ഗായിക രഞ്ജിനി ജോസിനും ചിലത് പറയാനുണ്ട്...

ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ട് പാട്ടിന്റെ ലോകത്തെത്തിയ ഗായികയാണ് രഞ്ജിനി ജോസ്. പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ മലയാള സിനിമയിൽ അരങ്ങേറ്റംകുറിച്ച രഞ്ജിനി വളരെ വേഗത്തിൽത്തന്നെ ഗായികയായി വളരുകയായിരുന്നു. അടിപൊളി ഗാനങ്ങളും മെലഡിയും ഒരുപോലെ വഴങ്ങുമെന്നത് രഞ്ജിനിയുടെ ഒരു പ്രത്യേകതയാണ്. താനൊരു ഗായിക മാത്രമല്ല നല്ലൊരു അഭിനേത്രിയാണെന്നും രഞ്ജിനി തെളിയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പാട്ടിനോടാണ് രഞ്ജിനിക്ക് താൽപ്പര്യം. വലിയ കണ്ണുകളുള്ള പേരക്കുട്ടി വരും കാലത്ത് വലിയൊരു ഗായികയാകുമെന്ന് മനസിലുറപ്പിച്ചാണ് മുത്തശ്ശി തന്റെ പേരക്കുട്ടിക്ക് രഞ്ജിനി എന്ന് പേരിട്ടത്. ഒടുവിൽ മുത്തശ്ശിയുടെ സ്വപ്നം യാഥാർഥ്യമായി. രഞ്ജിനി പ്രശസ്തയായ ഗായികയായി.
"മുത്തശ്ശിക്ക് പത്തു മക്കളാണ്. എന്റെ അമ്മ സി.കെ. ജയലക്ഷ്മി മുത്തശ്ശിയുടെ നാലാമത്തേതാണ്. അമ്മയും അമ്മൂമ്മയും പാട്ടുകാരായിരുന്നു. രഞ്ജിനി പറഞ്ഞു തുടങ്ങി. പാടിത്തുടങ്ങിയതെന്നാണെന്ന് ചോദിച്ചാൽ രഞ്ജിനി പറയും സത്യമായും എനിക്കറിയില്ല. അമ്മ റെക്കാഡിംഗിന് പോകുമ്പോൾ തന്നെ കൊണ്ടുപോയിരുന്ന ചെറിയ ഓർമ്മ മനസിലുണ്ട്. അമ്മ പാടുമ്പോൾ കൺസോളിൽ ഞാനുമുണ്ടാകും. കരയാതെ ഞാൻ അമ്മയുടെ പാട്ട് കേട്ടിരിക്കും. വീട്ടിലാണെങ്കിൽ പോലും ഞാൻ കരഞ്ഞാൽ അച്ഛനോ അമ്മയോ പാട്ട് വച്ച് തരുമായിരുന്നു. പാട്ട് കേൾക്കുമ്പോൾ സ്വിച്ചിട്ട പോലെ ഞാൻ കരച്ചിൽ നിറുത്തുമായിരുന്നു.
സുജാതച്ചേച്ചിക്ക് പതിവായി ട്രാക്ക് പാടിയിരുന്നത് ഞാനാണ്. സിനിമയിലും സുജാതചേച്ചിക്ക് വേണ്ടി ട്രാക്ക് പാടിയിട്ടുണ്ട്. ഒരിക്കൽ ജാനകി അമ്മയ്ക്ക് വേണ്ടി ട്രാക്ക് പാടി. എന്റെ പാട്ട് കേട്ടിട്ട് നന്നായിട്ടുണ്ടെന്ന് ജാനകി അമ്മ പറഞ്ഞ വാക്കുകൾ ജീവിതത്തിൽ ലഭിച്ച ആദ്യ അംഗീകാരവും അനുഗ്രഹവുമാണ്. ഇളയരാജ സാറിന്റെ സംഗീതത്തിൽ പാടിയതാണ് മറക്കാൻ പറ്റാത്ത മറ്റൊരനുഭവം. റെക്കാഡിംഗിന്റെ തലേ ദിവസം സത്യം പറഞ്ഞാൽ എനിക്കുറങ്ങാനേ പറ്റിയില്ല. പ്രസാദ് സ്റ്റുഡിയോയിൽ രാവിലെ ചെന്നപ്പോൾ രാജാസാർ ഒരു കീർത്തനം പാടാൻ പറഞ്ഞു. ഞാൻ കണ്ണടച്ച് ഒരു കീർത്തനം പാടി.
രാജാസാറിന്റെ മുഖത്ത് നോക്കിയാൽ ആകെ ടെൻഷനാകും. അതാണ് ഞാൻ കണ്ണടച്ച് പാടാൻ കാരണം. കണ്ണ് തുറന്ന് രാജാ സാറിന്റെ മുഖത്തെ ചിരി കണ്ടപ്പോൾ സമാധാനമായി. പൊന്മുടിപ്പുഴയോരത്ത് എന്ന സിനിമയിൽ രാജാസാറിന്റെ ഈണത്തിൽ അമ്മയെന്ന വാക്ക് കേട്ട്..എന്ന പാട്ടാണ് പാടിയത്. മലയാളമറിയാത്ത ഗായികമാരെക്കൊണ്ട് പാടിക്കുന്നു, മലയാളി ഗായികമാരെ നമ്മുടെ സംഗീത സംവിധായകർ തഴയുന്നു എന്ന മട്ടിലുള്ള പരാതികളൊന്നും രഞ്ജിനിക്കില്ല. നമുക്ക് കിട്ടേണ്ടത് നമുക്ക് തന്നെ കിട്ടും. എപ്പോഴാണ് നമ്മുടെ തലവര മാറുന്നതെന്ന് പറയാൻ പറ്റില്ല. അടിപൊളിയും മെലഡിയും ഒരുപോലെ വഴങ്ങുന്ന ഗായികയാണ് രഞ്ജിനി. അപരിചിതനിലെ മാസം... മാസം..., റെഡ് ചില്ലീസിലെ മഴ പെയ്യണ്.... എന്നീ പാട്ടുകൾ തന്നെ ഉദാഹരണം. പാടുകയെന്നത് നമ്മുടെ ജോലിയാണ്. എന്റെ കഴിവിനെ ഇവിടത്തെ സംഗീത സംവിധായകർ പൂർണമായി ഉപയോഗിച്ചിട്ടില്ലെന്ന് പരാതി പറയുന്നതിൽ കാര്യമില്ല. ഓരോ പാട്ടും ആരെക്കൊണ്ട് പാടിക്കണമെന്നത് സംഗീത സംവിധായകരുടെ ഇഷ്ടമാണ്.
പാട്ടിനിടയിൽ അഭിനയം യാദൃച്ഛികമായി സംഭവിച്ചതാണ്. റെഡ് ചില്ലീസ്, ദ്രോണ, ഒടുവിൽ അഭിനയിച്ചത് ബഷീറിന്റെ പ്രേമലേഖനത്തിൽ ആണ്. അടിസ്ഥാനപരമായി ഞാനൊരു ഗായികയാണ്. അഭിനയം എന്റെ പ്രൊഫഷനല്ല. പാട്ടുകാരിയായിത്തന്നെ തുടരാനാണ് ആഗ്രഹം. ഒരു ഗായികയെന്ന നിലയ്ക്ക് ഗാനമേളകളും സ്റ്റേജ് ഷോകളും തരുന്ന ആത്മവിശ്വാസം ചെറുതല്ല. അവിടെ നമുക്ക് ഇഷ്ടമുള്ള പാട്ടുകൾ പാടാം. സ്വന്തമായി ഒരു ബാൻഡ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്. സത്യത്തിൽ ബാൻഡ് തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗികമായ ലോഞ്ചും പേരുമായിട്ടില്ലെന്നേയുള്ളൂ. ആദ്യ ഷോ യു.എസിലോ യു.കെയിലോ ആകാനാണ് സാദ്ധ്യത. പതിമ്മൂന്ന് കൊല്ലം കഴിയുന്നു ഞാൻ സ്റ്റേജ് ഷോകൾ ചെയ്യാൻ തുടങ്ങിയിട്ട്.
എം.ജി.ശ്രീകുമാറേട്ടനൊപ്പമായിരുന്നു തുടക്കം. അച്ഛൻ ബാബു ജോസ് സിനിമാ നിർമ്മാതാവാണ്. രാസലീല, അങ്കച്ചമയം, ബലപരീക്ഷണം, എവിഡൻസ് തുടങ്ങി ഒരുപാട് സിനിമകൾ അച്ഛൻ നിർമ്മിച്ചിട്ടുണ്ട്. തോമസ് പിക്ചേഴ്സ് എന്ന ബാനറായിരുന്നു ആദ്യം. പിന്നീട് ദിവ്യരഞ്ജിനി ക്രിയേഷൻസ് എന്ന ബാനർ തുടങ്ങി. താൻ ബുദ്ധികൊണ്ടല്ല മനസുകൊണ്ടാണ് ആൾക്കാരോട് ഇടപഴകുന്നതെന്ന് രഞ്ജിനി പറയും. ഒരുപാട് സെൻസിറ്റീവായതു കൊണ്ട് പെട്ടെന്ന് ദേഷ്യം വരും. പക്ഷേ കാര്യമില്ലാത്ത കാര്യത്തിന് ദേഷ്യപ്പെടാറില്ല. എന്തിനെയും ചിരിച്ച മുഖത്തോടെ പോസിറ്റീവായി സമീപിച്ച് ഹാപ്പി ഗോലക്കിയായി പോകാനാണിഷ്ടം. പക്ഷേ അരുതാത്തത് കണ്ടാൽ ചോര തിളയ്ക്കും, പ്രതികരിക്കുകയും ചെയ്യും".
https://www.facebook.com/Malayalivartha