'നിരാഹാരം കിടന്ന് സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിയ ഒരു നേതാവിന്റെ കുടക്കീഴിലുള്ള പ്രസ്ഥാനത്തിന്റെ നേതാവ് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നിസ്സഹായനായി. സിനിമ തിയേറ്ററിൽ ഉണ്ടാവുക എന്നതായിരുന്നു എന്റെ ആവശ്യം. ഞാനയാളുടെ കാലുപിടിച്ചു. സിനിമ മാറ്റരുത് എന്ന് യാചിച്ചു. ഒരു രാജാവിനെപോലെ അയാൾ കനിഞ്ഞു...' ഒരാൾപ്പൊക്കം എന്ന സിനിമയെ കുറിച്ച് വ്യക്തമാക്കി സനൽകുമാർ ശശിധരൻ

'ഒരാൾപ്പൊക്കം' റിലീസുമായി ബന്ധപ്പെട്ട് ഓർക്കുമ്പോൾ സുഖവും ദുഃഖവും സമ്മാനിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്കിലാണ് അനുഭവം പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഫെയ്സ് ബുക്ക് കടന്നുപോയ കനൽപാതകൾ ഓർമിപ്പിക്കുന്നു. 'ഒരാൾപ്പൊക്കം' റിലീസുമായി ബന്ധപ്പെട്ട് ഓർക്കുമ്പോൾ സുഖവും ദുഃഖവും സമ്മാനിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ട്. 'ഒരാൾപ്പൊക്കം' പോലെ ചെറുകിട ആർട്ട് സിനിമകൾക്ക് തിയേറ്റർ കിട്ടില്ല എന്ന സാഹചര്യം ഉണ്ടായിരുന്നു. അതുകൊണ്ട് സിനിമാവണ്ടി എന്ന പ്രസ്ഥാനം ആവിഷ്കരിച്ച് അതിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ഫിലിം സോസൈറ്റികളും സാംസ്‌കാരിക സംഘടനകളും ആ സംരംഭത്തെ ഏറ്റെടുത്തതോടെ അതൊരു വലിയ വിജയമായി. 'ഒരാൾപൊക്കം' കഴിഞ്ഞ് ഡോൺ പാലത്തറയുടെ 'ശവം', ഷാനവാസ് നരണിപ്പുഴയുടെ 'കരി' എന്നീ സിനിമകളും പിൽക്കാലത്ത് സിനിമാ വണ്ടിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ആളുകൾ ശ്രദ്ധിച്ചതോടെ 'ഒരാൾപ്പൊക്കം' തിയേറ്ററിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മികച്ച സംവിധായകനും മികച്ച ശബ്ദലേഖനത്തിനും ഉള്ള അവാർഡുകൾ കൂടി ലഭിച്ചതോടെ അതിന്റെ തിയേറ്റർ റിലീസിന് അരങ്ങൊരുങ്ങി. Ksfdc യുടെ തിയേറ്ററുകളെ ആയിരുന്നു പ്രധാനമായും ലക്ഷ്യമിട്ടത്. കലാമൂല്യമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ksfdc യ്ക്ക് 'ഒരാൾപ്പൊക്കം' സിനിമയെ പിന്തുണയ്ക്കാനുള്ള ധാർമിക ബാധ്യതയും ഉണ്ടായിരുന്നു. 8-10 തിയേറ്ററുകളിൽ കേരളത്തിലെങ്ങും സിനിമ റിലീസ് ചെയ്തു. ആദ്യത്തെ ഒരാഴ്ചകൊണ്ട് സിനിമയെ കുറിച്ചുള്ള വാർത്തകൾ പരന്നു. ആളുകൾ തിയേറ്ററിലേക്ക് വന്നു തുടങ്ങി.
എല്ലാവരും ശുഭപ്രതീക്ഷയോടെ ഇരിക്കുമ്പോൾ പെട്ടെന്ന് ksfdc തീരുമാനം മാറ്റി. നല്ലരീതിയിൽ ഓടിക്കൊണ്ടിരുന്ന സിനിമയെ തിയേറ്ററിൽ നിന്ന് എടുത്തെറിഞ്ഞു. അന്ന് സിനിമാവകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ സാറിന്റെ പേഴ്സണൽ സ്റ്റാഫിലെ എന്റെ സുഹൃത്ത് Nissam Syed ന്റെ സഹായത്തോടെ ഞാൻ മന്ത്രിയെ കണ്ടു. തിരുവഞ്ചൂർ അനുകൂലമായി സംസാരിച്ചു. Ksfdc ചെയർമാനായിരുന്ന രാജ്‌മോഹൻ ഉണ്ണിത്താനെ വിളിച്ചു സംസാരിക്കാം എന്നും അയാളെ പോയി കാണാനും എന്നോട് ആവശ്യപ്പെട്ടു. Ksfdc ഓഫിസിൽ പോയി രാജ്‌മോഹൻ ഉണ്ണിത്താനെ കണ്ടു. ഞാൻ നേരിട്ട് മന്ത്രിയെ പോയി കണ്ടതിൽ തന്റെ നീരസം പ്രകടിപ്പിച്ചുകൊണ്ട് സിനിമ പുനസ്ഥാപിക്കാനാവില്ല എന്നയാൾ അലറി.
ഞാൻ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം കിടക്കും എന്ന് പറഞ്ഞു. "നീ നിരാഹാരം കിടന്നാൽ നീ പട്ടിണി കിടന്ന് ചാവും. അത്രേ ഉള്ളു" എന്നയാൾ പറഞ്ഞു. നിരാഹാരം കിടന്ന് സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിയ ഒരു നേതാവിന്റെ കുടക്കീഴിലുള്ള പ്രസ്ഥാനത്തിന്റെ നേതാവ് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നിസ്സഹായനായി. സിനിമ തിയേറ്ററിൽ ഉണ്ടാവുക എന്നതായിരുന്നു എന്റെ ആവശ്യം. ഞാനയാളുടെ കാലുപിടിച്ചു. സിനിമ മാറ്റരുത് എന്ന് യാചിച്ചു. ഒരു രാജാവിനെപോലെ അയാൾ കനിഞ്ഞു. ഒരാഴ്ച കൂടി 'ഒരാൾപ്പൊക്കം' തിയേറ്ററിൽ ഓടി.
https://www.facebook.com/Malayalivartha