കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍

കെഎസ്ആര്‍ടിസിയുടെ പുതിയ എക്‌സിക്യൂട്ടീവ് ക്ലാസ് ബസ് സര്‍വീസ് നാളെ മുതല്‍ യാത്ര ആരംഭിക്കും. ആലപ്പുഴ–ബംഗളൂരു റൂട്ടിലാണ് ടോയ്‌ലറ്റ്, പാന്‍ട്രി, കഫറ്റീരിയ തുടങ്ങിയ സൗകര്യങ്ങളോടെ പുതിയ സര്‍വീസ് ഓടി തുടങ്ങുന്നത്. ആലപ്പുഴയില്‍ നാളെ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി സര്‍വീസ് ഉദ്ഘാടനം ചെയ്യും. നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക.
ആലപ്പുഴയില്‍ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂര്‍ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പിറ്റേദിവസം രാവിലെ 5.55ന് ബംഗളൂരുവിലെത്തും. അവിടെ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന ബസ് ഇതേ റൂട്ടിലൂടെ യാത്ര ചെയ്ത് പിറ്റേദിവസം രാവിലെ എട്ടിന് ആലപ്പുഴയില്‍ എത്തിച്ചേരുന്നതാണ് സമയക്രമം.
യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി സെമി സ്ലീപ്പര്‍ സീറ്റുകള്‍, എയര്‍ സസ്‌പെന്‍ഷന്‍, ടോയ്‌ലറ്റ് തുടങ്ങിയ സംവിധാനങ്ങളാണ് ബസിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. സീറ്റുകളുടെ പിന്നില്‍ വ്യക്തിഗത സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക് എന്നിവയും യാത്രക്കാര്‍ക്ക് ലഭിക്കും.
യാത്രയ്ക്കിടെ ചായ അടക്കമുള്ള ലഘുഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം പാന്‍ട്രി സംവിധാനവും ബസിലുണ്ടാകും. ദീര്‍ഘദൂര യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് പുതിയ സര്‍വീസിലൂടെ കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. എക്‌സിക്യൂട്ടീവ് ക്ലാസ് സര്‍വീസിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. onlineksrtcswift.com വഴിയും 9447071021 എന്ന വാട്‌സാപ്പ് നമ്പറിലൂടെയും ടിക്കറ്റ് റിസര്‍വ് ചെയ്യാം. യാത്രാമാര്‍ഗം, തീയതി, സര്‍വീസ്, സീറ്റ് എന്നിവ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി തന്നെ പണമടയ്ക്കാം. ബുക്കിംഗ് പൂര്‍ത്തിയാക്കിയ മുറയ്ക്ക് ഇടിക്കറ്റും പിഎന്‍ആര്‍ വിവരങ്ങളും വാട്‌സാപ്പിലൂടെ തന്നെ ലഭിക്കും.
https://www.facebook.com/Malayalivartha


























