധികന്‍ വീണ്ടും വക്കീല്‍ കുപ്പായമണിയുന്നതാണ്.
സാധാരണക്കാരായി ജോലി ചെയ്ത് ജീവിക്കുന്ന മൂന്ന് പെണ്‍കുട്ടികള്‍ റോക്ക് പാര്‍ട്ടിക്ക് പോകുന്നതും അവിടെവെച്ച് കാണുന്ന സുഹൃത്തിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതും അതേതുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് കഥ. അഭിഭാഷക സമൂഹം ഒന്നടങ്കം എതിര്‍ഭാഗത്തുള്ളവര്‍ സ്വാധീനമുള്ളവരാണെന്ന് കണ്ട് കൈയൊഴിയുമ്‌ബോള്‍ ഒരിക്കല്‍ ഊരി വെച്ച വക്കീല്‍ കുപ്പായം, ദുര്യോഗത്തിലായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി വീണ്ടും അണിയുകയാണ് ദീപക് സിംഗാല്‍.
പ്രായത്തിനൊത്ത കഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുക്കുന്ന അമിതാഭ് ബച്ചനോടുള്ള ബഹുമാനം ഓരോ സിനിമ കഴിയുമ്‌ബോഴും വര്‍ധിക്കുന്നു. അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ മറ്റൊരു ഉദാഹരണം എന്ന് മാത്രമെ ഇതേക്കുറിച്ച് പറയാനുള്ളു. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ സിനിമകളിലൂടെ ഇപ്പോഴും പെണ്ണ് അന്വേഷിച്ച് നടക്കുമ്‌ബോള്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ തനിക്ക് ഇണങ്ങുന്നത് എന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്ത് യശസ് വര്‍ധിപ്പിക്കുകയാണ്.
തപ്‌സി പന്നു, കിര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ തരിയംഗ്, അന്‍ഗത് ബേദി, ധൃതിമാന്‍ ചാറ്റര്‍ജി തുടങ്ങിയവരാണ് ഇതിലെ കഥാപാത്രങ്ങള്‍. തപ്‌സി പന്നുവിന്റെ ബോളിവുഡ് കരിയറിലെ ഏറ്റവും നല്ല കഥാപാത്രമായിരിക്കും മിനാല്‍ എന്ന പിങ്കിലെ കഥാപാത്രം. തപ്‌സിയുടെ സുഹൃത്തുക്കളായി എത്തിയ കിര്‍ത്തിയും ആന്‍ഡ്രിയയും മനസ്സില്‍ തട്ടുന്ന പ്രകടനമായിരുന്നു നടത്തിയത്.
ഏറെ മനസ്സില്‍ നില്‍ക്കുന്നത് ബച്ചന്റെ കഥാപാത്രം തന്നെ. ഇയാള്‍ നായകന്‍ ഇവര്‍ നായിക എന്ന് ചൂണ്ടിക്കാണിക്കാനില്ലെങ്കിലും കഥ ചുറ്റിപറ്റി നില്‍ക്കുന്നത് മിനാല്‍, ദീപക് സിംഗാല്‍ എന്നിവരിലാണ്. അനാവശ്യമെന്ന തോന്നലുണ്ടാക്കിയേക്കാം എന്നതിനാലാകണം കഥാപാത്രങ്ങളുടെ ഭൂതകാലം ചികയാന്‍ സംവിധായകന്‍ മിനക്കെട്ടിട്ടില്ല. കണ്ടിരിക്കേണ്ട ബോളിവുഡ് ചിത്രങ്ങളുടെ ഗണത്തിലേക്ക് ചേര്‍ക്കാവുന്ന ഒന്നു തന്നെയാണ് പിങ്കും.
https://www.facebook.com/Malayalivartha