അവസാനമായി പ്രിയ കൂട്ടുകാരന് സ്റ്റീഫൻ ദേവസ്സിയും കൂട്ടുകാരും അർപ്പിച്ചത് സംഗീതം കൊണ്ടുള്ള യാത്രാമൊഴി... ഉറ്റവരുടെ കണ്ണീരിനൊപ്പം ലക്ഷ്മിയെയും ബാലുവിനെയും ഒന്നിപ്പിച്ച ആ മഴ ബാലുവിന്റെ വിലാപയാത്രയിലും പെയ്തൊഴുകി

അവസാനമായി പ്രിയ കൂട്ടുകാരന് സ്റ്റീഫൻ ദേവസ്സിയും കൂട്ടുകാരും അർപ്പിച്ചത് സംഗീതം കൊണ്ടുള്ള യാത്രാമൊഴി. ഉറ്റവരുടെ കണ്ണീരിനൊപ്പം ലക്ഷ്മിയെയും ബാലുവിനെയും ഒന്നിപ്പിച്ച ആ മഴ ബാലുവിന്റെ വിലാപയാത്രയിലും പെയ്തൊഴുകി. കലാഭവൻ തീയേറ്ററിലെ പൊതുദർശന ചടങ്ങിൽ സ്റ്റീഫൻ ദേവസ്സിയും റോജോയും രജിത്തും വില്യമും പാച്ചുവും ശിവകുമാറുമടങ്ങുന്ന സുഹൃത്ത്സംഘം ബാലഭാസ്കറിന് അർപ്പിച്ചത് സംഗീതം സപര്യയാക്കിയ മനുഷ്യന് നൽകാവുന്ന ഉചിതമായ യാത്രാമൊഴി. ഇന്നലെ വൈകിട്ട് നാലോടെയാണ് മൃതദേഹം കലാഭവനിൽ എത്തിച്ചത്.
രണ്ടു മണിക്കൂറോളം നീണ്ട പൊതുദർശന ചടങ്ങിന് പിന്നണിയായി വയലിനും കീബോർഡിലും കൂട്ടുകാർ തീർത്തത് ആയിരം കണ്ണുമായ്, കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി, ഉയിരേ, സ്നേഹിതനേ തുടങ്ങി ബാലുവിന്റെ പ്രിയ ഈണങ്ങൾ. വയലിനിൽ റോജോയും കീബോർഡിൽ സ്റ്റീഫനും. ശോകച്ഛായയിലുള്ള സംഗീതം അന്തരീക്ഷത്തെയാകെ കനത്ത മൗനത്തിന്റേതാക്കി മാറ്റി. ഒരുപാട് വേദികളിൽ വയലിനിലും കീബോർഡിലും വിസ്മയം തീർത്ത കൂട്ടുകെട്ടിലെ വയലിൻ തന്ത്രികൾ നിശ്ചലമായ യാഥാർത്ഥ്യം ഓർത്തപ്പോഴൊക്കെയും കീബോർഡ് വാദനത്തിനിടെ സ്റ്റീഫൻ തേങ്ങി. ഇടയ്ക്കിടെ കണ്ണുതുടച്ചുകൊണ്ടിരുന്നു. ഒടുവിൽ കരച്ചിലടക്കാൻ പാടുപെട്ട സ്റ്റീഫൻ തറയിലിരുന്ന് പൊട്ടിക്കരഞ്ഞു.
ഇത് കൂട്ടുകാരെയും കൂടി നിന്നവരെയുമാകെ കരച്ചിലിൽ എത്തിച്ചു. ആറു മണിയോടെ മൃതദേഹം തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോകാൻ കലാഭവനിൽ നിന്ന് പുറത്തെടുക്കുന്നതു വരെ സംഗീതാർച്ചന തുടർന്നു. മൃതദേഹം വാഹനത്തിലേക്ക് കയറ്റിയപ്പോൾ വയലിന്റെയും കീബോർഡിന്റെയും വിഷാദനാദം നിലച്ചു. പിന്നെ കൂട്ടുകാർ കെട്ടിപ്പിടിച്ച് കരഞ്ഞു. കലാഭവന്റെ മുറ്റത്തുനിന്ന് തോരാമഴയിൽ ജനിച്ച വീട്ടിലേക്ക് ബാലുവിന്റെ മടക്കയാത്ര. സെപ്റ്റംബര്‍ 25നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബാലഭാസ്‌കര്‍ (40) ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അന്തരിച്ചത്. സംസ്‌കാരം ഇന്നു രാവിലെ പതിനൊന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
https://www.facebook.com/Malayalivartha