ഇടനിലക്കാരെ എനിക്ക് ഇഷ്ടമല്ല, വിവാഹശേഷം ആരാധകരുമായി സംവദിക്കാൻ സ്വന്തം മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി പ്രിയാമണി...

ആരാധകരുമായി സംവദിക്കാൻ സ്വന്തമായ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി തെന്നിന്ത്യന്‍ താരം പ്രിയാമണി. അമേരിക്ക ആസ്ഥാനമായ ഐടി കമ്പനിയാണ് ആപ‌് രൂപകല്പന ചെയ്തത്. പ്രേക്ഷകരുമായി ഇടനിലക്കാരില്ലാതെ സംവദിക്കാനും ആശയക്കൈമാറ്റത്തിനുമാണ് ആപ‌് തയ്യാറാക്കിയതെന്ന് നടി പറഞ്ഞു. സല്‍മാന്‍ ഖാന്‍, സോനം കപൂര്‍, ആലിയ ഭട്ട്, അമി ജാക്സണ്‍ തുടങ്ങി വിരലില്‍ എണ്ണാവുന്ന ബോളിവുഡ് താരങ്ങള്‍ക്കുമാത്രമാണ് നിലവില്‍ ആപ‌് ഉള്ളത്.
വ്യവസായിയായ മുസ്തഫ രാജുവിനെ കഴിഞ്ഞവര്‍ഷം വിവാഹംചെയ‌്ത ശേഷവും അഭിനയരംഗത്ത് പ്രിയാമണി സജീവമാണ്. തെന്നിന്ത്യന്‍ ടെലിവിഷനുകളിലെ നൃത്തസംബന്ധിയായ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായ പ്രിയാമണി വെബ് സീരിയലുകളിലും രംഗപ്രവേശം ചെയ്തു. മനോജ് ബാജ്പേയിക്ക് ഒപ്പമുള്ള വെബ് സീരിസ് ദ ഫാമിലിമാനില്‍ അഭിനയിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ആമസോണ്‍ പ്രൈംവീഡിയോസില്‍ ഇവ ലഭ്യമാകും.
മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചെങ്കിലും തെന്നിന്ത്യയില്‍ തട്ടുപൊളിപ്പന്‍ മസാല ചിത്രങ്ങളിലും നിരൂപകശ്രദ്ധ നേടിയ ചിത്രങ്ങളിലും അവര്‍ ഒരുപോലെ പങ്കാളിയായി. അവാര്‍ഡ് കിട്ടിയതിന്റെ പേരില്‍ കച്ചവടസിനിമകള്‍ ഒഴിവാക്കാന്‍ പറ്റില്ലെന്ന ഉറച്ച നിലപാട് എടുത്ത നടി തെലുങ്കിലും കന്നടയിലും സൂപ്പര്‍ഹിറ്റുകളില്‍ പങ്കാളിയായി. മലയാളത്തില്‍ ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തെലുങ്ക്, കന്നട ചിത്രങ്ങളിലാണ് കൂടുതല്‍ സജീവം.
രാജമൗലിയുടെ യമഗൊണ്ട, രഞ്ജിത്തിന്റെ തിരക്കഥ തുടങ്ങിയ ചിത്രങ്ങള്‍ തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു. മണിരത്നത്തിന്റെ രാവണിലൂടെ ഹിന്ദിയിലും അരങ്ങേറി. രാംഗോപാല്‍ വര്‍മയുടെ രക്തചരിത്രയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാല്‍, ഷാരൂഖിന്റെ ചെന്നൈ എക്സ്പ്രസിലെ ഐറ്റം നൃത്തമാണ് പ്രിയാമണിയെ ബോളിവുഡ് പ്രേക്ഷകരില്‍ സുപരിചിതയാക്കിയത്. പ്രകാശ് രാജ് സംവിധാനംചെയ്ത മന ഊരി രാമയണ എന്ന കന്നട ചിത്രം നിരവധി പുരസ്കാരം നേടിക്കൊടുത്തു.
https://www.facebook.com/Malayalivartha