'ലജ്ജാവതി'യോടൊപ്പം ചുവട് വെച്ചതിനെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ്, ഫെയ്സ്ബുക്കില്‍ പങ്കുവച്ചു ജയരാജ്
ജയരാജിന്റെ ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ ലജ്ജാവതിയേ...എന്ന ഗാനം അന്ന് യുവത്വങ്ങളെ ഇളക്കി മറിച്ചത് ചില്ലറയൊന്നുമല്ല. അന്ന് 'വൈറല്‍ ആകല്' പ്രസ്ഥാനം എത്തിയിട്ടുണ്ടായിരുന്നില്ല. എങ്കിലും ഇപ്പോള്‍ ധൈര്യമായി പറയാം, ഈ പാട്ടിലൂടെ ജാസി ഗിഫ്റ്റും അദ്ദേഹത്തിന്റെ ശബ്ദവും വൈറലാവുകയായിരുന്നു.
പുതുമുഖങ്ങളെ അണിനിരത്തി പുറത്തിറക്കിയതായിരുന്നു ചിത്രമെങ്കിലും അത് സൂപ്പര്‍ഹിറ്റായി. ഫോര്‍ ദ പീപ്പിള്‍ പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ കഴിയുന്ന ഈ അവസരത്തില്‍ ചിത്രത്തെക്കുറിച്ചും തിയേറ്ററില്‍ ലജ്ജാവതിയ്ക്കൊപ്പം ചുവട് വെച്ചതിനെ കുറിച്ചും പി.ജെ സുജാന്ത് കുമാര്‍ എന്നൊരാള്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജയരാജ് തന്നെയാണ് ഈ കുറിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
സുജാന്തിന്റെ കുറിപ്പ് വായിക്കാം....
'' പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് (അന്ന് തൃശ്ശൂരിലെ രാംദാസ് തിയേറ്ററിലെ സ്ക്രീനുകള്‍ ഇന്നത്തെപ്പോലെ രണ്ടാക്കിയിട്ടില്ല). തിയേറ്റര്‍ മുഴുവന്‍ കൗമാരക്കാരക്കാര്‍ നിറഞ്ഞിരിക്കുകയായിരുന്നു. സിനിമ കഴിഞ്ഞപ്പോള്‍, എന്‍ഡ് ക്രെഡിറ്റ്സ് സ്ക്രീനില്‍ കാണിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ 'ലജ്ജാവതിയെ' എന്ന പാട്ട് വച്ചു. ആണ്‍കുട്ടികളുടെ ഒരു വലിയ കൂട്ടം ആ വലിയ പ്രൊജക്ഷന് സ്ക്രീനിന് മുന്നിലേക്ക് ഓടിക്കയറി. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കണം പ്രേക്ഷകര്‍ പാട്ടിനൊപ്പം ചുണ്ടനക്കി ഇങ്ങനെ പാടുന്നത്. 'വാച്ച വാച്ച' എന്ന ആദ്യത്തെ മല്ലു റാപ്പിന്റെ അര്‍ഥംപോലും അറിയാതെ.... അവര്‍ അവരുടെ ഷര്‍ട്ടൂരി പാട്ടിന്റെ താളത്തിനൊപ്പം വീശി
ഇതുപോലൊരു വൈകാരികമായ ഗാനം(പക്ഷെ, അതു വരിക ഒരു വ്യാഴവട്ടത്തിനിടയില്‍ ആയിരിക്കും) നിങ്ങളുടെ കോളേജ് ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉറപ്പാണ്, നിങ്ങളുടെ ആ ദിവസങ്ങള്‍ അതിഗംഭീരമായിരിക്കും. ഞാന്‍ ഭാഗ്യവാനാണ്. ആ വലിയ സ്ക്രീനിനു മുന്നില്‍ ഷര്‍ട്ടൂരി വീശിയ ആ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.
ലജ്ജാവതിയേ...! ഫോര്‍ ദ പീപ്പിളിന്റെ അതിഗംഭീര വിജയത്തിനു പിന്നില്‍ ഈ അതിമനോഹരമായ ഗാനമല്ലാതെ മറ്റൊന്നുമില്ല.''
https://www.facebook.com/Malayalivartha