രാഷ്ട്രീയ പ്രവേശനം നടത്താൻ ഒരുങ്ങുന്നുവെന്ന പ്രചരണം തള്ളി നടൻ ഉണ്ണി മുകുന്ദൻ... ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർഥിയായി ഉണ്ണി മുകുന്ദൻ മത്സരിക്കാൻ ഒരുങ്ങുന്നു, പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാകും മുതലായ അഭ്യൂഹങ്ങളാണ് താരത്തിന് നേരെ പ്രചരിച്ചത്....

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർഥിയായി ഉണ്ണി മുകുന്ദൻ മത്സരിക്കാൻ ഒരുങ്ങുന്നു, പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാകും മുതലായ അഭ്യൂഹങ്ങളാണ് താരത്തിന് നേരെ പ്രചരിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നും താരം വ്യക്തമാക്കി.
‘ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന തരത്തിൽ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അതെല്ലാം വ്യാജമാണ്. പുതിയ ചിത്രമായ ‘ഗന്ധർവ ജൂനിയറി’ന്റെ തിരക്കിലാണ് ഇപ്പോൾ. വലിയ ഷെഡ്യൂളാണത്. കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കാം. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അതിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് അഭ്യർഥിക്കുന്നു.രാഷ്ട്രീയവും രാഷ്ട്രീയക്കാരും നേരിട്ട് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് അവരോട് എന്നും ബഹുമാനമാണ്. ഞാൻ രാഷ്ട്രീയ പ്രവർത്തനത്തെ നിസാരമായി കാണുന്നില്ല’– എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.
ബിജെപി ടിക്കറ്റിൽ തിരുവനന്തപുരത്ത് മത്സരിക്കുമോയെന്ന ചോദ്യത്തോട് ഇന്നലെ പരിഹാസ രൂപേണ ‘മാറി നിന്ന് സംസാരിക്കാം’ എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള താരത്തിന്റെ പ്രതികരണം. ‘മാളികപ്പുറം’ സിനിമയുടെ 100-ാം ദിന ആഘോഷവേളയിലായിരുന്നു സംഭവം.അതേസമയം സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പരിഹാസ രൂപേണ ചിരിച്ചതല്ലാതെ കൃത്യമായ മറുപടി നൽകാൻ താരം തയ്യാറായില്ല. നിലവിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വലിയ തയ്യാറെടുപ്പുകളാണ് ബിജെപി നടത്തുന്നത്.
എ ക്ലാസ് മണ്ഡലമായ പാലക്കാട് മണ്ഡലത്തിൽ ഉണ്ണി മുകുന്ദനെ ഇറക്കി വിജയം പിടിക്കാമെന്നാണ് എൻഡിഎ പാളയത്തിന്റെ പ്രതീക്ഷ. ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രിയതയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഈ വർഷം തുടക്കം മുതൽ നടനെ വിവിധ പരിപാടികൾക്കായി ബിജെപി പാലക്കാട് ജില്ലയിൽ എത്തിച്ചിരുന്നു. ‘മാളികപ്പുറം’ ചിത്രത്തിലൂടെ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ഉണ്ണി മുകുന്ദന് പ്രത്യേക സ്വീകാര്യത കൈവന്നിട്ടുണ്ട്. ഇതെല്ലാം ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാൻ സഹായിക്കുമെന്നും വിജയ സാധ്യത വർധിപ്പിക്കുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം, മാളികപ്പുറം നൂറാം ദിനം പിന്നിടുമ്പോഴും സിനിമ കാണാൻ കാണികൾ എത്തുന്നത് ഏറെ സന്തേഷം നൽകുന്നുവെന്നും തന്റെ കരിയറിലെ ആദ്യ സിനിമയാണ് 100-ാം ദിവസം എത്തി നിൽക്കുന്നത് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഈ വർഷത്തെ ആദ്യ ഹിറ്റെന്ന നിലയിൽ സന്തോഷമുണ്ട് എന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha