എ.കെ ശശീന്ദ്രന്റെ ലൈംഗിക ഫോണ്‍ സംഭാഷണം; ജോയ് മാത്യു പ്രതികരിക്കുന്നത് ഇങ്ങനെ..

മന്ത്രിസഭയിലെ പ്രമുഖനും എന്‍ സി പി നേതാവുമായ എ കെ ശശീന്ദ്രനെതിരെ മംഗളം ടിവി ചാനല്‍ ഒന്നാം ദിവസം പുറത്തുവിട്ട ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. മംഗളം ചെയ്തത് ശരിയായോ ഇല്ലയോ എന്നതിനെ പറ്റി ചര്‍ച്ച തുടരുകയാണ്. എ കെ ശശീന്ദ്രന്‍ ഒരു സ്ത്രീയുമായി ടെലഫോണ്‍ സെക്‌സ് ചെയ്യുന്നു എന്ന് പറഞ്ഞാണ് മംഗളം ക്ലിപ്പ് പുറത്ത് വിട്ടത്. ഇതിനോട് നടന്‍ ജോയ് മാത്യു പ്രതികരിക്കുന്നത് ഇങ്ങനെ..
ഇതിന്റെ പേര്‍ മാധ്യപ്രവര്‍ത്തനം എന്നല്ല, കൂട്ടിക്കൊടുപ്പ് എന്നാണ്. കുളിമുറിയില്‍ ക്യാമറ വെയ്ക്കുന്നവന്റെ രോമാഞ്ചകഞ്ചുകമാണു ഇന്ന് മാധ്യപ്രവര്‍ത്തനം എന്നതിന്റെ പ്രത്യക്ഷോദാഹരണമാണു ഇന്നു കണ്ടത്. ഒരാള്‍ക്കിഷ്ടമുള്ളയാളുമായി സംസാരിക്കുന്നതും ഇടപഴകുന്നതും വേണ്ടിവന്നാല്‍ ഇണചേരുന്നതും ഒരു പൗരന്റെ മൗലീകാവകാശമല്ലേ?
അതു ഒളിക്യാറയിലോ ടെലഫോണ്‍ സംഭാഷണത്തിലൂടെയോ ചോര്‍ത്തി മാധ്യമ മുതലാളിക്ക് മറിച്ച് വില്‍ക്കുന്നവന്റെ പേരാണൂ കൂട്ടിക്കൊടുപ്പുകാരന്‍. ഒരു മന്ത്രിക്കെന്താ പെണ്ണുങ്ങളോട് സംസാരിച്ചൂടെ? ഇനി ആ സ്ത്രീക്ക് വിരോധമില്ലെങ്കില്‍ ഇണചേര്‍ന്നൂടെ? മന്ത്രി എന്ന നിലയില്‍ പൊതു ഖജനാവിനു മന്ത്രി എന്തെങ്കിലും നഷ്ടം വരുത്തിയൊ? അല്ലെങ്കില്‍ വഴിവിട്ട് എന്തെങ്കിലും ഔദാര്യം ആ സ്ത്രീക്ക് ചെയ്തുകൊടുത്തുവോ?
ഇനി അതുമല്ലെങ്കില്‍ അവരെ തന്റെ അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തിയൊ? ഇങ്ങിനെയെന്തെങ്കിലുമാണെങ്കില്‍ മറുതലക്കല്‍ സംസാരിച്ചു എന്നു പറയപ്പെടുന്ന സ്ത്രീ ഒരു പരാതികൊടുത്തിരുന്നെങ്കില്‍ അത് മുന്‍ നിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുകയൊ നിയമപരമായി നേരിടുകയൊ ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്.
ഇതിനു പകരം കുളിമുറിയില്‍ ക്യാമറ വെയ്ക്കുന്നതാണു മാധ്യമപ്രവര്‍ത്തനം എന്ന് കരുതുന്ന പീറകളെ ഭയന്നു 'എന്നാല്‍ ഞാന്‍ രാജിവെക്കുന്നു ' എന്ന് പറയുന്ന ഒരു മന്ത്രിയെക്കുറിച്ചാണു നമ്മള്‍ സങ്കടപ്പെടേണ്ടത്. ആ രാജി സ്വീകരിക്കതിരിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കുംഎന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇല്ലെങ്കില്‍ അത് വാനര സേനകള്‍ നടപ്പിലാക്കുന്ന സദാചാര ഗുണ്ടായിസത്തിനു പച്ചക്കൊടി കാണിക്കലാവും എന്നുകൂടി പറയട്ടെ. ഒരു ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുന്നത് ഇമ്മാതിരി കുളിമുറി ക്യാമറകൊണ്ടാണെങ്കില്‍ പ്രേക്ഷകര്‍ക്ക് നാളെ കക്കൂസ് ദ്രുശ്യങ്ങളൂം ലഭ്യമാകും എന്നതു തീര്‍ച്ച. മലയാളീ ഇതൊക്കെയേ അര്‍ഹിക്കുന്നുള്ളൂ ഈ ആരാന്റെ കക്കൂസ് അത് നല്‍കാന്‍ റെഡിയായി ഇമ്മാതിരി മാധ്യമങ്ങളും.

https://www.facebook.com/Malayalivartha

























