നടി തൊടുപുഴ വാസന്തിയുടെ വലത് കാല്‍ മുറിച്ചു; കാന്‍സറും കീഴടക്കുന്നു, സഹായത്തിനായി അമ്മയെ സമീപിച്ചു; എക്‌സിക്യൂട്ടീവ് ചേര്‍ന്നാലേ തീരുമാനം ഉണ്ടാവൂ, സംഘടനയില്‍ നിന്ന് പുറത്താക്കിയ ദിലീപിനെ രക്ഷിക്കാന്‍ പലരും നെട്ടോട്ടം ഓടുമ്പോഴാണ് ഈ കലാകാരി മരണത്തോട് മല്ലടിക്കുന്നത്.

എഴുപതുകളുടെ പകുതി മുതല്‍ മലയാളസിനിമയില്‍ സജീവ സാനിധ്യമായിരുന്ന നടി തൊടുപുഴ വാസന്തി ജീവിതയാത്രയുടെ അവസാനം ദുരിതാവസ്ഥയിലാണ്. ആദ്യം പ്രമേഹവും പിന്നീട് അര്‍ബുദവും ഈ കലാകാരിയുടെ ജീവിതത്തില്‍ വില്ലനായെത്തി. പ്രമേഹം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് വലതുകാല്‍ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റേണ്ടിവന്നു. അടുത്തിടെ കുളിമുറിയില്‍ തെന്നിവീണ് ഇടത് കാല്‍ ഒടിയുകയും ചെയ്തു. ഈ കാലിനിപ്പോള്‍ ബലക്കുറവുണ്ട്. അങ്ങനെ ദുരിതങ്ങളുടെ പെരുമഴയാണ് വാസന്തിയുടെ ജീവിതത്തില്‍ പെയ്തുകൊണ്ടിരിക്കുന്നത്. താരസംഘടനയായ അമ്മയില്‍ നിന്ന് മാസന്തോറും ലഭിക്കുന്ന കൈനീട്ടമായ 5000 രൂപമാത്രമാണ് ആശ്വാസം. ചികില്‍സയ്ക്കും മറ്റ് കാര്യങ്ങള്‍ക്കുമായി സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഈ കലാകാരി അമ്മയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. അടുത്ത എക്‌സിക്യൂട്ടീവ് യോഗം ഇത് സംബന്ധിച്ച് തീരുമാനം എടുക്കും.
എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമുണ്ടായ സംഭവവികാസങ്ങളും ദിലീപിനെ പുറത്താക്കിയതും അടക്കമുള്ള കാര്യങ്ങള്‍ നിലനില്‍ക്കെ അടുത്തകാലത്തെങ്ങും എക്‌സിക്യൂട്ടീവ് ചേരാന്‍ സാധ്യതയില്ല. ദിലീപിനെ രക്ഷിക്കാന്‍ ഓടിനടക്കുന്നവര്‍ വാസന്തിയെ വിളിക്കാന്‍ പോലും തയ്യാറാകുന്നില്ല. സൂപ്പര്‍താരങ്ങളടക്കമുള്ളവര്‍ വാസന്തിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആരും തിരിഞ്ഞ് നോക്കുന്നില്ല. നടക്കാന്‍ കഴിയാത്തതിനാല്‍ വീല്‍ചെയറിലിരുത്തിയാണ് വാസന്തിയെ ആശുപത്രിയിലെത്തിക്കുന്നത്. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലാണ് ക്യാന്‍സര്‍ ചികില്‍സ നടത്തുന്നത്. റേഡിയേഷനും കീമോ തെറാപ്പിയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. പണം ഏറെ ആവശ്യമാണ്. തൊടുപുഴ മണക്കാട് എന്ന പ്രദേശത്ത് സഹോദരന്‍മാര്‍ക്കൊപ്പമാണ് വാസന്തി താമസിക്കുന്നത്. ഏക ആശ്രയം ഇവരാണ്. സഹോദരി ആഹാരം കഴിക്കുന്നത് ട്യൂബിലൂടെയാണെന്ന് ഇവര്‍ പറയുന്നു.
വാസന്തിക്ക് താമസിക്കാതെ ഒരു സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അത് നടന്നാല്‍ വേദനയില്‍ നിന്ന് അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കും. ഐ.വി ശശിയുടെയും എം.ടിയുടെയും മിക്ക സിനിമകളിലും ശക്തമായ വേഷങ്ങളാണ് വാസന്തി ചെയ്തിട്ടുള്ളത്. ഏറ്റവും അവസാനം കഴിഞ്ഞ വര്‍ഷം ഇത് താണ്ട പൊലീസ് എന്ന സിനിമയിലാണ് അഭിനയിച്ചത്. പിന്നീട് രോഗം കൂടുതലായി. അമ്മയുടെ മീറ്റിംഗുകളില്‍ പോലും പങ്കെടുക്കാനാകാതായി. സുമനുസകള്‍ സഹായിക്കണമെന്ന് സഹോദരന്‍മാര്‍ ആവശ്യപ്പെടുന്നു. സര്‍ക്കാരില്‍ നിന്ന് ഇതുവരെ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha