ഡ്യൂപ്പില്ലാതെ കാർ ഡ്രിഫ്റ്റ് ചെയ്ത് മമ്മൂട്ടി; ആരാധകരുടെയും ലൊക്കേഷനിലുള്ളവരുടെയും കിളിപറത്തി മെഗാസ്റ്റാർ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'റോഷാക്ക്' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ റോഷാക്കിലെ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.71കാരനായ മമ്മൂട്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫോര്‍ഡ് മസ്താംഗ് കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ.
ചിത്രത്തിൽ മമ്മൂട്ടി ഉപയോഗിക്കുന്ന ഫോര്‍ഡിന്‍റെ മസ്ടാങ് കാറും ശ്രദ്ധേയമായൊരു കഥാപാത്രമാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്‍റണി എന്ന കഥാപാത്രം വളരെ അനായാസാമായി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ ചിത്രീകരണ വീഡിയോ ആണിത്. വളരെ നിസാരമായി, ഡ്യൂപ്പിന്റെ സഹായമില്ലാതെ മമ്മൂട്ടി തന്നെയാണ് ആ കാർ ഡ്രിഫ്റ്റിങ് രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. സിംഗിള്‍ ടേക്കില്‍ ഷോട്ട് ഓകെയാക്കിയ മമ്മൂട്ടിയെ അഭിനന്ദിക്കാനായി ഓടിയെത്തുന്ന അണിയറപ്രവർത്തകരെയും വീഡിയോയിൽ കാണാം.
മമ്മൂട്ടിക്ക് കാറുകളോടും ഡ്രൈവിംഗിനോടുമുള്ള ഭ്രമം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. തന്റെ ചിത്രങ്ങളിൽ കാർ കൊണ്ടുള്ള അഭ്യാസങ്ങൾ കാണിക്കാൻ അദ്ദേഹത്തിന് ഏറെ താൽപര്യവുമാണ്. സൈലൻസ്, പോക്കിരിരാജ, എബ്രഹാമിന്റെ സന്തതികൾ, ഗ്രേറ്റ്ഫാദർ തുടങ്ങി ധാരളം സിനിമകളിൽ കാറുകൾ ഡ്യൂപ്പില്ലാതെ തന്നെ മമ്മൂട്ടി ഡ്രിഫ്റ്റ് ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിലേക്കുള്ള പുതിയ ചിത്രമാണ് റോഷാക്ക്. റോഷാക്കിന് വേണ്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ കാർ ഡ്രിഫ്റ്റ് ചെയ്യുന്ന മമ്മൂട്ടിയുടെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത് പ്രമുഖ നിർമ്മാതാവായ ബാദുഷയാണ്.
കെട്ട്യോളാണ് എന്റെ മാലാഖയ്‌ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സമീർ അബ്‍ദുൾ ആണ് റോഷാക്കിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ചിത്രം നിർമ്മിച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് സിനിമ തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha