എങ്ങനെയാണ് മീനാക്ഷി നീ ഇത്തരം സാഹചര്യങ്ങളെ ബോൾഡായി നേരിടുന്നത്? ആ ഇമോഷണൽ ബാലൻസ് എങ്ങനെ ഉണ്ടായി? മീനാക്ഷിയോട് ചോദ്യങ്ങളുമായി ഉറ്റ സുഹൃത്ത് നമിത പ്രമോദ്

ദിലീപിന്റെ മകൾ മീനാക്ഷി നടി നമിതയുടെ അടുത്ത സുഹൃത്താണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിരുന്നു. ആദ്യ കാഴ്ചയിൽ അഹങ്കാരി ആയി തോന്നിയ മീനാക്ഷിയോട് താൻ മിണ്ടിയത് പോലുമില്ലെന്നും പിന്നീട് ഒരു വിമാന യാത്രയ്ക്കിടെയാണ് സൗഹൃദം ഉടലെടുത്തതെന്നും നമിത പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം അല്ലാത്ത മീനാക്ഷിയോടൊപ്പമുള്ള ചിത്രങ്ങൾ നമിത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ മീനാക്ഷിയോട് ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് നമിത. 'എങ്ങനെയാണ് നീ ഇത്രയും ബോൾഡ് ആയത്. എങ്ങനെയാണ് ഇത്രയും സാഹചര്യങ്ങളെ ബോൾഡായി നേരിടുന്നത്. എങ്ങനെയാണ് ആ ഇമോഷണൽ ബാലൻസ് എന്നെനിക്ക് ചോദിക്കണം എന്നുണ്ട്,' നമിത പ്രമോദ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നമിതയുടെ ചോദ്യം.
കൂടാതെ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നമിത സംസാരിച്ചു. ഞാനിപ്പോൾ ജീവിതത്തിൽ നിൽക്കുന്നത് വളരെ സന്തോഷമുള്ള ഘട്ടത്തിലാണ്. ഞാൻ അങ്ങനെ അഭിനയിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞോട്ടെ. പക്ഷെ മറ്റുള്ളവരുടെ നെഗറ്റിവിറ്റി നമ്മളുടെ സന്തോഷത്തെ തകർക്കാൻ അനുവദിക്കരുതെന്നും നമിത പറഞ്ഞു.
ആളുകളെ നഷ്ടപ്പെടുന്നത് ഭയങ്കരമായ വിഷമമാണ്. കാരണം ഞാനെന്റെ ജീവിതത്തിൽ കൂടെ നിൽക്കുമെന്ന് വിചാരിച്ച പല സുഹൃത്തുക്കളും ഇപ്പോൾ കൂടെ ഇല്ല. കാരണം അവരുടെ മുൻഗണനകൾ മാറിയിട്ടുണ്ടാവും. എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. പക്ഷെ വളരെ അടുത്ത സുഹൃദ് വലയത്തിലുള്ളവർ കുറവാണ്.
അവരെ ഞാൻ ഒരുപാട് വിശ്വസിക്കും. അങ്ങനെ കരുതിയ പലരും എന്റെ ജീവിതത്തിൽ നിന്ന് പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകൾ എന്റെ ജീവിതത്തിലേക്ക് വന്നിട്ടുമുണ്ട്. അതിനേക്കാളും മനോഹരമായ ഓർമ്മകൾ തന്നിട്ടുമുണ്ട്. ആളുകളെ നഷ്ടമാവുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പേടി ഉള്ള കാര്യം. അത് റിലേഷൻഷിപ്പല്ല. ഒരു പക്ഷെ ബ്രേക്ക് അപ്പിനേക്കാൾ കൂടുതൽ നമുക്ക് വിഷമം ഉണ്ടാക്കുന്നത് നമ്മളുടെ നല്ല സുഹൃത്തുക്കൾ ജീവിതത്തിൽ നിന്ന് പോവുന്നതായിരിക്കും എന്ന് നമിത പറയുന്നു.
https://www.facebook.com/Malayalivartha