മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; മാധ്യമങ്ങളോടു പ്രതികരിക്കാതെ വൈദ്യ പരിശോധനയ്ക്ക് മുകേഷ്...
നടനും എംഎല്‍എയുമായ മുകേഷ് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിൽ. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊച്ചി തീരദേശ പൊലീസ് ഓഫീസിലായിരുന്നു എഐജി പൂങ്കുയലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകൾ നേരത്തെ വന്നിരുന്നു. അതേസമയം മുകഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. വൈദ്യ പരിശോധന നടത്തിയ ശേഷമാണു വിട്ടയക്കുക.
ഇന്ന് രാവിലെ 10:15 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അഭിഭാഷകന്റെ കൂടെയാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. മുകേഷ് നല്‍കിയ മൊഴികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മരട് പൊലീസാണ് നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്.
പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു.
നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, പുറത്തിറങ്ങിയ മുകേഷ് മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി. രാവിലെ അഭിഭാഷകന് ഒപ്പമാണ് മുകേഷ് എത്തിയത്.
https://www.facebook.com/Malayalivartha