എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും സർവീസുകൾ നിർത്തി പൂർണമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്

എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും സർവീസുകൾ നിർത്തി പൂർണമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ആവശ്യപ്പെട്ടു.
ഇലക്ട്രോണിക്സ് തകരാറുകളെ തുടർന്ന് വിയന്ന- ഡൽഹി എയർ ഇന്ത്യ വിമാനം ദുബായിലേക്ക് വഴിതിരിച്ചുവിട്ടതിനു പിന്നാലെ ആവശ്യവുമായി പൈലറ്റുമാർ രംഗത്തെത്തി. എയർ ഇന്ത്യയുടെ മോശം സേവനത്തിന്റെ സൂചനകളാണ് ഇത്തരം സംഭവങ്ങളെന്ന് പൈലറ്റുമാർ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.
എയർ ഇന്ത്യ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക ഡിജിസിഎ ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. അമൃത്സറിൽ നിന്ന് ബർമിംഗ്ഹാമിലേക്കുള്ള AI-117 വിമാനത്തിനും വിയന്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള AI-154 വിമാനത്തിനുമുണ്ടായ സാങ്കേതിക തകരാറുകളെപ്പറ്റി കത്തിൽ പറയുന്നു.
ചുരുങ്ങിയ സമയത്തിനിടയ്ക്കാണ് വിമാനങ്ങളിൽ പ്രശ്നങ്ങളുണ്ടായതെന്നും അതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
എയർ ഇന്ത്യയുടെ എല്ലാ ബോയിങ് വിമാനങ്ങളും ഉടൻ തന്നെ സർവീസ് അവസാനിപ്പിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിക്കുന്നതായി സംഘടന കത്തിൽ പറഞ്ഞു.
"
https://www.facebook.com/Malayalivartha