ലൊക്കേഷനില്‍ സെക്യൂരിറ്റി ഉള്ളപ്പോള്‍ ദിലീപ് തണ്ടര്‍ഫോഴ്‌സിനെ ആശ്രയിച്ചതില്‍ സിനിമാക്കാര്‍ക്കും ആശങ്ക

സിനിമയില്‍ ബോഡിഗാഡായി അഭിനയിച്ചിട്ടുള്ള ദിലീപ് അവസാനം സ്വന്തംസുരക്ഷയ്ക്ക് ബോഡിഗാഡിനെ ഏര്‍പ്പെടുത്തിയത് കൗതുകമായി. എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിര്‍മാതാവിന്റെ ചെലവില്‍ സുരക്ഷാ ജീവനക്കാരെ ഏര്‍പ്പെടുത്തുമ്പോള്‍ ദിലീപ് തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യസുരക്ഷാ ഏജന്‍സിയെ ആശ്രയിച്ചതില്‍ സിനിമാക്കാര്‍ക്ക് ആശങ്കയുണ്ട്. സാധാരണ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലാണ് താരങ്ങള്‍ ബോഡിഗാര്‍ഡുകളെ കൊണ്ടുനടക്കുന്നത്. ആരാധകരുള്‍പ്പെടെയുള്ളവരുടെ ശല്യവും ഒറ്റപ്പെട്ട അക്രമ സംഭവങ്ങളില്‍ നിന്ന് രക്ഷപെടാനുമാണിത്. പക്ഷെ, മലയാളത്തില്‍ അങ്ങനെ സംഭവങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. താരങ്ങളോട് മാന്യമായാണ് ജനം പെരുമാറുന്നത്. അതുകൊണ്ടാണ് തിരക്കേറിയ റോഡുകളില്‍ പോലും സൂപ്പര്‍താരങ്ങള്‍ ചിത്രീകരണത്തിന് തയ്യാറാവുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിളിന്റെ ഭൂരിഭാഗവും റോഡിലാണ് ചിത്രീകരിക്കുന്നത്.
ദിലീപിന്റെ കൂടെ അംഗരക്ഷകരും ലൊക്കേഷനിലെത്തിയാല്‍ താരത്തിന്റെ നിയന്ത്രണം അവരുടെ പിടിയിലാകും. ഇതോടെ സംവിധായകനുള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ക്ക് താരവുമായി സ്വതന്ത്രമായി ഇടപഴകാനാവില്ല. ഇത് ചിത്രീകരണത്തെയും മറ്റ് അഭിനേതാക്കളും ദിലീപും തമ്മിലുള്ള രസതന്ത്രത്തെയും ബാധിക്കും. അതേസമയം സുരക്ഷയ്‌ക്കെത്തുന്നവരുടെ താമസവും മറ്റ് ചെലവുകളും തങ്ങള്‍ വഹിക്കേണ്ടിവരുമോ എന്ന ആശങ്ക നിര്‍മാതാക്കള്‍ക്കുണ്ട്. എങ്കിലത് ഭാരിച്ച ബാധ്യതയാകും. ദിലീപ് താമസിക്കുന്ന സ്റ്റാര്‍ ഹോട്ടലില്‍ വേണം സെക്യൂരിറ്റിക്കാര്‍ക്കും താമസവും ഭക്ഷണവും നല്‍കാന്‍. അടുത്തിടെ ഇറങ്ങിയ ദിലീപ് സിനിമകളില്‍ രാമലീല മാത്രമാണ് നിര്‍മാതാവിന് നേട്ടം ഉണ്ടാക്കിയത്.
തിരുവനന്തപുരം സ്വദേശിയായ ദാസ് ഉള്‍പ്പെടെയുള്ള പത്തോളം പേര്‍ വര്‍ഷങ്ങളായി സിനിമയില്‍ സെക്യൂരിറ്റി ജോലി നോക്കുന്നുണ്ട്. താരങ്ങളുടെ സ്വകാര്യചടങ്ങുകളില്‍ പോലും ദാസ് സെക്യൂരിറ്റിയായി പോകാറുണ്ട്. എന്നാല്‍ അടുത്തകാലത്തായി താരങ്ങള്‍ പോകുന്ന ജിമ്മികളിലെ ചില യുവാക്കളെ സിനിമകളുടെ ലൊക്കേഷനില്‍ സുരക്ഷയ്ക്കായി എത്തിക്കാറുണ്ട്. അവര്‍ക്കൊക്കെ പ്രത്യേക യൂണിഫോമും ഐഡന്റിറ്റികാര്‍ഡും നല്‍കുന്നുണ്ട്. താരങ്ങളുടെ സമയം അനുസരിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും.
എന്നാല്‍ തനിക്കെതിരെ ജനവികാരം ശക്തമാണെന്ന് മനസിലാക്കിയാണ് ദിലീപ് പ്രത്യേകം സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് സിനിമാക്കാര്‍ പറയുന്നു. ജാമ്യംകിട്ടിയപ്പോഴും അതിന് മുമ്പ് ഫാന്‍സ് റാലി നടത്തിയപ്പോഴും ഫാന്‍സിനെയും മറ്റ് ചിലരെയും വാടയ്‌ക്കെടുത്താണ് ജനവികാരം അനുകൂലമാണെന്ന് വരുത്തിത്തീര്‍ത്തത്. അതിനാല്‍ എവിടെയെങ്കിലും വെച്ച് ആരെങ്കിലും കല്ലോ, ചീമുട്ടയോ എറിഞ്ഞാല്‍ അത് വലിയ നാണക്കേടാവും. ഇമേജിനെ തന്നെ ബാധിക്കും. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമാണ് താരത്തിന്റെ ആരാധകര്‍. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് ഇങ്ങിനെയൊരു തീരുമാനം എടുത്തത്.
https://www.facebook.com/Malayalivartha