ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്... വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം

ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം. ക്യാപ്റ്റന്‍ സജന സജീവിന്റെയും എസ് ആശയുടെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ് കേരളത്തിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒരു പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയ്ക്ക് സ്‌കോര്‍ 17ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റില്‍ റിദ്ദിയും, മോനയും ചേര്‍ന്ന് 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും അടുത്തടുത്ത ഇടവേളകളില്‍ മടങ്ങിയതോടെ ഒത്തു ചേര്‍ന്ന ബി എസ് ഫുല്‍മാലി,എല്‍ എം ഇനാംദാര്‍ എന്നിവര്‍ ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് വിദര്‍ഭയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഫുല്‍മാലി 46 റണ്‍സും ഇനാംദാര്‍ 23 റണ്‍സും നേടി. കേരളത്തിന് വേണ്ടി ഷാനി ടി, എസ് ആശ, സലോനി ഡങ്കോരെ എന്നീ താരങ്ങള്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. എഴ് റണ്‍സെടുക്കുന്നതിനിടെ ഷാനി, ദൃശ്യ, നജ്‌ല എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. നാലാം വിക്കറ്റില്‍ സജനയും ആശയും ചേര്‍ന്നുള്ള 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തിന് വിജയമൊരുക്കിയത്. ആശ 52 പന്തുകളില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സുമടക്കം 61 റണ്‍സെടുത്തു. സജന 52 പന്തുകളില്‍ നിന്ന് എട്ട് ഫോറും ഒരു സിക്‌സും അടക്കം 57 റണ്‍സുമായി പുറത്താകാതെ നിന്നു. 19.5 ഓവറില്‍ കേരളം ലക്ഷ്യത്തിലെത്തി. വിദര്‍ഭയ്ക്ക് വേണ്ടി കെ ആര്‍ സന്‍സദ് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
"https://www.facebook.com/Malayalivartha