'പരോളിന്റെ തുടക്കഭാഗങ്ങൾ ഞാൻ കരുതിയ പോലെ നന്നായി വന്നിട്ടുണ്ടായിരുന്നില്ല. പക്ഷെ പകുതി കഴിഞ്ഞതോടെ രംഗം മാറി. എല്ലാവരും നിശബ്ദരായി. പ്രദർശനം കഴിഞ്ഞപ്പോൾ എന്റെ അടുത്തിരുന്ന സ്ത്രീ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. സോപാനത്തിലെ സഹപ്രവർത്തകരും അഭിനന്ദനങ്ങളുമായി വന്നു. എന്റെയും കണ്ണുകൾ നിറഞ്ഞു...' സനൽകുമാർ ശശിധരൻ കുറിക്കുന്നു

'പരോൾ' എന്ന സിനിമയെ കുറിച്ച് സംവിധായകൻ സനൽകുമാർ ശശിധരന്റെ വാക്കുകൾ ചർച്ചയാകുകയാണ്. 'പരോൾ'നെ കുറിച്ച് ഓർക്കുമ്പോൾ എഴുതാതെ ഇരിക്കാനാവാത്ത ഒന്ന് 'സൈൻസ്' ഫെസ്റ്റിവലിലെ അതിന്റെ ആദ്യ പ്രദർശനവുമായി ബന്ധപ്പെട്ടതാണ് എന്നും അദ്ദേഹം പറയുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
'പരോൾ'നെ കുറിച്ച് ഓർക്കുമ്പോൾ എഴുതാതെ ഇരിക്കാനാവാത്ത ഒന്ന് 'സൈൻസ്' ഫെസ്റ്റിവലിലെ അതിന്റെ ആദ്യ പ്രദർശനവുമായി ബന്ധപ്പെട്ടതാണ്. വക്കീൽ ജോലിക്കും സിനിമയിലെ അസിസ്റ്റന്റ് പണിക്കും ഇടയിൽ തത്തിക്കളിച്ച നാളുകളിൽ കുറച്ചു കാലത്തേക്ക് ഞാൻ കാവാലം നാരായണ പണിക്കർ സാറിന്റെ 'സോപാനം' നാടക കളരിയിൽ ചേർന്നിരുന്നു. ഇന്റേൺസിനെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ട് ഞാനും കൊല്ലപ്പെട്ട എസ് വി പ്രദീപും അപേക്ഷിക്കുക ആയിരുന്നു. വിശദമായ അഭിമുഖത്തിനു ശേഷം എനിക്ക് സെലക്ഷൻ കിട്ടി. ആദ്യമൊക്കെ രസമായിരുന്നു.
നാളുകൾ കഴിയുന്തോറും അവിടുത്തെ സ്ഥിരം അന്തേവാസികൾക്ക് പുതുതായി വന്ന ആളോടുള്ള അകൽച്ച പ്രകടമായി വന്നു. അവിടെ ചേർന്നതിനു ശേഷമുള്ള ആദ്യത്തെ പ്രോഗ്രാം കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ വെച്ചുള്ള ഒരു പൊതുപരിപാടിയുടെ മുന്നോടി ആയിട്ടുള്ളതായിരുന്നു. ഞങ്ങൾ അവിടെ എത്തിയപ്പോൾ ആരും പരിഗണിച്ചില്ല. ഭക്ഷണം പോലും കിട്ടാതെ വന്നപ്പോൾ നാടക സംഘത്തിനുള്ളിൽ മുറുമുപ്പ് വളർന്നു. എങ്കിലും സംഘാടകരെ അത് അറിയിക്കാൻ ആരും തയാറായില്ല.
എല്ലാവരുടെയും ഉള്ളിലുള്ള അമർഷം സംഘാടകരെ അറിയിക്കാൻ ഞാൻ തയാറായപ്പോൾ എല്ലാവരും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെ ഞാൻ അത് പറഞ്ഞു. പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സോപാനം അന്ന് മാനേജ് ചെയ്തിരുന്ന കാവാലം സാറിന്റെ മകൻ ഹരിച്ചേട്ടൻ എന്നെ വിളിപ്പിച്ചു. സോപാനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞു. കൂട്ടത്തിൽ ലേ മെറിഡിയനിലെ സംഭവങ്ങളും. ഞാൻ എനിക്കറിയാവുന്നത് മറയൊന്നും കൂടാതെ പറഞ്ഞു. അൽപ സമയം കഴിഞ്ഞപ്പോൾ കാവാലം നാരായണ പണിക്കർ സാർ എന്നെ വിളിച്ചു. നൃത്തനാടകരുപങ്ങളാണ് 'സോപാന'ത്തിൽ ചെയ്തിരുന്നത്. എന്റെ വലതു കാലിന് പോളിയോ രോഗം വന്നതിന്റെ ഒരു ശേഷികുറവുണ്ടായിരുന്നു. അക്കാരണം കൊണ്ട് നാടകങ്ങളിൽ എന്റെ പെർഫോമൻസ് ശരിയാവുന്നില്ല എന്നദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ സിവിഎൻ കളരിയിൽ പോയി കുറച്ചു ദിവസം കളരി പരിശീലനം നടത്തിയ ശേഷം തിരികെ വരാൻ അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെയാണ് 'സോപാന'ത്തിൽ നിന്ന് ഞാൻ പുറത്താകുന്നത്. പിന്നീട് ഗൾഫിൽ പോവുകയും തിരിച്ചെത്തുകയും ചെയ്തശേഷം ചെയ്ത 'പരോൾ' സൈൻസ് ഫെസ്റ്റിവലിൽ കാണിക്കുമ്പോൾ സോപാനത്തിലെ സഹപ്രവർത്തകരെ വീണ്ടും കണ്ടു. പ്രദർശനം തുടങ്ങിയത് മുതൽ അവർ കൂക്കി വിളിക്കാൻ തുടങ്ങി. പരോളിന്റെ തുടക്കഭാഗങ്ങൾ ഞാൻ കരുതിയ പോലെ നന്നായി വന്നിട്ടുണ്ടായിരുന്നില്ല. പക്ഷെ പകുതി കഴിഞ്ഞതോടെ രംഗം മാറി. എല്ലാവരും നിശബ്ദരായി. പ്രദർശനം കഴിഞ്ഞപ്പോൾ എന്റെ അടുത്തിരുന്ന സ്ത്രീ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. സോപാനത്തിലെ സഹപ്രവർത്തകരും അഭിനന്ദനങ്ങളുമായി വന്നു. എന്റെയും കണ്ണുകൾ നിറഞ്ഞു.
https://www.facebook.com/Malayalivartha