ആകാശത്തോളം ഉയർന്നു നിന്ന ഞാൻ ആ പെൺകുട്ടിയുടെ ചോദ്യം കേട്ട് ഒറ്റയടിക്ക് തറയിൽ വീണപോലെ ആയി; ഹാസ്യസാമ്രാട്ടിനെ കുഴക്കിയ ചോദ്യം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

മലയാള ചലച്ചിത്ര വേദിയിൽ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങിയ ആളാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി വേദികളിലൂടെ മലയാള സിനിമയിലേയ്ക്ക് കാലെടുത്തു വച്ച സുരാജിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനാവുകയായിരുന്നു. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ സുരാജിനെ പ്രേക്ഷകർ ഒന്നടങ്കം നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. സുരാജെന്ന അതുല്യ പ്രതിഭയ്ക്കുണ്ടായ ഒരു രസകരമായ സംഭവമാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിലടക്കം ചർച്ച ചെയ്യുന്നത്.
കുറച്ചു വർഷങ്ങൾ മുൻപായിരുന്നു സംഭവം. ചെറിയ വേഷങ്ങൾ സീരിയലിൽ ചെയ്തതിന്റെ പേരിൽ നാട്ടിലൊരു താര പരിവേഷമൊക്കെ സുരാജിന് ലഭിച്ച സമയം. അങ്ങനെ ഉദ്‌ഘാടന പരിപാടികളിലേക്കൊക്കെ സുരാജിനും ക്ഷണം ലഭിച്ചു .
ആ കാലഘട്ടത്തിൽ തനിക്ക് നേരിടേണ്ടി വന്ന ഒരു രസകരമായ സംഭവം സുരാജ് ഈ അടുത്ത കാലത്ത് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയുണ്ടായി. നെയ്യാറ്റിൻകരയ്ക്ക് സമീപം ഒരു ട്യൂട്ടോറിയൽ കോളേജിൽ പരിപാടിയ്ക്ക് ആയി പോയ തന്റെ അരികിലേക്ക് ഓട്ടോഗ്രാഫ് വാങ്ങാൻ ഒരു സുന്ദരിയായ പെൺകുട്ടി വന്നതും തുടർന്ന് ഉണ്ടായ രസകരമായ നിമിഷങ്ങളും സുരാജ് തന്നെ വിവരിക്കുന്നത് ഇങ്ങിനെ..,
“സെല്ഫി പ്രചാരത്തിൽ വരുന്നതിന് മുൻപ് താരങ്ങളുടെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങുന്നത് ആയിരുന്നല്ലോ ട്രെൻഡ്. അന്ന് അവിടെ മനോഹരിയായ ഒരു പെൺകുട്ടി എന്റടുത്തേക്ക് ഓട്ടോഗ്രാഫും ആയി വന്നപ്പോൾ ഒരുപാട് സന്തോഷവും ഞാനും പത്താളുകൾ അറിയുന്ന ഒരൂ താരമായല്ലോ എന്ന ഒരു ചെറിയ അഹങ്കാരവും ഒക്കെ മനസിൽ തോന്നി. അതുകൊണ്ട് തന്നെ ഒപ്പിട്ട് കൊടുക്കുന്നതിനിടയിൽ സ്വല്പ്പം ജാഡയോട് കൂടി തന്നെ കുട്ടിയുടെ പേരെന്താ എന്നു ഞാൻ അവളോട് ചോദിച്ചു. പിന്നീട് നടന്നതൊക്കെ ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരുന്നു. അവൾ എനിക്ക് തിരുവനന്തപുരത്തെ ലോക്കൽ ഭാഷയിൽ ഒരു മറുപടി തന്നു.”
‘ന്റെ പേരംബിളി നിന്റെ പേരെന്തിര്?’
ആകാശത്തോളം ഉയർന്നു നിന്ന ഞാൻ ആ ഒരു സെന്റൻസോട് കൂടി ഒറ്റയടിക്ക് തറയിൽ വീണപോലെ ആയി.., കൂട്ടത്തിൽ ഞാൻ ഒരു സത്യവും മനസിലാക്കി അവിടെ ഓട്ടോഗ്രാഫ് വാങ്ങിയ്ക്കാൻ വന്ന അവർക്ക് ആർക്കും സത്യത്തിൽ ഞാൻ ആരാണെന്ന് പോലും അറിയില്ല എന്നുള്ള ഒരു വലിയ സത്യം..“.
https://www.facebook.com/Malayalivartha
























