താരമാക്കിയ ചക്രവര്‍ത്തിയെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി; സീമയെ ആശ്വസിപ്പിച്ചു

തന്നെ താരമാക്കിയ സംവിധായകന്‍ ഐ.വി ശശിയെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി. അദ്ദേഹത്തിന്റെ ഭാര്യയും തന്റെ പഴയകാല നായികയുമായിരുന്ന സീമയെ ആശ്വസിപ്പിച്ചു. നടന്‍ സിദ്ധിഖിനൊപ്പം കോഴിക്കോട്ടെ സിനിമാ ലൊക്കേഷനില്‍ നിന്ന് ഇന്ന് രാവിലെയാണ് മമ്മൂട്ടി ചെന്നൈയ്ക്ക് പറന്നത്. മമ്മൂട്ടിക്ക് ശ്രദ്ധേയമായ നായകവേഷം ലഭിച്ച തൃഷ്ണ ഐ.വി ശശിയുടെ സംവിധാനത്തിലാണ് ഒരുങ്ങിയത്. രതീഷിനെ നായകനാക്കി പ്ലാന്‍ ചെയ്ത സിനിമ മമ്മൂട്ടിയിലെത്തുകയായിരുന്നു. തുടക്കകാലത്ത്, മമ്മൂട്ടിക്ക് തീരെ അഭിനയിക്കാനറിയില്ലെന്ന് ഐ.വി ശശി പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നിട്ടും തന്റെ ചിത്രങ്ങളില്‍ നിന്ന് മമ്മൂട്ടി എന്ന യുവതാരത്തെ ഒഴിവാക്കിയില്ല.
ഐ.വി ശശി ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളില്‍ അഭിനയിച്ച് തഴക്കവും പഴക്കവും വന്ന മമ്മൂട്ടി, മികച്ച നടനാണെന്ന് പിന്നീട് ഐ.വി ശശി പരസ്യമായി പ്രഖ്യാപിച്ചു. നാട്ടിന്‍പുറത്തെയും നഗരത്തിന്റെ ഓരങ്ങളിലും ജീവിച്ചിരുന്ന നിരവധി കഥാപാത്രങ്ങളെ മമ്മൂട്ടിയെക്കൊണ്ട് ഐ.വി ശശി അഭിനയിപ്പിച്ചു. കരിമ്പിന്‍ പൂവിനക്കരെ, ഇടനിലങ്ങള്‍, വാര്‍ത്ത, അനുബന്ധം, അടിമകള്‍ ഉടമകള്‍, ആവനാഴി, 1921, ന്യായം, കാണാമറയത്ത്, ആള്‍ക്കൂട്ടത്തില്‍ തനിയെ, അതിരാത്രം അങ്ങനെ എത്രയെത്ര സൂപ്പര്‍ഹിറ്റുകള്‍. മമ്മൂട്ടിയെ സൂപ്പര്‍താരമായി വളര്‍ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അതിരാത്രം എന്ന സിനിമയിലെ താരാദാസ് എന്ന അധോലോക നായകനിലൂടെ മമ്മൂട്ടിയുടെ സ്റ്റാര്‍ഡം ഉറപ്പിക്കുകയായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ ആദ്യകാല ശക്തമായ പൊലീസ് വേഷമായ ഇന്‍സ്‌പെക്ടര്‍ ബല്‍റാമും സമ്മാനിച്ചത് ഈ സംവിധായകനാണ്. പിന്നീട് ഈ രണ്ട് കഥാപാത്രങ്ങളെയും കോര്‍ത്തിണക്കി ബെല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രവും ഐ.വി ശശി ഒരുക്കി.
ഐ.വി ശശി, മമ്മൂട്ടി, ടി.ദാമോദരന്‍ കൂട്ടുകെട്ട് എണ്‍പതുകളുടെ തുടക്കം മുതല്‍ അവസാനം വരെ മലയാളസിനിമയെ പിടിച്ചുനിര്‍ത്തിയ വാണിജ്യ ഘടകമായിരുന്നു. സാമൂഹ്യവിഷയങ്ങള്‍ ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെയും ജീവിതപരിസരങ്ങളിലൂടെയും ഇവര്‍ അവതരിപ്പിച്ചു. ആ സിനിമകള്‍ തിയറ്ററുകളില്‍ തിരയിളക്കം സൃഷ്ടിച്ചു. മമ്മൂട്ടിക്ക് ഇത്രയഥികം വൈവിധ്യമായ വേഷങ്ങള്‍ നല്‍കിയ സംവിധായകനും ഐ.വി ശശി തന്നെ. മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുടെ ആദ്യത്തെ ബിംബമായ മമ്മൂട്ടിയെ വാണുണ്ണി എന്ന വിരൂപനായ വേട്ടക്കാരനാക്കിയതും ഐ. വി ശശി എന്ന ക്രാഫ്റ്റ്മാന്‍ തന്നെ.
https://www.facebook.com/Malayalivartha